കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന പ്രതി പി.പി യൂസുഫിനെയാണ് ന്യൂദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് എന്‍.ഐ.എ പിടികൂടിയത്.
ന്യൂദല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയശേഷം നാളെ കൊച്ചിയില്‍ എത്തിക്കും. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂസുഫ് പിടിയിലാകുന്നത്.
കേസിലെ പിടികിട്ടാപ്പുള്ളിയായ തലശ്ശേരി ചെറുപറമ്പത്ത് ഉരക്കള്ളിയില്‍ മുഹമ്മദ് അസറിനെ എന്‍.ഐ.എ അടുത്തിടെ പിടികൂടിയിരുന്നു. ഇരട്ട സ്‌ഫോടന കേസിലെ രണ്ടാം പ്രതിയാണ് അസ്ഹറ്. 12 വര്‍ഷമായി സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡുകളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടങ്ങള്‍ക്ക് നാശവുമുണ്ടായി. മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സ്‌ഫോടനം.
ആദ്യം കേരളാ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2009 ഡിസംബര്‍ 18ന് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കശ്മീര്‍ റിക്രൂട്ടമെന്റ് കേസില്‍ പിടിയിലായ തടിയന്റവിടെ നസീറാണ് കേസിലെ ഒന്നാം പ്രതി.
2011ല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ ഒന്നാം പ്രതി തടിയന്റവിടെ നസീറിനേയും നാലാം പ്രതി സഫാസിനേയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരോടൊപ്പം ചേര്‍ന്ന് അസ്ഹറിന്റെ വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മിച്ചെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍.