കോളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനെടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ത്ത് ശ്രീലങ്കന്‍ പൊലീസ്. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രൂക്ഷമായ ഇന്ധനക്ഷാമമാണ് ജനങ്ങളെ തെരുവിലിറക്കിയത്. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കും ജനങ്ങള്‍ പ്രയാസപ്പെടുകയാണ്.
പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ ടയറുകള്‍ കത്തിച്ച് തലസ്ഥാനത്തേക്കുള്ള പ്രധാന റോഡ് ഉപരോധിക്കുകയും ചെയ്തു. രൂക്ഷമായ എണ്ണക്ഷാമത്തിലും ഉയര്‍ന്ന വിലയിലും പ്രതിഷേധിച്ചാണ് തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള മധ്യ ശ്രീലങ്കയിലെ റംബുക്കാനയില്‍ ജനങ്ങള്‍ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചത്. റംബുക്കന പൊലീസ് ഡിവിഷനില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പൊലീസ് വക്താവ് അറിയിച്ചു.
ജനക്കൂട്ടം അക്രമാസക്തരാകുകയും കല്ലെറിയുകയും ചെയ്തതിനാലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടിവന്നതെന്നാണ് പൊലീസിന്റെ ന്യായീകരണം. മധ്യ ശ്രീലങ്കന്‍ നഗരമായ കാന്‍ഡി മുതല്‍ തലസ്ഥാനമായ കൊളംബോ വരെ പ്രതിഷേധം നടക്കുന്നുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി തുടരവെ, ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് പ്രധാനമന്ത്രി മഹീന്ദ രജപക്സെ. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി എക്സിക്യൂട്ടീവ്, ലെജിസ്ലേചര്‍, ജുഡീഷ്യറി എന്നീ വിഭാഗങ്ങളുടെ പോസിറ്റീവ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്ന പ്രൊപ്പോസല്‍ ആണ് മഹീന്ദ രജപക്സെ മുന്നോട്ടുവെച്ചത്.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന് വിവിധ വശങ്ങളില്‍ നിന്നും വരുന്ന ആവശ്യങ്ങളില്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മഹീന്ദ രജപക്സെ പറഞ്ഞു.ജനങ്ങളില്‍ നിന്നുള്ള ഈ അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ പുതിയ കാബിനറ്റിന് മുന്നില്‍ ഭരണഘടനാ ഭേദഗതിയുടെ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് മഹീന്ദ ലക്ഷ്യമിടുന്നത്.
‘ഭേദഗതി ചെയ്ത ഭരണഘടന ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉതകുന്നതായിരിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ രജപക്സെ പ്രതികരിച്ചു.
Content Highlights: ONE Killed As Sri Lanka Police Fire At Anti-Government Protesters