| Saturday, 29th November 2014, 10:06 am

ഇന്ത്യയില്‍ അയിത്തം ശക്തം: 27% പേരും തൊട്ടുകൂടായ്മയില്‍ വിശ്വസിക്കുന്നവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഭരണഘടനപ്രകാരം നിര്‍ത്തലാക്കിയിട്ട് 64 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലെ നാലിലൊന്നുപേര്‍ ഇപ്പോഴും വീടുകളില്‍ ഇത് പിന്തുടരുന്നുണ്ടെന്ന് സര്‍വ്വേ ഫലം.

തൊട്ടുകൂടായ്മ പിന്തുടരുന്നുണ്ടെന്ന് വെളിപ്പടുത്തിയവരില്‍ മുസ്‌ലിങ്ങളും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുമുള്‍പ്പെടെ എല്ലാ മത ജാതി വിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്. തൊട്ടുകൂടായ്മ ഏറ്റവുമധികം നിലനില്‍ക്കുന്നത് ബ്രാഹ്മണര്‍മാരിലാണ്. ഒ.ബി.സി വിഭാഗങ്ങളാണ് ഇതിന് തൊട്ടുപിന്നില്‍.

മതവിഭാഗങ്ങള്‍ക്കിടയില്‍ ഹിന്ദു, സിക്ക്, ജൈന മതങ്ങള്‍ക്കിടയിലാണ് തൊട്ടുകൂടായ്മ ഏറ്റവുമധികം നിലനില്‍ക്കുന്നതെന്നും സര്‍വ്വേയില്‍ കണ്ടെത്തി. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്‌ണോമിക് റിസര്‍ച്ചും യു.എസിലെ മെറിലാന്റ് യൂണിവേഴ്‌സിറ്റിയുമാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യയിലെ 42,000 ത്തിലധികം കുടുംബങ്ങളാണ് ഈ സര്‍വ്വേയില്‍ പങ്കെടുത്തത്.

ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര ഗാര്‍ഹിക സര്‍വ്വേയായ ഇന്ത്യന്‍ ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് സര്‍വ്വേയുടെ ഭാഗമാണ് ഈ ഫലങ്ങള്‍. ഈ സര്‍വ്വേയുടെ പൂര്‍ണമായ ഫലം 2015 ല്‍ പുറത്തുവരും.

“നിങ്ങളുടെ വീട്ടിലെ ആരെങ്കിലും തൊട്ടുകൂടായ്മ പിന്തുടരന്നുണ്ടോ?” എന്ന ചോദ്യത്തിന്റെ പ്രതികരണം സര്‍വ്വേ നടത്തിയവര്‍ ആരാഞ്ഞു. “ഇല്ല” എന്നാണ് ഉത്തരമെങ്കില്‍ “പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ നിങ്ങളുടെ അടുക്കളയില്‍ കയറുന്നത് അനുവദിക്കുമോ?” എന്ന് ചോദിച്ചു.

ഇന്ത്യയില്‍ 27% ആളുകളും പ്രതികരിച്ചത് ചില രീതിയില്‍ തൊട്ടുകൂടായ്മ ഇപ്പോഴും തങ്ങളുടെ കുടുംബത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്. ബ്രാഹ്മണര്‍മാരിലാണ് ഈ രീതി ഏറ്റവുമധികം നിലനില്‍ക്കുന്നത്. 52% ബ്രാഹ്മണരും ഇത് പിന്തുടരുന്നുണ്ട്. ബ്രാഹ്മണരൊഴികെയുള്ള മുന്നോക്ക ജാതിയില്‍പ്പെട്ടവരില്‍ 24% പേരും തൊട്ടുകൂടായ്മ പിന്തുടരുന്നുണ്ട്. ഒ.ബി.സി വിഭാഗങ്ങളില്‍ 33% പേരും പട്ടികജാതി വിഭാഗത്തില്‍ 15% പേരും പട്ടികവര്‍ഗ വിഭാഗങ്ങളില്‍ 22% പേരും തൊട്ടുകൂടായ്മ പിന്തുടരുന്നവരാണ്.

ഹിന്ദുക്കളില്‍ 30% പേരും സിക്കുകാരില്‍ 23% വും മുസ്‌ലിങ്ങളില്‍ 18% വുമാണ് തൊട്ടുകൂടായ്മ പിന്തുടരുന്നത്. ജൈന മതവിഭാഗമാണ് ഈ ലിസ്റ്റില്‍ ഏറ്റവും മുന്നില്‍. ഈ മതവിഭാഗത്തില്‍പ്പെട്ട 35% ആളുകളിലും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ട്.

ഹിന്ദിക്കാരുടെ മനസിലാണ് തൊട്ടുകൂടായ്മ ഏറ്റവും ശക്തമായി നിലനില്‍ക്കുന്നത്. സംസ്ഥാന തലത്തില്‍ മധ്യപ്രദേശ് (53%) ആണ് ഒന്നാം സ്ഥാനത്ത്. ഹിമാചല്‍ പ്രദേശ് (50%), ഛത്തീസ്ഗഢ് (48%), രാജസ്ഥാനും ബീഹാറും (47%), ഉത്തര്‍പ്രദേശ് (43%), ഉത്തരാഖണ്ഡ് (40%) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി.

പശ്ചിമബംഗാളിലാണ് ഏറ്റവും കുറവ്. ഇവിടെ 1% പേര്‍ മാത്രമാണ് തൊട്ടുകൂടായ്മ പിന്തുടരുന്നുണ്ടെന്ന് സമ്മതിച്ചത്. കേരളമാണ് ബംഗാളിന് തൊട്ടുമുന്നില്‍ (2%).

ജാതി സമ്പ്രദായം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും സാമൂഹ്യ ഘടനയില്‍ നിന്നും അതിനെ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും എന്‍.സി.എ.ഇ.ആര്‍ റിസര്‍ച്ചിന് നേതൃത്വം നല്‍കിയ മുഖ്യ ഗവേഷകന്‍ ഡോ. അമിത് തൊറാട്ട് പറയുന്നു.

നിലവില്‍ 1950ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജോലികളിലെ എസ്.സി ക്വാട്ട ഹിന്ദു, സിക്ക്, ബുദ്ധ മതവിഭാഗങ്ങളില്‍പ്പെട്ട ദളിതര്‍ക്ക് മാത്രമേയുള്ളൂ. മുസ്‌ലിം, ക്രിസ്റ്റ്യന്‍ ദളിത് വിഭാഗങ്ങള്‍ക്ക് ഈ സംവരണം ലഭിക്കുന്നില്ല.

We use cookies to give you the best possible experience. Learn more