| Thursday, 4th June 2020, 11:00 pm

'ആരും പട്ടിണി കിടന്നിട്ടില്ല'; കേരളത്തില്‍നിന്നും പോകേണ്ടെന്ന് ഒരുലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നും മടങ്ങേണ്ടെന്ന് വ്യക്തമാക്കി അതിഥി തൊഴിലാളികള്‍. 1.61 ലക്ഷം അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ട എന്ന വിവരം സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

തൊഴിലാളികള്‍ ഇക്കാര്യം ആവശ്യപ്പെട്ട വിവരം സുപ്രീംകോടതിയില്‍ സത്യവാങ് മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ ശ്രമിക് ട്രെയിനുകളിലായി കേരളത്തില്‍നിന്നും 1.53 ലക്ഷം തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇനി 2,95,410 തൊഴിലാളികളാണ് ബാക്കിയുള്ളത്. ഇവരില്‍ ചിലരാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അതേസമയം, 1.2 ലക്ഷം അതിഥി തൊഴിലാളികള്‍ മടങ്ങണമെന്ന വിവരവും അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ അറിയിച്ചു. മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടി ട്രെയിനുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 112 ട്രെയിനുകളാണ് ഇതുവരെ തൊഴിലാളികളെയും കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയത്.

തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടങ്ങളും ചേര്‍ന്ന് ഫീല്‍ഡ് സര്‍വ്വെ നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. സംസ്ഥാനത്ത് ഒരു അതിഥി തൊഴിലാളിക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി നല്‍കുന്നതും കേരളമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more