| Tuesday, 27th December 2022, 1:08 pm

ഒറ്റമത്സരം, ഇരട്ട സെഞ്ച്വറി; റെക്കോഡുകളുമായി സച്ചിനും പോണ്ടിങ്ങിനുമൊപ്പം; തരംഗമായി വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ആധിപത്യം ശക്തമാക്കി ഓസ്ട്രേലിയ. ആദ്യ ടെസ്റ്റ്‌ വിജയിച്ച് പരമ്പരയിൽ മുന്നിട്ട് നിൽക്കുന്ന ഓസീസ് രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തകർത്തെറിയുകയാണ്.

ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്കയെ 189 റൺസിന് ചുരുട്ടിക്കെട്ടി ഓസീസ് ബോളർമാർ തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റർമാരും ഇന്നിങ്സ് ലീഡ് ഉയർത്താനായി മികച്ച പ്രകടനം കാഴ്ച വെക്കുകയാണ്.

എന്നാലിപ്പോൾ ഡബിൾ സെഞ്ച്വറി നേടി ഓസിസ് ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരുകയാണ് ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച വെച്ച ഡേവിഡ് വാർണർ.

വാർണറുടെ ഡബിൾ സെഞ്ച്വറിയുടെ മികവിൽ നിലവിൽ മൂന്ന് വിക്കറ്റിന് 382 റൺസ് എന്ന ശക്തമായ നിലയിലാണ് ഓസ്ട്രേലിയ.

254 പന്തിൽ നിന്നും 16 ഫോറും രണ്ട് സിക്സുകളുമടക്കം വെടിക്കെട്ട് ബാറ്റിങ് നടത്തിയാണ് വാർണർ ഈ കൂറ്റൻ സ്കോർ നേടിയത്. തന്റെ കരിയറിലെ നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടാൻ സാധിച്ചു എന്ന അപൂർവ നേട്ടവും താരം ഇതോടെ സ്വന്തമാക്കി.

അവസാന 27 ഇന്നിങ്സിൽ നിന്നും നാല് തവണ മാത്രം അർധസെഞ്ച്വറി നേടി ഫോം ഔട്ടിലായിരുന്ന താരത്തിന്റെ മികച്ച പ്രകടനത്തിൽ ആരാധകരും സന്തോഷത്തിലാണ്.

ലോകക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന പത്താം താരവും രണ്ടാമത്തെ മാത്രം ഓസിസ് താരവുമാണ് വാർണർ. റിക്കി പോണ്ടിങ് ആണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയൻ താരം. കൂടാതെ ടെസ്റ്റിൽ 8000, റൺസ് തികച്ച എട്ടാം ഓസ്ട്രേലിയൻ താരമായി വാർണർ മാറി.

കൂടാതെ സച്ചിൻ ടെൻഡുൽക്കറിന് ശേഷം ഓപ്പണർ റോളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡും വാർണർ നേടി. 45 സെഞ്ച്വറികളാണ് താരത്തിന്റെ നേട്ടം.

നൂറാം ഏകദിനത്തിലും നൂറാം ടെസ്റ്റിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും വാർണർക്കാണ്.

അതേസമയം ജനുവരി 4നാണ് ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഓസ്ട്രേലിയയുടെ മൂന്നാം ടെസ്റ്റ്‌ മത്സരം.
നിലവിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ വിജയിക്കാൻ സാധിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

Content Highlights: One match, double century; ; Warner AlongSachin and Ponting with records

We use cookies to give you the best possible experience. Learn more