ടെഹ്‌റാന്‍: ഇറാനിലെ ഷിറാസ് നഗരത്തില്‍ ദേവാലയത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. തോക്കേന്തിയ അക്രമി ചെരാഗ് ദേവാലയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നും തടയുന്നതിന് മുന്‍പേ സന്ദര്‍ശകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും ഐ.ആര്‍.എന്‍.എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലും ചെരാഗ് ദേവാലയത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. 13 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിത് സ്റ്റേറ്റ് ( ഐ.എസ്) അന്ന് ഏറ്റെടുത്തിരുന്നു.
ഒരു അക്രമി ദേവാലയത്തിന്റെ കവാടത്തില്‍ പ്രവേശിച്ച് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക ഇസ്‌ലാമിക് റെലല്യൂഷണറി ഗാര്‍ഡ്‌സ് കോപ്‌സ് കമ്മാന്‍ഡര്‍ യാദുള്ള ബൗലി പറഞ്ഞു.
തോക്കുധാരി ബാബ് അല്‍ മഹ്ദി വാതിലിലൂടെ ദേവാലയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ സേന തടയാന്‍ ശ്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. തോക്കുധാരിയെ തടയാന്‍ ശ്രമിച്ചതോടു കൂടി അയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറയുന്നു.
സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും പ്രദേശത്തെ കടകളെല്ലാം അടച്ചതായും ന്യൂസ് ഓര്‍ഗനൈസേഷന്‍ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ദേവാലയ പ്രദേശം പൊലീസ് വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ദേവാലയത്തിന്റെ ജനവാതിലുകളിലെല്ലാം ബുള്ളറ്റേറ്റ് ദ്വാരകള്‍ വീണിട്ടുണ്ട്. ഇറാനിലെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്.
ഒക്ടോബറിലെ ആക്രമണത്തിന് സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നാരോപിച്ച് കഴിഞ്ഞ മാസം രണ്ടു പേരെ ഇറാന്‍ വധിച്ചിരുന്നു. പ്രധാന ആക്രമിയെന്ന് തിരിച്ചറിഞ്ഞ അഫ്ഖാന്‍ പൗരന്‍ ഹമേദ് ബഡാക്‌സാന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് അംഗത്വത്തിന് മറ്റ് മൂന്ന് പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷയും ലഭിച്ചിരുന്നു.
2017ല്‍ പാര്‍ലമെന്റ് ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Content Highlights: One killed in attack shrine in iran