| Friday, 15th September 2023, 8:48 am

ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു, ആക്ടീവ് കേസുകള്‍ നാല്; അതീവ ജാഗ്രത തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തികള്‍ ചികിത്സക്കെത്തിയ സ്വകാര്യ ആശുപത്രിയില്‍ മറ്റു അസുഖത്തിനായി ചികിത്സക്കെത്തിയിരുന്ന വ്യക്തിക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 39കാരനായ ഇയാള്‍ രോഗക്ഷണങ്ങളോടെ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി.

ഇന്നലെ വൈകീട്ട് വന്ന 11 ഫലങ്ങള്‍ നെഗറ്റീവാണെന്ന ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേ സമയം വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കി. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങളുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതത്.

നിപ ബാധിത മേഖലകളില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയിട്ടുണ്ട്.

ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരുന്നുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

content highlights: One more confirmed Nipah, four active cases; Extreme caution remains

We use cookies to give you the best possible experience. Learn more