ഇടുക്കിയില്‍ ഇപ്പോഴും പിരിച്ചുവിടാത്ത ഒരു പ്രളയ ദുരിതാശ്വാസ ക്യാംപുണ്ട്
അനസ്‌ പി

പ്രളയകാലത്ത് നൂറ്ററുപതോളം കുടംബങ്ങളെ താമസിപ്പിച്ചിരുന്ന ദുരിതാശ്വാസ ക്യാംപായിരുന്നു ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടിയിലെ ഈ സ്‌കൂള്‍. ഒരു വര്‍ഷത്തിനിപ്പുറം തിരിച്ചു പോവാന്‍ ഇടമില്ലാതെ ഒരു കുടുംബം മാത്രം ഈ സ്‌കൂളില്‍ അവശേഷിക്കുകയാണ്.

വാസയോഗ്യമല്ലാത്തത് കൊണ്ടും അപകട ഭീഷണിയുള്ളത് കൊണ്ടുമാണ് കത്തിപ്പാറ ഒഴുകാസിറ്റി സ്വദേശികളായ കറുപ്പനും രാജമ്മയ്ക്കും സ്വന്തം വീട് നിന്ന സ്ഥലത്തേക്ക് തിരിച്ചുപോവാന്‍ സാധിക്കാത്തത്. പുനരധിവാസത്തിന്റെ ഭാഗമായി വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഒരു കുന്നിന് മുകളില്‍ സ്ഥലം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സ്ഥലത്തേക്ക് ബസ് ഗതാഗതം പോലുമില്ലെന്ന് കുടുംബം പറയുന്നു.

മറ്റുള്ളവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോയപ്പോള്‍ സര്‍ക്കാരിന്റെ ഇടപെടലും കാത്ത് ഉപേക്ഷിക്കപ്പെട്ട സ്‌കൂളില്‍ കഴിയുകയാണ് ഈ കുടുംബം.

 

അനസ്‌ പി
ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍