ഈ വര്‍ഷത്തെ ഏറ്റവും വലയി കളക്ഷനിലേക്ക് കുതിക്കുകയാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898എ.ഡി. പ്രഭാസ് നായകനായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ദീപികാ പദുക്കോണ്‍, ദിശാ പഠാനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചത്. 600 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ 415 കോടി നേടിയിരിക്കുകയാണ്.
ആദ്യദിനം 191 കോടി നേടിയ ചിത്രം മൂന്നാം ദിനം സ്വപ്‌നതുല്യമായ കുതിപ്പാണ് നടത്തിയത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ ഒറ്റ ദിവസം കൊണ്ട് ഒരു മില്യണ്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമക്ക് ഒറ്റ ദിവസം കൊണ്ട് ഒരു മില്യണ്‍ ടിക്കറ്റ് വിറ്റുപോകുന്നത്. ആദ്യ വാരത്തിനുള്ളില്‍ തന്നെ 500 കോടിക്കു മുകളില്‍ ചിത്രം കളക്ട് ചെയ്യുമെന്ന് ഉറപ്പാണ്.
ബാഹുബലിക്ക് ശേഷം വന്ന സിനിമകളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പ്രഭാസ് എന്ന നടന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് കല്‍ക്കിയുടെ ബോക്‌സ് ഓഫീസ് തേരോട്ടം. കല്‍ക്കിയും ആദ്യദിനം 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയതോടുകൂടി ഏറ്റവുമധികം 100 കോടി ഓപ്പണിങ് സ്വന്തമായിട്ടുള്ള നടനായി മാറാനും റിബല്‍ സ്റ്റാറിന് സാധിച്ചു.
ചിത്രത്തില്‍ പ്രഭാസിനെക്കാള്‍ സ്‌കോര്‍ ചെയ്തത് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച അശ്വത്ഥാമാവാണ്. 81ാം വയസിലും തന്റെ സ്‌ക്രീന്‍ പ്രസന്‍സും ഓറയും കൊണ്ട് അമിതാഭ് ബച്ചന്‍ നിറഞ്ഞു നിന്നു. മലയാളി താരങ്ങളായ ശോഭനയും അന്നാ ബെന്നും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം 2026ല്‍ പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
Content Highlight: One million ticket sold in Bookmyshow in a single day for Kalki 2898 AD