ന്യൂദല്‍ഹി: വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അഞ്ചില്‍ ഒന്ന് ലഭിക്കുന്നത് കൊണ്ടാണ് ചന്ദ്രയാന്‍ 3ന് ചരിത്ര വിജയം കൈവരിക്കാന്‍ സാധിച്ചതെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. ബഹിരാകാശ പര്യവേഷണങ്ങള്‍ കുറഞ്ഞ ചെലവില്‍ ചെയ്യാന്‍ സാധിക്കുന്നതും ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
‘ലോകമെമ്പാടും നല്‍കുന്ന ശമ്പളത്തിന്റെ അഞ്ചില്‍ ഒന്നാണ് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ക്കും ടെക്‌നിഷ്യന്‍സിനും മറ്റ് സ്റ്റാഫുകള്‍ക്കും ലഭിക്കുന്നത്. അത് നമുക്കൊരു നേട്ടമാണ്,’ മാധവന്‍ നായര്‍ പറഞ്ഞു.
ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരില്‍ കോടീശ്വരന്മാരില്ലെന്നും അവര്‍ സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ ഒരിക്കലും പണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. തങ്ങളുടെ മിഷനില്‍ ആവേശവും അര്‍പ്പണബോധവുമുള്ളവരാണവര്‍. അതുകൊണ്ടാണ് ഞങ്ങള്‍ ഉയര്‍ന്ന വിജയം കൈവരിക്കുന്നത്. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായ ആസൂത്രണത്തിലൂടെയും ദീര്‍ഘവീക്ഷണത്തിലൂടെയും ഇത് നേടാനാകും.
നമ്മള്‍ ഒന്നിന് പുറകെ ഒന്നായി ഓരോന്ന് നിര്‍മിച്ചു. മുന്‍കാലങ്ങളില്‍ നിന്നും ഞങ്ങള്‍ പഠിച്ചത് തുടര്‍ന്നുള്ള ദൗത്യത്തിനായി ഉപയോഗിച്ചു. ഏകദേശം 30 വര്‍ഷം മുമ്പ് ഞങ്ങള്‍ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിനായി വികസിപ്പിച്ചെടുത്ത അതേ എഞ്ചിനാണ് ജി.എസ്.എല്‍.വിക്കും ഉപയോഗിച്ചത്,’ മാധവന്‍ നായര്‍ പറഞ്ഞു.
ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഇന്ത്യ സ്വദേശത്ത് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അത് ചെലവ് ഗണ്യമായി കുറക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ബഹിരാകാശ ദൗത്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ബഹിരാകാശ ദൗത്യ ചെലവ് 50 മുതല്‍ 60 ശതമാനം വരെ കുറവാണെന്നും മാധവന്‍ നായര്‍ പറഞ്ഞു.
ഐ.എസ്.ആര്‍.ഒ പറയുന്നതനുസരിച്ച് ചന്ദ്രയാന്‍ മൂന്നിന്റെ ആകെ ചെലവ് 615 കോടിയാണ്. ഇത് ഏകദേശം ഒരു ബോളിവുഡ് സിനിമ നിര്‍മാണത്തിനുള്ള ചെലവ് മാത്രമാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.04നാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരി തലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ഇതോട് കൂടി ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യവും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവുമായി മാറുകയാണ് ഇന്ത്യ.
CONTENT HIGHLIGHTS: One fifth of what scientists in India earn; Here’s the reason for success: Ex-ISRO