Film Review
One Malayalam Movie Review: വണ്‍ ഒരു പൊളിറ്റിക്കല്‍ പ്രൊപ്പഗാണ്ട സിനിമയാണോ ?
അശ്വിന്‍ രാജ്
2021 Mar 26, 02:51 pm
Friday, 26th March 2021, 8:21 pm

രാഷ്ട്രീയം അടിസ്ഥാനമാക്കി ഇറങ്ങുന്ന സിനിമകള്‍ക്ക് എക്കാലവും നമ്മുടെ നാട്ടില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. 90 കളില്‍ ഒരു ഡസനിലധികം പൊളിറ്റിക്കല്‍ – ബ്യൂറോക്രാറ്റ് സിനിമകളാണ് മലയാളത്തില്‍ ഉണ്ടായത്.

എന്നാല്‍ 2010 ന് ശേഷം ഇത്തരത്തില്‍ സമകാലിന രാഷ്ട്രീയ പശ്ചാത്തലത്തിലും മറ്റും അപൂര്‍വമായി മാത്രമാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഇടക്കാലത്ത് രാമലീല വന്നെങ്കിലും ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നതിനേക്കാള്‍ ഒരു ക്രൈം ത്രില്ലര്‍ ചിത്രമെന്ന വിശേഷണമാണ് ആ ചിത്രത്തിന് ചേരുക.

വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ണമായും രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇറങ്ങിയ ചിത്രമാണ് സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍. മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്.

സംസ്ഥാനത്ത് ഒരു നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരത്തിലൊരു പൊളിറ്റിക്കല്‍ സിനിമ സ്വാഭാവികമായും ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്നുള്ള ചോദ്യങ്ങളൊക്കെ ഉയര്‍ന്നിരുന്നു.

ചിത്രത്തില്‍ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയിട്ടുള്ളത് കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്ത താരങ്ങളെയാണ്. സെക്കന്റുകള്‍ക്കുള്ളില്‍ വന്ന് പോകുന്ന കഥാപാത്രങ്ങള്‍ ആണെങ്കില്‍ പോലും അതി ഗംഭീരമായിട്ടാണ് താരങ്ങള്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നത്. തങ്ങളുടെ സ്ഥിരം മാനറിസങ്ങള്‍ വരാതെ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ശരീര ഭാഷയും രീതികളും ക്രമീകരിക്കാന്‍ ഇതിലെ ഒരോ താരങ്ങളും ശ്രമിച്ചിട്ടുണ്ട്.

എടുത്ത് പറയുകയാണെങ്കില്‍ ജഗദീഷ്, സലിം കുമാര്‍, മാമുകോയ, പ്രേംകുമാര്‍, കൃഷ്ണകുമാര്‍, യദു കൃഷ്ണന്‍ ഇവരെയൊക്കെ സ്ഥിരമായി കാണുന്ന ചില റോളുകളില്‍ നിന്ന് വ്യത്യസ്തമായി വണ്ണില്‍ കാണാന്‍ പറ്റിയെന്നുള്ളത് പ്രത്യേകതയാണ്.

ചിത്രത്തില്‍ ഭയങ്കരമായി എനിക്ക് ഇഷ്ടപ്പെട്ട ചില സീനുകള്‍ ഉണ്ട്, ചിത്രത്തിന്റെ തുടക്കത്തില്‍ മാത്യുതോമസ് അവതരിപ്പിക്കുന്ന സനല്‍ എന്ന കഥാപാത്രത്തിന് അടി കിട്ടുന്ന ഒരു സീന്‍, മാമുകോയയുടെ കഥാപാത്രം കടയ്ക്കല്‍ ചന്ദ്രനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു രംഗം, സലീം കുമാറിന്റെ അച്ഛന്‍ കഥാപാത്രത്തിന്റെ ഒന്നിലധികം സീനുകള്‍, ദീപ്തി ഐ.പി.എസ് എന്ന മിനിസ്‌ക്രീന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഗായത്രി അരൂണിന്റെ കഥാപാത്രത്തിന്റെ ചില ഡയലോഗ് ഡെലിവറി, കടയ്ക്കല്‍ ചന്ദ്രനെ പാര്‍ട്ടി സെക്രട്ടറി ബേബി ഫോണ്‍ ചെയ്യുന്ന രംഗം ഇങ്ങനെ ഒരുപാട് രംഗങ്ങള്‍ ഉണ്ട്.

പക്ഷേ സിനിമയിലേക്ക് വരികയാണെങ്കില്‍ ഒരു പാതി വെന്ത പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് വണ്‍ അനുഭവപ്പെട്ടത്. കാരണം ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ അതി ഗംഭീരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഒട്ടും കെട്ടുറപ്പില്ലാത്ത അയഞ്ഞ തിരക്കഥയും മേക്കിംങ്ങുമാണ് ഉള്ളത്.

വണ്‍ എന്ന ഈ സിനിമ കാണുന്ന ആളുകളുടെ ബോധ്യങ്ങള്‍ക്കും രാഷ്ട്രീയത്തിനും പല രീതിയില്‍ വായിക്കാന്‍ കഴിയും. പൊളിറ്റിക്കലി നിലപാട് എടുക്കുന്നയാളുകള്‍ക്ക് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി പ്രഭാവം ഉപയോഗപ്പെടുത്തി എടുത്ത അരാഷ്ട്രീയ സിനിമയായും മറ്റു ചിലര്‍ക്ക് ഒരു സാധാ മസാല പൊളിറ്റിക്കല്‍ സിനിമയായും വണ്‍ അനുഭവപ്പെടാം.

ഏത് തരത്തില്‍ എടുത്താലും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയാണ് മുഴച്ചു നില്‍ക്കുന്നത്. ചിത്രത്തില്‍ പൊളിറ്റിക്കല്‍ ട്രാക്കില്‍ കഥ പറഞ്ഞു പോകുമ്പോള്‍ തന്നെ അനാവശ്യമായി ചില ഇമോഷണല്‍ ട്രാക്കുകള്‍ സംവിധായകനും കഥാകൃത്തും കുത്തികയറ്റുന്നുണ്ട്. കടയ്ക്കല്‍ ചന്ദ്രന്റെ ഫാമിലി മെലോഡ്രാമയും മറ്റും ഇതിന് ഉദാഹരണമാണ്.

ചിത്രത്തിന്റെ സ്വഭാവത്തിന് ഒരു ആവശ്യവും ഇല്ലാത്ത ചില രംഗങ്ങളും പടത്തിലുണ്ട്. രാഷ്ട്രീയക്കാരില്‍ ബഹുഭൂരിപക്ഷവും അഴിമതിക്കാരും പാര്‍ട്ടിയെ പോലും ധിക്കരിച്ച് തീരുമാനമെടുക്കുന്ന ‘എകഛത്രാധിപതി’യായ മുഖ്യമന്ത്രിയായി കടയ്ക്കല്‍ ചന്ദ്രനും എത്തുന്ന തരത്തിലാണ് ചിത്രം കഥ പറഞ്ഞ് പോകുന്നത്.

മുഖ്യമന്ത്രിയുടെ മാസിന് കൈയ്യടിക്കാന്‍ പറ്റുന്ന ചില സീനുകള്‍ ചിത്രത്തില്‍ ഉണ്ട്. ഈ മാസ് ഒക്കെ കാണിക്കുന്ന അതേസമയം തന്നെ ചിലയിടങ്ങളില്‍ ദുര്‍ബലനായ വ്യക്തിയായിട്ടുമാണ് കടയ്ക്കല്‍ ചന്ദ്രനെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയെ പോര്‍ട്ടറൈറ്റ് ചെയ്ത് എടുക്കുന്ന ആദ്യ പകുതി അതി ഗംഭീരമാകുമ്പോള്‍ രണ്ടാംപകുതി പ്രതീക്ഷകള്‍ക്ക് താഴേയ്ക്ക് പോകുകയാണ്.

സംവിധായകനും കഥാകൃത്തും വളരെ ബുദ്ധിപരമായി ഒരു പാര്‍ട്ടിയുടെയും പേരോ രൂപമോ ചിത്രത്തില്‍ അവതരിപ്പിക്കുന്നില്ല. പക്ഷേ പലപ്പോഴും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ സ്വഭാവ, ജീവിത ചുറ്റുപാടുകളെയും സമകാലിക രാഷ്ട്രീയത്തിലെ ചില ചര്‍ച്ചകളുമാണ് ചിത്രം കാണിക്കുന്നത്.

മുടിവെട്ടുകാരന്റെ മകന്‍ എന്ന് അധിക്ഷേപിക്കപ്പെടുന്ന, അത് അഭിമാനമാണെന്ന് തുറന്ന് പറയുന്ന മുഖ്യമന്ത്രി, പാലത്തില്‍ അഴിമതി കാണിക്കുന്ന എം.എല്‍.എ. മുഖ്യമന്ത്രിയുടെ അടുത്ത വ്യക്തിയായ അഴിമതി വിരുദ്ധ ഇമേജുള്ള വിജിലന്‍സ് ഡയറക്ടര്‍. തുടങ്ങിയവയൊക്കെ ചിത്രത്തിന്റെ ഭാഗമാവുമ്പോള്‍ തന്നെ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാവും.

ചിത്രത്തിന്റെ മറ്റ് ഘടങ്ങളിലേക്ക് വരികയാണെങ്കില്‍ ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിലെ ബി.ജി.എമ്മും പാട്ടുമെല്ലാം ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ പൂര്‍ണ മൂഡ് പ്രേക്ഷകരിലേക്ക് പകര്‍ന്നുതരാന്‍ കഴിയുന്നുണ്ട്.

കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളി ചില അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് സംവിധായകനെ പ്രേരിപ്പിച്ചിട്ടുണ്ട് എങ്കിലും വൈദി സോമസുന്ദരത്തിന്റെ ക്യാമറ മികച്ചതായിരുന്നു. നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

ബോബി സഞ്ജയ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥ. മികച്ച ചിത്രങ്ങള്‍ ധാരാളം ഈ ടീം തന്നിട്ടുണ്ടെങ്കിലും വണ്‍ എന്ന ചിത്രം അത്ര പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല എന്ന് തന്നെ പറയാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: One Malayalam Movie Review Mammootty, Santhosh Vishwanath, Murali gopy, By Aswin Raj

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.