കൊച്ചി: പ്രസംഗത്തില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെതിരെ വീണ്ടും ഒരു കേസ് കൂടി. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊച്ചി വെണ്ണലയില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെ പി.സി. ജോര്‍ജ് പ്രകോപനപരമായി പ്രസംഗിച്ചത്.
ഐ.പി.സി 153എ, 295 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ, ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് നടന്ന ഹിന്ദു മഹാസഭ സമ്മേളനം ഉദ്ഘാടനം ചെയ്ത് പി.സി. ജോര്‍ജ് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു.
കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പി.സി. ജോര്‍ജിനെതിരെ ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കേസെടുത്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു.
ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമായിരുന്നു പി.സി. ജോര്‍ജ് ഹിന്ദു മഹാസഭ സമ്മേളനത്തില്‍ പറഞ്ഞത്.