| Friday, 14th August 2020, 10:18 am

'ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റേയാള്‍ പടിഞ്ഞാറോട്ട്, കോണ്‍ഗ്രസില്‍ ഒന്നും ശരിയായിട്ടില്ല'; അവിശ്വാസ പ്രമേയത്തില്‍ വിശ്വാസമര്‍പ്പിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.

വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ ഇപ്പോഴും കാര്യങ്ങളൊന്നും ശരിയായിട്ടില്ലെന്നും ഒരാള്‍ കിഴക്കോട്ട് പോകുമ്പോള്‍ മറ്റേയാള്‍ പടിഞ്ഞാറോട്ട് പോകുന്നതുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ കാര്യങ്ങളൊന്നും ബി.ജെ.പി പറയുന്നു. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നുമാണ് ബി.ജെ.പിയുടെ നിലപാട്.

‘സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊപ്പം തന്നെ ക്രമസമാധാനനില മോശമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അറസ്റ്റുചെയ്തവര്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവും പരാജയപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം അവിശ്വാസ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടും,’പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.

കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആ പാര്‍ട്ടിയില്‍ എല്ലാം ഇപ്പോഴും കാര്യങ്ങളൊന്നും നല്ല രീതിയിലല്ല നടക്കുന്നതെന്നും ഒരാള്‍ കിഴക്കോട്ടും മറ്റേയാള്‍ പടിഞ്ഞാറോട്ടും പോകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരസ്പരം വൈരുദ്ധ്യങ്ങള്‍ മാത്രമുള്ളവരുടെ ഒരു പാര്‍ട്ടിയാണെന്നായിരുന്നു
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയി ആരോപിച്ചത്.

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ, ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷനുമായ അവിനാശ് ഖന്നയും മുതിര്‍ന്ന നേതാക്കളും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങള്‍ വിശ്വാസ വോട്ടെടുപ്പിന് അനുമതി നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൈലറ്റ് തിരിച്ചുവന്നതോടെ കോണ്‍ഗ്രസിന് ഇപ്പോള്‍ 107 എം.എല്‍.എ മാരുടെ പിന്തുണയുണ്ട്. അതോടൊപ്പം 13 സ്വതന്ത്രരും നിലവില്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 125 ആണ്.

അതേസമയം നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 75 ആണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിന് സാധ്യതകള്‍ മങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: ”one is going to east and the other to west” all is still not good in that party bjp on rajasthan crisis

We use cookies to give you the best possible experience. Learn more