പ്രളയക്കെടുതി: വെള്ളപ്പൊക്കഭീഷണിയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വീടുകളൊഴിഞ്ഞത് ഒന്നരലക്ഷം പേര്‍
Kerala Flood
പ്രളയക്കെടുതി: വെള്ളപ്പൊക്കഭീഷണിയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വീടുകളൊഴിഞ്ഞത് ഒന്നരലക്ഷം പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th August 2018, 8:12 am

 

ആലപ്പുഴ: രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള കുട്ടനാട്ടിലെ ഒന്നരലക്ഷം വരുന്ന ജനങ്ങളും ദുരിതാശ്വാസ ക്യാംപുകളിലെന്ന് റിപ്പോര്‍ട്ടുകള്‍. താമസിക്കാന്‍ പറ്റാത്ത നിലയില്‍ തകര്‍ന്ന വീടുകളില്‍ നിന്ന് ബാക്കിയുള്ള അരലക്ഷത്തിലധികം പേര്‍ ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് മാറിയിരിക്കുകയാണ്.

അതേസമയം കുട്ടനാട്ടിലെ വെള്ളക്കെട്ടിന് യാതൊരു മാറ്റവുമില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. വീടുകളിലുണ്ടായ വെള്ളക്കെട്ട് അതേപടി തന്നെ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

കുട്ടനാട്ടിലെ ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന അഭയകേന്ദ്രമാണ് ചങ്ങനാശ്ശേരി. മൂന്നുദിവസങ്ങളിലായി ഇവിടുത്തെ ക്യാംപുകളിലെത്തിയത് ഒരു ലക്ഷത്തോളം വരുന്ന ജനങ്ങളാണ്.


ALSO READ: പ്രളയമൊഴിയുന്നു; ഇനി ആവശ്യം ശുചീകരണ വസ്തുക്കള്‍


അതേസമയം ആലപ്പുഴ ജില്ലയില്‍ രണ്ടരലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണിപ്പോള്‍. ഇത് ജില്ലാ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളിലെ അവസ്ഥ പൂര്‍വ്വസ്ഥിതിയില്‍ ആയതിനുശേഷം മാത്രമേ ജനങ്ങള്‍ക്ക് തിരികെ പോകാന്‍ കഴിയു എന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടൊപ്പം പ്രളയം സൃഷ്ടിച്ച കനത്ത ആഘാതത്തില്‍ നിന്ന് ജനം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. പൂര്‍ണ്ണമായി വെള്ളത്തിലായ വീടുകളെ വൃത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇനി ദുരിതാശ്വാസ പ്രവര്‍ത്തകരുടെ മുന്നിലുള്ള ദൗത്യം.

വെള്ളക്കെട്ടൊഴിയുന്നതോടെ പരിസര ശൂചീകരണം പ്രളയബാധിതപ്രദേശങ്ങളില്‍ വലിയവെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ശുചീകരണ വസ്തുക്കളായ ബ്ലീച്ചിംഗ് പൗഡര്‍ ഡെറ്റോള്‍ എന്നിവയാണ് ഇനി ആവശ്യമെന്നാണ് ലഭിക്കുന്ന വിവരം.