| Sunday, 3rd November 2024, 11:26 am

നീലേശ്വരം വെടിക്കെട്ട് അപകടം; പൊളളലേറ്റ ഒരാള്‍ കൂടി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട് മിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തില്‍ 60 ശതമാനത്തില്‍ അധികം രതീഷിന് പൊള്ളലേറ്റിരുന്നു.

നിലവില്‍ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. ഇന്നലെ രാത്രിയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) മരിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് വീരര്‍കാവ് ക്ഷേത്രത്തില്‍ അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ വെടിക്കെട്ടുപുരയ്ക്ക് തീപ്പിടിച്ച് 154 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് നടന്ന തെയ്യംകെട്ടലിനിടെയാണ് അപകടം നടന്നത്.

പൊള്ളലേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമായിരുന്നു. ഗുരുതര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് ഇപ്പോള്‍ മരിച്ചത്. വെടിക്കെട്ട് പുരയ്ക്ക് സമീപം നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

രാത്രി 12:30 യോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ തെയ്യത്തിന്റെ വെള്ളാട്ട് നടക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി വെടിക്കെട്ട് പുരയിലേക്ക് വീണ് തീപിടിക്കുകയായിരുന്നു.

സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബി.എന്‍.എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

അപകടം നടക്കുമ്പോള്‍ ക്ഷേത്രപരിസരത്ത് 1000ത്തിലധികം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പലര്‍ക്കും മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്. പൊട്ടിത്തെറിക്കിടയില്‍ ആളുകള്‍ ചിതറിയോടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റവര്‍ ധാരാളമുണ്ട്.

Content Highlight: One more person died of burn injuries in the firework incident at the Nileswaram

Latest Stories

We use cookies to give you the best possible experience. Learn more