| Sunday, 29th October 2023, 7:50 pm

കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കളമശ്ശേരി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുമാരി (53) ആണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് മരണം സ്ഥിരീകരിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുമാരി.

സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. 52 പേര്‍ക്കാണ് പൊള്ളലേറ്റിരുന്നത്. 17 പേരാണ് വിവിധ ആശുപത്രികളിലായി ഐ.സി.യുവില്‍ കഴിയുന്നത്. അതില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 95 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയുടെ നിലയിലാണ് കൂടുതല്‍ ആശങ്ക.

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. റിമോര്‍ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും ഇന്റര്‍നെറ്റ് മുഖേനയും അല്ലാതെയും വിവരങ്ങള്‍ ശേഖരിച്ചാണ് ഇയാള്‍ ബോംബ് നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ പഠിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഡൊമനിക് മാര്‍ട്ടിന് ചില മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്നുണ്ടെന്നും എന്നാല്‍ അത് പൊലീസ് കാര്യമാക്കുന്നില്ലെന്നും എന്താണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഡൊമനിക്കിനുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്റേതടക്കമുള്ള ചില ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇയാള്‍ തന്നെയാണ് പ്രതി എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.

ഡൊമനിക് മാര്‍ട്ടിന്‍ യഹോവ സഭയുടെ വിശ്വാസിയാണെന്നും സ്ഫോടനം നടത്തിയത് താനാണെന്ന് തെളിയിക്കുന്ന ചില തെളിവുകളും അദ്ദേഹം ഹാജരാക്കിയതായും എ.ഡി.ജി.പി പറഞ്ഞിരുന്നു. ഡൊമനിക് മാര്‍ട്ടിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതിന് ശേഷം മാത്രമേ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുകളിലേക്ക് പോകാന്‍ കഴിയൂ എന്നും എ.ഡി.ജി.പി അറിയിച്ചു.

യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രാവിലെ 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2400 ലേറെപ്പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു.

Content Highlight: One more person passed away after Kalamassery Convention Center blast

We use cookies to give you the best possible experience. Learn more