ന്യൂദല്‍ഹി:കേന്ദ്രത്തിന്റെ അവഗണന കൊണ്ട് ഒരു സ്ഥാപനം കൂടി മരണമടഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ നിന്ന് രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജി വെച്ചതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.
“കേന്ദ്രത്തിന്റെ അവഗണന കൊണ്ട് 2019 ജനുവരി 29 ന് ഒരു പ്രധാനപ്പെട്ട സ്ഥാപനം കൂടി മരണമടഞ്ഞു.” പി. ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
“നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ തകര്‍ച്ചയില്‍ ദുഖിക്കുന്നു. ജി.ടി,പി ഡാറ്റയും തൊഴില്‍ വിവരങ്ങളും പ്രസിദ്ധപ്പെടുത്താന്‍ അവര്‍ നടത്തിയ ശ്രമങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു.” തുടര്‍ന്നുള്ള ട്വിറ്റുകളില്‍ അദ്ദേഹം കുറിച്ചു.
കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്മീഷന്റെ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി.സി മോഹനനും, മറ്റൊരു അംഗം ജെ.വി മീനാക്ഷിയും രാജി നല്‍കിയത്.
ഇവര്‍ രാജി വച്ചതോടെ എക്‌സോ ഒഫീഷ്യോ അമിതാഭ് കാന്തും ചീഫ് സ്റ്റാര്രിസ്റ്റിക്കല്‍ പ്രവീണ്‍ ശ്രീവാസ്തവയും മാത്രമാണ് കമ്മീഷനിലുള്ളത്.
കഴിഞ്ഞ മാസം തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നില്ല.
കമ്മീഷനില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവാത്തതിനാലാണ് രാജിവെച്ചതെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് ഒരു കാരണമാണെന്നും പി.സി. മോഹനന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന് അനുമതി നല്‍കിയെങ്കിലും പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെച്ചവര്‍ക്ക് 2020 ജൂണ്‍ വരെ കാലാവധിയുണ്ടായിരുന്നു.