|

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘപരിവാറിന്റെ കേരള തന്ത്രമോ?

സാജിദ സുബൈദ

കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം മെമ്പര്‍ഷിപ്പുള്ള, 140 മണ്ഡലങ്ങളിലും കമ്മിറ്റികളുള്ള, പഞ്ചായത്തുകളിലും വാര്‍ഡുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു കൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്ന ‘വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’, ഡല്‍ഹിയില്‍ സംഘപരിവാര്‍ ആം ആദ്മി പാര്‍ട്ടി വഴി പയറ്റിയ തന്ത്രത്തിന്റെ ആവര്‍ത്തനമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തവരാകട്ടെ, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തവരാകട്ടെ, തൊഴിലെടുക്കാത്തവരാകട്ടെ, സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍, 60 വയസ് തികഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക എന്നതാണ് വണ്‍ ‘ഇന്ത്യ വണ്‍ പെന്‍ഷന്‍’ എന്ന സംഘടന ആവശ്യപ്പെടുന്നത്.

ആദ്യ നോട്ടത്തില്‍ വളരെ നല്ല ആശയമെന്ന് തോന്നിയവരെല്ലാം വാട്സപ് ഗ്രൂപ്പ് വഴി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍(OIOP)ലേക്ക് ചേക്കേറുന്നു. മെമ്പര്‍ഷിപ്പെടുക്കുന്നു. അടുത്തയാളെ മെമ്പറാക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്നു. വാര്‍ദ്ധക്യ കാലത്ത്, സാമ്പത്തിക ഭദ്രതയുണ്ടാവുക എന്നുള്ളത് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നതാണ്. അതിനെ തള്ളിക്കളയാന്‍ ആരും തയ്യാറാവില്ല.

ഈ ആഗ്രഹത്തെയാണ്, OIOP ചൂഷണത്തിന് വിധേയമാക്കുന്നത്. അതായത്, രാജ്യത്തെ 140 കോടി ജനങ്ങളില്‍ നൂറ് ദശലക്ഷം വരുന്ന വയോധികര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുന്നതിന് 12 ലക്ഷം കോടി രൂപയാണാവശ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പിരിയുന്നവരുടെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക കണക്കാക്കിയാല്‍, ഏകദേശം ഈ തുകയോട് അടുത്ത് വരും. അതിനാല്‍ തന്നെ, ഈ പെന്‍ഷന്‍ പദ്ധതിക്ക് തടസ്സം സര്‍ക്കാര്‍ ജീവനക്കാരാണ് എന്ന വാദത്തിലേക്കാണ് OIOP എത്തിച്ചേരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളും അതിലെ തൊഴിലാളികളുമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന നിലപാടിലേക്കും പിന്നീടെത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും, ഭരണ സംവിധാന വ്യവസ്ഥയും അതിലേക്ക് നയിക്കുന്ന പ്രവര്‍ത്തനവുമാണ് അധിക ചിലവിന് കാരണം എന്നവര്‍ വാദിക്കുകയും, റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ, അല്ലങ്കില്‍ ജനപ്രതിനിധികളുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

രാജ്യത്ത്, പൗരന് ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുകയും രാജ്യം നില നിര്‍ത്തുകയുമാണ് ഭരണ സംവിധാനത്തിലൂടെയും പൊതുമേഖലയിലൂടെയും സാധ്യമാക്കുന്നതെന്ന് ബോധപൂര്‍വ്വം മറച്ചു പിടിക്കാനും സാധാരണക്കാരെ വഞ്ചിക്കാനുമാണ്, ഇത്തരം വാദത്തിലൂടെ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ജനങ്ങളില്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരോട് ഒരു തരം അസൂയവാഹമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും അത് വഴി ഇത്തരം സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാന്‍ മാത്രമുള്ളതാണെന്ന് പറഞ്ഞു വെക്കുകയും ചെയ്യുന്നു. അതോടു കൂടി പൊതു മേഖല സ്ഥാപനങ്ങള്‍ക്കെതിരെയും ജനാധിപത്യ ഭരണ സംവിധാനത്തിനെതിരെയും തിരിയാന്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നു.

എല്ലാം ലാഭ നഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ നിരത്തി, കുത്തക മുതലാളിമാര്‍ക്ക് കടന്നു വരാനുള്ള സാഹചര്യത്തെ സ്വാഗതം ചെയ്യുന്ന പ്രവണതയിലേക്ക് ജനങ്ങളെ എത്തിക്കുന്നു. ജനാധിപത്യ രാജ്യം നില നില്‍ക്കുന്നത് തന്നെ ജനക്ഷേമത്തിലൂന്നിയാണ്. അല്ലാതെ ലാഭ നഷ്ട കണക്കുകളുടെ അടിസ്ഥാനത്തിലല്ല എന്നുള്ളത് ബോധപൂര്‍വ്വം വിസ്മരിക്കുകയാണ് ഇക്കൂട്ടര്‍.

അതിനേക്കാള്‍ ഭീകരമായ കാര്യം മറ്റൊന്നാണ്, കണക്കിലെ കളികള്‍ കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന സംഘടന, ഇന്ത്യയിലെ, 50 കുത്തക മുതലാളിമാരുടെ കൈയ്യിലുള്ള 300 ലക്ഷം കോടി രൂപയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ലോക സമ്പന്നരില്‍ നാലാം സ്ഥാനക്കാരനായ അമ്പാനിയുടെ കൈയ്യിലുള്ള 6 ലക്ഷം കോടി രൂപയെ കുറിച്ചും മിണ്ടുന്നില്ല. 140 കോടി ജനങ്ങളനുഭവിക്കേണ്ട പൊതു മുതല്‍ ചൂഷണം ചെയ്താണ് വിരലിലെണ്ണാവുന്ന കുത്തകകള്‍ ഇന്ത്യയുടെ സമ്പത്ത് കൈയ്യടക്കി വെച്ചിരിക്കുന്നത് എന്നതിനെ കുറിച്ചും മൗനം അവലംബിക്കുന്നു. ഇത്തരം കുത്തകകള്‍ രാജ്യത്തെ ചൂഷണം ചെയ്തുണ്ടാക്കുന്ന സമ്പത്തിന് പരിധി നിശ്ചയിക്കണമെന്നവര്‍ക്ക് അഭിപ്രായവുമില്ല.

പ്രത്യക്ഷത്തില്‍, കുത്തകവല്‍ക്കരണത്തിന്റെ കൂടെ നില്‍ക്കുകയും പൊതുമേഖലയെ തള്ളി പറയുകയും ചെയ്യുന്നു എന്നു തോന്നുന്ന ഈ ആശയം പ്രചരിക്കപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെയാണ്.

സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട്, ആഗസ്ത് മാസവസാനമാവുമ്പോഴേക്കും, അഡ്മിന്‍മാര്‍ മാറുകയും, മുമ്പുണ്ടായിരുന്ന അഡ്മിന്‍മാര്‍ മോഡറേറ്റര്‍മാരുകയും, ഗ്രൂപ്പ് ഐകണ്‍ ‘ജനനി ജന്‍മ ഭൂമി’ എന്നതിലേക്ക് മാറുകയും ചെയ്തതിനെ പലരും ചോദ്യം ചെയ്തു തുടങ്ങിയെന്ന് മാത്രമല്ല, സംഘപരിവാര്‍ മറ നീക്കി പുറത്ത് വന്നതാണെന്ന ആരോപണം പല ഭാഗത്ത് നിന്ന് ഉയരുകയും ചെയ്തു. അന്നേ ദിവസം ആരോപണത്തിന് മറുപടി പറയാന്‍ സംഘടന കുറച്ച് പരുങ്ങലിലായെങ്കിലും, പിന്നീട് മറുപടിയുമായി രംഗത്ത് വന്നു.

തങ്ങളുടെ പേജ് നിലനിര്‍ത്തി കൊണ്ട് അഡ്മിന്‍മാരെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. നേരത്തെയുള്ള അഡ്മിന്‍മാരെ മോഡറേറ്റര്‍മാരാക്കിയത് കൊണ്ട് തന്നെ, പുതിയ പോസ്റ്റുകളിടുന്നതിനോ, ലൈവ് ചെയ്യുന്നതിനോ തടസ്സമില്ലതാനും. മാത്രമല്ല, പഴയ പോസ്റ്റുകള്‍ക്കോ നിര്‍ദേശങ്ങള്‍ക്കോ, ലൈവുകള്‍ക്കോ ഒന്നും സംഭവിച്ചിട്ടുമില്ല. ഇത് ‘വല്ലാത്തൊരു തരം ഹാക്കിംഗായി’ പോയെന്നേ കാണുന്നവര്‍ക്ക് അഭിപ്രായമുള്ളൂ.

അതിനേക്കാള്‍ രസം, ഒരു സുപ്രഭാതത്തില്‍ അഡ്മിന്‍മാര്‍ മോഡറേറ്റര്‍മാരായ ആ പേജ് തന്നെയാണ് തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനത്തിനും പ്രചരണത്തിനും സംഘടന ഉപയോഗിക്കുന്നത് എന്നതാണ്. മറിമായം വെളിപ്പെടാനിരിക്കുന്നതേയുള്ളുവെങ്കിലും, ആരോപണം ശക്തമായതിനെ തുടര്‍ന്ന്, പേജിന്റെ ഐക്കണില്‍ നിന്ന് ‘ജനനി ജന്മഭുമി’ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. പകരം സ്‌കൈ മീഡിയ (SKY Media) എന്ന പരസ്യ ഏജന്‍സി പേജ് ഏറ്റെടുത്തതായാണ് കാണാന്‍ സാധിക്കുന്നത്.

കേരളത്തില്‍, പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള പാര്‍ട്ടികള്‍ പോലും സംഘടനാ പേജുകള്‍ ലൈവാക്കാനും കൂടുതല്‍ പേരിലേക്കെത്തിക്കാനും പ്രവര്‍ത്തകരെ കൊണ്ട് ലൈക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സര്‍ക്കുലര്‍ ഇറക്കുന്ന കാലത്താണ്, OIOP എന്ന ചെറിയ സംഘടന വലിയ കാശ് കൊടുത്ത്, പരസ്യ ഏജന്‍സിയെ കൊണ്ട് പേജ് ബൂസ്റ്റ് ചെയ്യിക്കുന്നത്.

പത്ത് രൂപ മെമ്പര്‍ഷിപ്പ് ഫീസ് മാത്രം വാങ്ങുന്ന ഒരു സംഘടനക്കെങ്ങനെ ഇത് സാധിക്കും. മാത്രമല്ല, അവര്‍ തന്ന വിവര പ്രകാരം, മെമ്പര്‍ഷിപ്പും പ്രവര്‍ത്തനവും സോഷ്യല്‍ മീഡിയ വഴി ആയത് കൊണ്ട് തന്നെ ഈ പത്ത് രൂപ പോലും ഭൂരിഭാഗം പേരില്‍ നിന്നും പിരിഞ്ഞു കിട്ടിയിട്ടില്ല എന്നാണ്. പ്രദേശിക തലത്തില്‍, സംഘപരിവാര്‍, ബി.ജെ.പി എന്നിവ ഉണ്ടോ എന്ന് നമ്മള്‍ സംശയിക്കുമ്പോഴും കേരളത്തില്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംഘടന ബി.ജെ.പി യാണ്. അതെങ്ങനെയാണെന്ന് നമുക്കേവര്‍ക്കുമറിയാം.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചിലവഴിച്ച കാശ്, മറ്റു സംഘടനകള്‍ ചിലവഴിച്ച മുഴുവന്‍ കാശിനേക്കാളും കൂടുതലാണെന്നാണ് അരുന്ധതി റോയ് ആരോപിച്ചത്. ആ കാശിന്റെ നൂറിരട്ടി തിരിച്ച് പിടിക്കാനുള്ള എല്ലാ സാഹചര്യവും കോര്‍പറേറ്റുകള്‍ക്ക് ഒരുക്കി കൊടുക്കുന്ന തിരക്കിലാണ് എന്‍.ഡി.എ സര്‍ക്കാര്‍, അത് രാജ്യം വിറ്റിട്ടായാലും ശരി.

സംഘപരിവാര്‍ ഇന്ത്യയില്‍ അധികാരം നേടിയതെങ്ങനെയെന്നത് നമുക്കേവര്‍ക്കുമറിയാം. വിദൂര ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സംഘപരിവാറെന്നതിന്റെ ഉദാഹരണമാണ് ആം ആദ്മി പാര്‍ട്ടി. 2009 ല്‍ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വിവേകാനന്ദ ഫൗണ്ടേഷന്‍സിലെ അംഗങ്ങളായിരുന്നു, അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി, ബാബ രാം ദേവ് തുടങ്ങിയവര്‍. മാത്രമല്ല, സംഘപരിവാറുമായി അല്ലങ്കില്‍ ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഫൗണ്ടേഷന്‍ തര്‍ക്കിക്കുമ്പോഴും, അതിലെ ഉന്നതരെല്ലാമിന്ന് നരേന്ദ്ര മോദി ഭരണകൂടത്തിലെ പ്രധാനികളാണ്.

അജിത് ഡോവല്‍, ദേശീയ സുരക്ഷ അഡൈ്വസറാണ്. ന്രിപേന്ദ്ര മിശ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, പി.കെ മിശ്ര അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്. 1972 ല്‍ രൂപീകൃതമായ വിവേകാനന്ദ കേന്ദ്രയാണ് വിവേകാനന്ദ ഫൗണ്ടേഷന്റെ മാതൃ സംഘടന. രാഷ്ട്രീയ സ്വയം സേവക സംഘത്തിലാണ് വിവേകാനന്ദ കേന്ദ്ര അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. അരവിന്ദ് കെജ്രിവാളില്‍ നിന്ന് സംഘ്പരിവാറിലെത്താന്‍ രണ്ട് സംഘടനകള്‍ പിറകോട്ട് പോകണമെന്നര്‍ത്ഥം. അത്രയും ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍.എസ.്എസ് എന്നത് നമുക്കിതില്‍ നിന്ന് മനസ്സിലാക്കാം.

ഇനി, ഈ വിദൂര ലക്ഷ്യം എങ്ങനെ പൂര്‍ത്തീകരിക്കുന്നുവെന്നറിഞ്ഞാല്‍ നാം കൂടുതല്‍ സംഘര്‍ഷത്തിലകപ്പെടും. പുതിയ പുതിയ ആശയങ്ങള്‍ രാജ്യത്ത്, സര്‍ക്കാര്‍ തലത്തിലും അല്ലാതെയും സൃഷ്ടിക്കുക എന്ന തിംഗ് താംഗ് തിയറിയുമായാണ് വിവേകാനന്ദ ഫൗണ്ടേഷന്‍ രംഗത്ത് വരുന്നത്. അതിലൊന്നാണ്, 2011 ഏപ്രില്‍ മാസത്തില്‍ വിവേകാനന്ദ ഫൗണ്ടേഷന്‍ ‘ബ്ലാക്ക് മണി ‘ എന്ന വിഷയത്തില്‍ 2 ദിവസം നടത്തിയ സെമിനാര്‍.

അജിത് ഡോവല്‍

അജിത് ഡോവല്‍, ഗുരു മൂര്‍ത്തി, ബാബ രാംദേവ്, അണ്ണ ഹസാരെ, അരവിന്ദ് കെജ്രിവാള്‍, സുബ്രഹമണ്യ സ്വാമി, കിരണ്‍ ബേദി തുടങ്ങിയവര്‍ പങ്കെടുത്ത ഈ സെമിനാറിന്റെ തുടര്‍ച്ചയാണ്, ജന ലോക്പാല്‍ ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ദല്‍ഹിയില്‍ ജെ.പി പാര്‍ക്കില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരം. സമരം പിന്നീട് ഭരണകൂടവുമായി ഒത്തു തീര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചതെങ്കിലും, കെജ്രിവാളിലൂടെ ആം ആദ്മി രൂപീകൃതമാകുന്നതാണ് നാം കണ്ടത്.

കെജ്രിവാള്‍, അണ്ണ ഹസാരെ മൂവ്മെന്റിലൂടെ ഉയര്‍ന്നു വന്ന ഒരു നേതാവല്ലെന്നുള്ളത് മറ്റൊരു സത്യമാണ്. കെജ്രിവാളിനെ സൃഷ്ടിച്ചെടുക്കുന്നതും 1999ല്‍ ‘പരിവര്‍ത്തന്‍’ (ജനങ്ങളുടെ കൂട്ടായ്മ) തുടര്‍ന്ന് 2005 ല്‍ ‘കബീര്‍’ (എന്‍.ജി.ഒ) എന്നിവയിലൂടെയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫോര്‍ഡ് ഫൗണ്ടേഷന്‍ എന്ന കുത്തക കമ്പനിയുടെ ഫണ്ടിങ്ങിന്റെ ഫലമായാണ് കെജ്രിവാള്‍ എമര്‍ജിംഗ് ലീഡറായി രാജ്യത്ത് ചിത്രീകരിക്കപ്പെടുന്നത്.

വിവരവകാശ നിയമം നടപ്പിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍, ആദ്യ ഗ്രാന്റായി 2005 ല്‍ 172000 ഡോളറും, 2008 ല്‍ 19700 ഡോളറും, പിന്നീട് 400000 ഡോളറുമാണ് നല്‍കിയതെന്ന് 2011 ആഗസ്ത് 31 ന് നല്‍കിയ ഒരഭിമുഖത്തില്‍ ഫോര്‍ഡ് ഫൗണ്ടേഷന്‍ പ്രതിനിധി സ്റ്റീവന്‍ സോല്‍നിക്ക് വെളിപ്പെടുത്തുകയുണ്ടായി. കെജ്രിവാള്‍ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഫൗണ്ടേഷന്‍ എമര്‍ജിംഗ് ലീഡറെന്ന പേരില്‍ല്‍ മാഗ്സസെ അവാര്‍ഡ് നല്‍കി കെജ്രിവാളിനെ ഒരു നേതാവായി പ്രതിഷ്ഠിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിമുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ സമരവുമായി വന്ന മൂവ്മെന്റ് ആം ആദ്മി പാര്‍ട്ടിയിലെത്തിയതും ഡല്‍ഹി ഭരണം നേടിയെടുക്കുകയും ചെയ്ത ശേഷം, ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ എന്നവകാശപ്പെട്ട കെജ്രിവാള്‍ പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരുമായി യോജിച്ചു പോകുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ തന്നെ വിച്ചേദിക്കുന്ന രീതിയില്‍ പൗരത്വ നിയമം വന്നപ്പോഴും, സംവരണ നയ രൂപീകരണത്തിലും, കാശ്മീരിന്റെ വിഷയത്തിലും, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയത്തിലുമെല്ലാം കെജ്രിവാള്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ കൂടെയായിരുന്നു. ആം ആദ്മി രൂപീകരണത്തിലുണ്ടായ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പോലും പറയുന്നത്, യാഥാര്‍ത്യം മനസ്സിലാക്കാന്‍ വൈകിപ്പോയി എന്നാണ്.

അണ്ണാ ഹസാരെ

ഇവിടെയാണ്, അരുദ്ധതിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത്, മാഗ്സസെ അവാര്‍ഡ് (39000 ഡോളര്‍) നല്‍കി കെജ്രിവാളിനെ എമര്‍ജിംഗ് ലീഡറായി ചിത്രീകരിച്ചത്, നിലവിലുള്ള കോണ്‍ഗ്രസ്് ഭരണത്തെ മാറ്റി, ദലിതര്‍ക്കെതിരെ സവര്‍ണാധിപത്യം കൊണ്ട് വരാനുള്ള സംഘപരിവാര്‍ അജണ്ടയാണ്. ഇന്നതിന്റെ പൂര്‍ത്തീകരണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സംഘപരിവാറിന്റെ, പൊതുമേഖലയെ അവഗണിച്ച്, കുത്തകകള്‍ക്കനുകൂലമായ ആശയ രൂപീകരണത്തിന്റെ സമാനതയും, പരസ്യ ഏജന്‍സിയിലൂടെയുള്ള പ്രചരണവും, അടിസ്ഥാന വിഷയങ്ങളുമൊക്കെ അവഗണിച്ച്, പൗരന്റെ മുഴുവന്‍ ആവശ്യങ്ങളും ഒറ്റ വിഷയത്തിലേക്ക് കേന്ദ്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയുമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനിലും നമുക്ക് കാണാന്‍ സാധിക്കുന്നത്.

കേരളത്തില്‍, വേരു പിടിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ വില പോവില്ലെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നീക്കമെന്നുള്ളത്, ചില പോസ്റ്ററുകളിലൂടെയും പ്രചരിക്കപ്പെടുന്നുണ്ട്. ഇടതും വലതും കൈവിട്ട സ്ഥിതിക്ക്, ഈ പദ്ധതി നടപ്പിലാക്കാന്‍ ബി.ജെ.പിക്ക് ഒരവസരം കൊടുത്താലോ,? എന്നൊക്കെയുള്ള നിലയില്‍ ഇതുമാറുമോ എന്നത് കണ്ടറിയേണ്ടതാണ്.

ഏറ്റവും അവസാനം നമുക്ക് ലഭിക്കുന്ന വാര്‍ത്ത, OlOP എന്ന സംഘടന സംഘപാരിവാറില്‍ നിന്നുള്ളതാണെന്ന് സംസ്ഥാന ഇന്റെലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ്. അപ്പോള്‍ പോലും അതിന്റെ സംഘടനാ തലപ്പത്ത് ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനെയും കാണാന്‍ സാധിക്കില്ലെന്നും, ഒരു രാഷ്ട്രീയ ചുവടുമാറ്റമാണിതിലൂടെ ലക്ഷ്യം വെക്കുന്നതുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പഞ്ചായത്ത് ഇലക്ഷനിലേക്ക് തയ്യാറെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്, ചെറിയ കാലയളവുകൊണ്ട് അത്തരം ആത്മ വിശ്വാസം ലഭിക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ മറ്റൊരു ഘടകമുണ്ടെന്നുള്ളതില്‍ സംശയമില്ല. ദല്‍ഹിയില്‍ ആം ആദ്മി വിജയിച്ചപ്പോള്‍, കേരളത്തിലെ, ഇടത് ലിബറല്‍ തൊട്ട് സാഹിത്യകാരടക്കം സംഘടിച്ച് ആം ആദ്മിയെ കേരളത്തില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തിടത്താണ് പുതിയ തന്ത്രവുമായി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കടന്നു വരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: One india one pension, sanghparivar agenda

സാജിദ സുബൈദ