ശ്രീലങ്കയില്‍ മുസ്‌ലീങ്ങള്‍ക്കെതിരായ അതിക്രമം തുടരുന്നു: ഒരാളെ കുത്തിക്കുന്നു; കര്‍ഫ്യൂ നീട്ടി
World
ശ്രീലങ്കയില്‍ മുസ്‌ലീങ്ങള്‍ക്കെതിരായ അതിക്രമം തുടരുന്നു: ഒരാളെ കുത്തിക്കുന്നു; കര്‍ഫ്യൂ നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 8:26 pm

 

കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലീങ്ങള്‍ക്കും മുസ്‌ലിം ആരാധനാലയങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നു. തിങ്കളാഴ്ച വൈകുന്നേരം കുറുണേഗല ജില്ലയിലെ ഗ്രാമത്തിലെ ഒരു സംഘം പ്രദേശത്തെ നിരവധി പള്ളികള്‍ക്കുനേരെ അക്രമമഴിച്ചുവിട്ടു.

സംഘര്‍ഷത്തിനിടെ 45 കാരന്‍ കുത്തേറ്റു കൊല്ലപ്പെട്ടു. രണ്ട് ബസുകളിലെത്തിയ സംഘം പ്രദേശത്തെ ഗുണ്ടകളുടെ സഹായത്തോടെ പള്ളികള്‍ ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകളും വീടുകളും ഇവര്‍ ആക്രമിച്ചു.

ഈസ്റ്ററില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കുനേരെ നടന്ന ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്.

‘ അക്രമികള്‍ ബസിലാണ് എത്തിയതെന്നത് ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടു നടപ്പിലാക്കിയതാണെന്നു വ്യക്തമാക്കുന്നതാണ്.’ ശ്രീലങ്കന്‍ മുസ്‌ലിം കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഹില്‍മി അഹമ്മദ് പറഞ്ഞു.

‘ നേരത്തെ മുസ്‌ലീങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുമായി ഏറെ സാമ്യമുണ്ട് ഇതിന്.’ എന്നും അദ്ദേഹം പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരാണ് അറസ്റ്റിലായത്. സിംഹള ബുദ്ധിസ്റ്റ് ഗ്രൂപ്പ് അംഗമായ അമിത് വീരസിംഹയും അഴിമതി വിരുദ്ധ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന നമല്‍ കുമാരയുമാണ് അറസ്റ്റിലായത്.

‘ തിങ്കളാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് അവരെ അറസ്റ്റിലായത്.’ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.