പനാമ സിറ്റി: പ്രമുഖര്‍ നടത്തിയ രഹസ്യ വിദേശ നിക്ഷേപങ്ങള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളില്‍ മറ്റൊരു മലയാളി കൂടി. റാന്നി സ്വദേശി ദിനേശ് പരമേശ്വരന്റെ പേരാണ് രേഖകളില്‍ ഉള്ളത്. ഗല്‍ഡിങ്ങ് ട്രേഡിങ് കമ്പനി ഡയറക്ടറാണിയാള്‍.
നേരത്തെ സിംഗപ്പൂര്‍ മലയാളിയായ തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേരും പുറത്തു വന്നിരുന്നു.
സോണ്‍ റിതം ഇന്റര്‍നാഷനല്‍ ലിമിറ്റഡ്, വണ്ടര്‍ഫുള്‍ സൊലൂഷന്‍സ് ലിമിറ്റഡ് അടക്കം ആറു കമ്പനികളുടെ പേരിലായിരുന്നു തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ നിക്ഷേപം.
ഈ കമ്പനികളില്‍ ഡയറക്ടറോ ഡയറക്ടര്‍ നോമിനിയോ ആണു ജോര്‍ജ് മാത്യു. സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, 12 വര്‍ഷം മുന്‍പ് സിംഗപ്പൂരിലേക്കു കുടിയേറിയ താന്‍ വിദേശ ഇന്ത്യക്കാരനാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ തനിക്കു ബാധകമല്ലെന്നും ജോര്‍ജ് മാത്യു പ്രതികരിച്ചിരുന്നു.
പാനമക്കമ്പനികള്‍ സിംഗപ്പൂരിലെ തന്റെ ഇടപാടുകാരുടേതാണെന്നും ഇന്ത്യയുടെ ആദായനികുതി നിയമങ്ങള്‍ ഇവയ്ക്കു ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിവാദകേന്ദ്രമായ പാനമയിലെ നിയമകാര്യ സ്ഥാപനം മൊസാക് ഫൊന്‍സേകയുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയതു വിദേശ സെര്‍വറുകളാണെന്നു കമ്പനി സ്ഥാപകരിലൊരാളായ റാമോണ്‍ ഫൊന്‍സേക ആരോപിച്ചു. ഇതു സംബന്ധിച്ച് പരാതി നല്‍കിയതായും കമ്പനി വ്യക്തമാക്കി. 1.5 കോടിയോളം രേഖകളാണു ചോര്‍ത്തിയത്. കംപ്യൂട്ടര്‍ ഹാക്കിങ് എന്ന കുറ്റകൃത്യം മാത്രമാണു നടന്നതെന്നും അതേപ്പറ്റി ആരും ഒന്നും പറയുന്നില്ലെന്നും റാമോണ്‍ ഫൊന്‍സേക കുറ്റപ്പെടുത്തി.