| Saturday, 30th July 2022, 11:39 am

സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികപീഡന പരാതി; കൊയിലാണ്ടി പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. യുവ എഴുത്തുകാരി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു.

2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ മറ്റൊരു യുവതിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് തന്നെ കേസെടുത്തിരുന്നു. നിലവിലുള്ള ഈ ലൈംഗിക പീഡനാരോപണ കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതി.

30ാം തീയതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഈ കേസില്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.

കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടില്‍ അന്വേഷണസംഘം പലതവണ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല.

സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും പൊലീസ് പറയുന്നു. ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.

അതിനിടെ, കേസില്‍ ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖല ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഐ.ജി.യുടെ ഓഫീസിന് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയില്‍ നടപടി വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ 100 പേര്‍ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. വടകര ഡിവൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

അതേസമയം, സിവിക് ചന്ദ്രനെതിരായ പീഡന ആരോപണത്തില്‍ അന്വേഷണ സംഘം നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി അതിജീവിത രംഗത്തെത്തിയിരുന്നു.

പരാതി നല്‍കി 21 ദിവസമായിട്ടും നടപടിയില്ലെന്നും സിവിക് ചന്ദ്രനെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അധിക്ഷേപം നടക്കുന്നുണ്ടെന്നുമായിരുന്നു അധ്യാപികയും യുവ എഴുത്തുകാരിയുമായ പരാതിക്കാരി പറഞ്ഞത്.

പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നു, വൈദ്യപരിശോധനയും രഹസ്യമൊഴി രേഖപ്പെടുത്തുന്നതും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ല എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

Content Highlight: One more sexual allegation complaint against Civic Chandran, Koyilandy police registered case

We use cookies to give you the best possible experience. Learn more