ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ സ്ത്രീകളെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യു.പിയിലെ ബിജ്നോര്‍ ജില്ലയിലാണ് സംഭവം. ആഘോഷത്തിനിടയില്‍ മുസ്‌ലിം കുടുംബത്തില്‍ പെടുന്ന സ്ത്രീകളെ പ്രതികള്‍ മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികള്‍ സ്ത്രീകളെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ത്രീകളെ ആക്രമിച്ച കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്തവരും ഉള്‍പ്പെടുന്നുണ്ട്.
സെക്ഷന്‍ 147 (കലാപത്തിനുള്ള ശിക്ഷ), 341 (തെറ്റായ സംയമനത്തിനുള്ള ശിക്ഷ), 323 (മുറിവേല്‍പ്പിച്ചതിനുള്ള ശിക്ഷ), 504 (സമാധാന ലംഘനത്തിനുള്ള പ്രേരണ), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീയെ ആക്രമിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹോളി ആഘോഷത്തിനിടയിലൂടെ ഫാര്‍മസിയിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് നേരെയാണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. മര്‍ദനത്തിനിരയായ കുടുംബാംഗങ്ങളില്‍ ഒരാള്‍ മധ്യവയസ്‌കനും രണ്ട് പേര് സ്ത്രീകളുമായിരുന്നു.
പ്രതികള്‍ മൂവരുടെയും മുഖത്ത് ബലം പ്രയോഗിച്ച് കളര്‍ പൂശുകയും ബക്കറ്റില്‍ വെള്ളം നിറച്ച് ദേഹത്തേക്ക് ഒഴിക്കുകയും ചെയ്യുകയായിരുന്നു. സ്ത്രീകള്‍ ഇതിനെ പ്രതിരോധിച്ചെങ്കിലും വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണ് ഹോളിയെന്ന് പറഞ്ഞ് പ്രതികള്‍ അതിക്രമം തുടരുകയായിരുന്നു.
മര്‍ദനത്തിനൊടുവില്‍ ഹര ഹര്‍ മഹാദേവ്, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രതികള്‍ സ്ഥലത്തുനിന്ന് പോയെന്നും മുസ്‌ലിം കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.
മര്‍ദനത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ബിജ്നോര്‍ പൊലീസ് സംഭവത്തില്‍ നടപടിയെടുത്തു. കേസില്‍ അന്നു ശിശുപാല്‍ വര്‍മ എന്ന ഒരാളെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെയും നേരത്തെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
Content Highlight: One more person was arrested in the incident of beating women during Holi celebrations