'ഒരാൾ കള്ളൻ, മറ്റേയാൾ കൊള്ളക്കാരൻ'; തെരഞ്ഞെടുപ്പാകുമ്പോൾ എ.ഐ.ഡി.എ.എം.കെ-ബി.ജെ.പി സഖ്യം ഒന്നിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ
national news
'ഒരാൾ കള്ളൻ, മറ്റേയാൾ കൊള്ളക്കാരൻ'; തെരഞ്ഞെടുപ്പാകുമ്പോൾ എ.ഐ.ഡി.എ.എം.കെ-ബി.ജെ.പി സഖ്യം ഒന്നിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2023, 11:12 am

ചെന്നൈ: തമിഴ്‌നാട്ടിൽ എ.ഐ.ഡി.എ.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരാൾ കള്ളനും മറ്റേയാൾ കൊള്ളക്കാരനുമായത് കൊണ്ട് വീണ്ടും സഖ്യമുണ്ടാക്കിയേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

എ.ഐ.ഡി.എ.എം.കെ ബി.ജെ.പിയുമായി സഖ്യം അവസാനിപ്പിച്ചാലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ തന്നെ വിജയിക്കുമെന്നും ഡി.എം.കെ യുവജന വിങ്ങിന്റെ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

‘എ.ഐ.ഡി.എ.എം.കെ-ബി.ജെ.പി സഖ്യം അവസാനിച്ചതായി മുനുസാമി പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ബി.ജെ.പിയുമായി സഖ്യം ഉണ്ടായാലും ഇല്ലെങ്കിലും വിജയിക്കാൻ പോകുന്നത് ഡി.എം.കെയാണ്. നിങ്ങൾക്ക് ജനങ്ങളെ വഞ്ചിക്കാനാകില്ല.

നിങ്ങളുടെ സ്വന്തം അണികൾ പോലും ഇത് വിശ്വസിക്കില്ല. എന്തുകൊണ്ട്? കാരണം നിങ്ങളുടെ മുൻമുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇ.ഡി കേസുകൾ നിലനിൽക്കുന്നുണ്ട്,’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

‘ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവർ (എ.ഐ.ഡി.എ.എം.കെയും ബി.ജെ.പിയും) കലഹിക്കുന്നതായി അഭിനയിക്കും. എന്നിട്ട് തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ വീണ്ടും ഒരുമിച്ച് വരും, കാരണം ഒന്ന് കള്ളനും മറ്റേത് കൊള്ളക്കാരനുമാണ്,’ അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച എ.ഐ.ഡി.എ.എം.കെയുടെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന യോഗത്തിന് ശേഷം എൻ.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് എ.ഐ.ഡി.എ.എം.കെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ മുൻ നേതാക്കളെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്.

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ, ദ്രാവിഡ നേതാവ് സി.എൻ. അണ്ണാദുരൈയെ കുറിച്ച് നടത്തിയ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കണമെന്നും എ.ഐ.ഡി.എ.എം.കെ, ബി.ജെ.പി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഹൈന്ദവ വിശ്വാസത്തിനെതിരെ അണ്ണാദുരൈ സംസാരിച്ചിരുന്നു എന്നായിരുന്നു അണ്ണാമലൈയുടെ വിവാദ പരാമർശം. എന്നാൽ വിവാദ പരാമർശത്തിൽ മാപ്പ് പറയാൻ അണ്ണാമലൈ വിസമ്മതിച്ചു. അണ്ണാദുരൈയെ കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും 1956ലെ ഒരു സംഭവം ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നും പറഞ്ഞു.

മുന്നണി വിടാനുള്ള എ.ഐ.ഡി.എ.എം.കെയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Content Highlight: ‘One is robber, another is thief’; Udayanidhi Stalin after AIADMK-BJP split