| Saturday, 14th November 2020, 6:46 pm

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ വോട്ടാക്കാന്‍ സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, സമീപകാലത്തായി സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൂട്ടായ്മയാണിത്. ഇന്ത്യയില്‍ 60 വയസ് പിന്നിടുന്ന എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക എന്നതാണ് ‘വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’ മുഖ്യമായും പറയുന്നത്. ഇവരുടെ ഫേസ്ബുക്ക് പേജിന്റെ ബയോയില്‍ പറയുന്നത് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തവരാകട്ടെ, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തവരാകട്ടെ, തൊഴിലെടുക്കാത്തവരാകട്ടെ, സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, രാജ്യത്തെ എല്ലാവര്‍ക്കും ഒരു പെന്‍ഷന്‍ എന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

ഒരു ശരാശരി പൗരന് ഒറ്റനോട്ടത്തില്‍ കൊള്ളാം എന്ന് തോന്നുന്ന മുദ്രാവാക്യവുമായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിരിക്കുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘപരിവാറിന്റെ മറ്റൊരു തന്ത്രമാണെന്ന നേരത്തെ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍ ശരിവെയ്ക്കപ്പെടുകയാണ്. 2011 – 2012 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുകയും യു.പി.എ സര്‍ക്കാരിന്റെ വീഴ്ചക്കുവരെ കാരണമാവുകയും ചെയ്ത ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റിന്റെ തനിയാവര്‍ത്തനമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് നിരവധി പേര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് ഗ്രൂപ്പ് ഐക്കണ്‍ ‘ജനനി ജന്മ ഭൂമി’ എന്നതിലേക്ക് മാറിയിരുന്നു. സംഘപരിവാര്‍ മറ നീക്കി പുറത്ത് വന്നതാണെന്ന ആരോപണം പല ഭാഗത്ത് നിന്നും ഉയര്‍ന്നു. അഡ്മിന്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഇതിന് ഭാരവാഹികള്‍ പറഞ്ഞ മറുപടി. എന്നാല്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍.എസ്.എസ് സംഘടനയാണെന്ന് സംസ്ഥാന ഇന്റലിജന്‍സിന് വിവരം ലഭിച്ചതായ വാര്‍ത്തകളും പുറത്തു വന്നിരുന്നു.

തുടക്കം മുതല്‍ തന്നെ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്ന പാര്‍ട്ടി ഏതായാലും അവര്‍ക്കായിരിക്കും വോട്ട് നല്‍കുകയെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വിവിധ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും വാട്‌സ്ആപ്പ് മെസേജുകളിലൂടെയും സംഘടന പറഞ്ഞിരുന്നു. ഇപ്പോള്‍ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ മണ്ഡലങ്ങളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവരുടെ വിവരങ്ങളും പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ പങ്കുവെച്ചിരുന്നു. മൂവ്‌മെന്റ് സ്വഭാവത്തില്‍ നിന്നും മാറി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള രാഷ്ട്രീയത്തില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

2019 ജൂലൈയില്‍ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ ഇതിനകം ആറു ലക്ഷത്തോളം പേര്‍ അംഗങ്ങളായിട്ടുണ്ട്. 24 അംഗങ്ങളുള്ള ട്രസ്റ്റ് ആണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളില്‍ ഇതിനകം സംഘടന കമ്മിറ്റികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ 22,000 വാര്‍ഡുകളില്‍ ഗ്രാസ് റൂട്ട് ലെവല്‍ പാനലുകള്‍ ആരംഭിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

അഴിമതി തുടച്ചുനീക്കുക എന്ന പോലെ, എല്ലാവര്‍ക്കും തുല്യമായ പെന്‍ഷന്‍ എന്ന ഏറെ ആകര്‍ഷീണയവും ജനകീയവുമായ ആശയത്തിന്റെ മറവിലൂടെ നിലവിലെ ഭരണജനാധിപത്യ സംവിധാനങ്ങള്‍ക്കെതിരെ പൊതുവികാരം സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കമാണിതെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്. സംഘപരിവാര്‍ വിരുദ്ധരെ വരെ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനാണ് ആര്‍.എസ്.എസ് ബുദ്ധി കേന്ദ്രങ്ങളുടെ ലക്ഷ്യം. ബി.ജെ.പി വിരുദ്ധ വികാരം നിലനില്‍ക്കുന്ന, അധികാരകേന്ദ്രങ്ങളില്‍ കാര്യമായ സ്ഥാനങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ മുഖംമൂടികളഞ്ഞുകൊണ്ട് തങ്ങള്‍ക്ക് അനുകൂലമായ പൊതുവികാരം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആര്‍.എസ്.എസ് എക്കാലവും നടത്തിയിരുന്നു.

വാര്‍ദ്ധക്യ കാലത്ത്, സാമ്പത്തിക ഭദ്രതയുണ്ടാവുക എന്ന ആശയത്തോട് എല്ലാവര്‍ക്കും പരിപൂര്‍ണ്ണ യോജിപ്പായിരിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഇവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും മറ്റുമായി നിരവധി പേര്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനില്‍ മെമ്പര്‍ഷിപ്പെടുത്തു കഴിഞ്ഞു. പിന്നീട് ഇവര്‍ വഴിയാണ് മറ്റുള്ളവര്‍ അംഗങ്ങളാകുന്നത്.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന പദ്ധതിക്ക് തടസ്സം സര്‍ക്കാര്‍ ജീവനക്കാരാണ് എന്ന വാദം നിരന്തരം ഉന്നയിക്കപ്പെടുന്നത് കാണാം. രാജ്യത്തെ 140 കോടി ജനങ്ങളില്‍ നൂറ് ദശലക്ഷം വരുന്ന വയോധികര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുന്നതിന് 12 ലക്ഷം കോടി രൂപയാണാവശ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പിരിയുന്നവരുടെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക കണക്കാക്കിയാല്‍, ഏകദേശം ഈ തുകയോട് അടുത്ത് വരും. ഈ കണക്ക് നിരത്തിയാണ് ഇവര്‍ ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളും അതിലെ തൊഴിലാളികളുമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന നിലപാടിലേക്കും പിന്നീടെത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും, ഭരണ സംവിധാന വ്യവസ്ഥയും അതിലേക്ക് നയിക്കുന്ന പ്രവര്‍ത്തനവുമാണ് അധിക ചിലവിന് കാരണം എന്നവര്‍ വാദിക്കുകയും, റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ, അല്ലങ്കില്‍ ജനപ്രതിനിധികളുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

രാജ്യത്ത്, പൗരന് ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുകയും രാജ്യം നില നിര്‍ത്തുകയുമാണ് ഭരണ സംവിധാനത്തിലൂടെയും പൊതുമേഖലയിലൂടെയും സാധ്യമാക്കുന്നതെന്ന് ബോധപൂര്‍വ്വം മറച്ചു പിടിക്കാനും സാധാരണക്കാരെ വഞ്ചിക്കാനുമാണ്, ഇത്തരം വാദത്തിലൂടെ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ആവശ്യത്തിന് സര്‍ക്കാര്‍ ജോലിയുള്ള കേരളത്തില്‍ പലരും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ആശയം സാധ്യമാണെന്ന് കരുതുന്നതായി മാധ്യമപ്രവര്‍ത്തകയായ ആഷ്‌ലിന്‍ മാത്യു ചൂണ്ടിക്കാണിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഇത് സാധ്യമാണെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയിലും സാധ്യമല്ല എന്നാണ് ഇവര്‍ ചോദിക്കുന്നത്. പക്ഷെ കേരളം ഇന്ത്യയല്ല, ഇന്ത്യ സ്‌കാന്‍ഡിനേവിയയുമല്ല എന്നാണ് ഇവരോട് പറയാനുള്ളതെന്നും ആഷ്‌ലിന്‍ ട്വീറ്റ് ചെയ്തു.

ജനങ്ങളില്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരോട് ഒരു തരം അസൂയവാഹമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും അത് വഴി ഇത്തരം സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാന്‍ മാത്രമുള്ളതാണെന്ന് പറഞ്ഞുവെക്കുകയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. അതോടു കൂടി പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരെയും ജനാധിപത്യ ഭരണ സംവിധാനത്തിനെതിരെയും തിരിയാന്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. എല്ലാം ലാഭ നഷ്ടകണക്കുകളുടെ അടിസ്ഥാനത്തില്‍ നിരത്തി, കുത്തക മുതലാളിമാര്‍ക്ക് കടന്നു വരാനുള്ള സാഹചര്യത്തെ സ്വാഗതം ചെയ്യുന്ന പ്രവണതയിലേക്ക് ജനങ്ങളെ എത്തിക്കുന്നു.

അതിനേക്കാള്‍ ഭീകരമായ കാര്യം മറ്റൊന്നാണെന്ന് സാമൂഹ്യപ്രവര്‍ത്തകയായ സാജിദ ഷജീര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണക്കിലെ കളികള്‍ കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന സംഘടന, ഇന്ത്യയിലെ, 50 കുത്തക മുതലാളിമാരുടെ കൈയ്യിലുള്ള 300 ലക്ഷം കോടി രൂപയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ലോക സമ്പന്നരില്‍ നാലാം സ്ഥാനക്കാരനായ അംബാനിയുടെ കൈയ്യിലുള്ള 6 ലക്ഷം കോടി രൂപയെ കുറിച്ചും മിണ്ടുന്നില്ല. 140 കോടി ജനങ്ങളനുഭവിക്കേണ്ട പൊതു മുതല്‍ ചൂഷണം ചെയ്താണ് വിരലിലെണ്ണാവുന്ന കുത്തകകള്‍ ഇന്ത്യയുടെ സമ്പത്ത് കൈയ്യടക്കി വെച്ചിരിക്കുന്നത് എന്നതിനെ കുറിച്ചും മൗനം അവലംബിക്കുന്നു. ഇത്തരം കുത്തകകള്‍ രാജ്യത്തെ ചൂഷണം ചെയ്തുണ്ടാക്കുന്ന സമ്പത്തിന് പരിധി നിശ്ചയിക്കണമെന്നവര്‍ക്ക് അഭിപ്രായവുമില്ല.

ഈ ആശയപ്രചരണങ്ങളിലൂടെ വ്യക്തമായി സ്വാധീനം സൃഷ്ടിച്ച ശേഷം ഇവര്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നതു മാത്രമാണെന്ന ചിന്തയിലേക്ക് ജനങ്ങളെ മാറ്റിയെടുക്കുമെന്നും സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നു,
ജനങ്ങളെ ഏറ്റവും തന്ത്രപരമായി ചൂഷണം ചെയ്തുകൊണ്ട് തങ്ങളുടെ അനുഭാവികളും പ്രവര്‍ത്തകരുമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പത്ത് രൂപ മാത്രം മെമ്പര്‍ഷിപ്പ് ഫീസ് വാങ്ങുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന് എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താനും പ്രചാരണ പ്രവര്‍ത്തനം നടത്താനുമുള്ള സാമ്പത്തിക സ്രോതസ്സ് ലഭിക്കുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്. മെമ്പര്‍ഷിപ്പും പ്രവര്‍ത്തനവും സോഷ്യല്‍ മീഡിയ വഴി ആയത് കൊണ്ട് തന്നെ ഈ പത്ത് രൂപ പോലും ഭൂരിഭാഗം പേരില്‍ നിന്നും പിരിഞ്ഞു കിട്ടിയിട്ടില്ല എന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്‌കൈ മീഡിയ എന്ന ഭീമന്‍ പരസ്യ ഏജന്‍സിയാണ് ഇവരുടെ പേജ് ബൂസ്റ്റ് ചെയ്യുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുകൂടിയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന് പിന്നില്‍ ബി.ജെ.പി – സംഘപരിവാറാണെന്ന് ആരോപണങ്ങളുയരുന്നത്.

പൊതുമേഖലയെ അവഗണിക്കുന്ന കുത്തകകള്‍ക്കനുകൂലമായ ആശയ രൂപീകരണത്തിന്റെ സമാനതയും, പരസ്യ ഏജന്‍സിയിലൂടെയുള്ള പ്രചരണവും, അടിസ്ഥാന വിഷയങ്ങളെ അവഗണിക്കുന്ന സമീപനവും പൗരന്റെ മുഴുവന്‍ ആവശ്യങ്ങളും ഒറ്റ വിഷയത്തിലേക്ക് കേന്ദ്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയുമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനിലും നമുക്ക് കാണാന്‍ സാധിക്കുന്നത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ മൂവ്‌മെന്റ് നടക്കുന്നുണ്ടെങ്കിലും കേരളത്തില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: One India One Pension, a Sangh Parivar BJP trick to win over Kerala

Latest Stories

We use cookies to give you the best possible experience. Learn more