പാലക്കാട്: അഗളിമലയിലെ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റുകൂടി കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ മണിവാസകമാണ് മരിച്ചത്.
തമിഴ്നാട് സ്വദേശിയാണ് മണിവാസകം. കബനീദളത്തിന്റെ പ്രധാനനേതാവാണ് ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച അഗളിയിലെ ഉള്‍വനത്തില്‍ നടന്ന തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ഏറ്റുമുട്ടലിലാണ് മണിവാസകത്തിനും പരിക്കേറ്റത്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരായിരുന്നു തിങ്കളാഴ്ച മരണപ്പെട്ടത്.
ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചാക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസ് വാദം. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല.
മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടര്‍ന്നാണ് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചില്‍ നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ