ലോക പ്രശസ്ത ബോയ് ബാന്‍ഡായ വണ്‍ ഡയറക്ഷനിലെ മുന്‍ ഗായകന്‍ ലിയാം പെയിന്‍ മരിച്ച നിലയില്‍
Obituary
ലോക പ്രശസ്ത ബോയ് ബാന്‍ഡായ വണ്‍ ഡയറക്ഷനിലെ മുന്‍ ഗായകന്‍ ലിയാം പെയിന്‍ മരിച്ച നിലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 8:10 am

ബ്രിട്ടീഷ് പോപ്പ് ബാന്‍ഡായ വണ്‍ ഡയറക്ഷനിലെ ലിയാം പെയിനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഒരു ഹോട്ടലിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് ലിയാം മരണപ്പെട്ടത്.

വീഴ്ചയില്‍ വളരെ ഗുരുതരമായ പരിക്കുകള്‍ പറ്റിയിരുന്നെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ ഗായകന്റെ മരണം സ്ഥിരീകരിച്ചതായും പൊലീസ് അറിയിച്ചു. ലിയാം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പോസ്റ്റുമോര്‍ട്ടത്തിനും അന്വേഷണത്തിനും ശേഷം മാത്രമേ മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാകൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മരണപ്പെടുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം തന്റെ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്.

2008ല്‍ തന്റെ പതിനഞ്ചാം വയസില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ സീരീസായ എക്‌സ് ഫാക്റ്ററില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടാണ് ലിയാം ആദ്യമായി സ്‌റ്റേജില്‍ എത്തുന്നത്. അന്ന് അദ്ദേഹം സോളോ ഓഡിഷനില്‍ പരാജയപ്പെടുകയായിരുന്നു.

പിന്നീട് 2010ല്‍ വീണ്ടും ഓഡിഷന് എത്തുകയും അതിന് പിന്നാലെ ഓഡിഷനെത്തിയ മറ്റു നാല് പേര്‍ക്കൊപ്പം വണ്‍ ഡയറക്ഷന്‍ എന്ന ബാന്‍ഡില്‍ അംഗമാകുകയും ചെയ്യുകയായിരുന്നു. വണ്‍ ഡയറക്ഷന്‍ പിരിഞ്ഞതിനു ശേഷം ലിയാം പെയിനിന്റെ സോളോ ഗാനങ്ങള്‍ ബില്‍ബോര്‍ഡ്സ് ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2024ല്‍ പുറത്തിറങ്ങിയ ടിയര്‍ ഡ്രോപ്സ് ആണ് ലിയാമിന്റെ അവസാന ഗാനം.

വണ്‍ ഡയറക്ഷന്‍

2010ല്‍ ലണ്ടനില്‍ രൂപീകരിച്ച ഒരു ഇംഗ്ലീഷ് – ഐറിഷ് പോപ്പ് ബോയ് ബാന്‍ഡാണ് വണ്‍ ഡയറക്ഷന്‍. ലിയാം പെയിന്‍, ഹാരി സ്‌റ്റൈല്‍സ്, നിയാല്‍ ഹൊറാന്‍, സെയ്ന്‍ മാലിക്, ലൂയിസ് ടോംലിന്‍സണ്‍ എന്നീ അഞ്ച് പേരായിരുന്നു ഈ ബോയ് ബാന്‍ഡില്‍ ഉണ്ടായിരുന്നത്.

വൈകാതെ തന്നെ അവര്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗായകരായി മാറുകയായിരുന്നു. 2011ലായിരുന്നു അവര്‍ തങ്ങളുടെ ആദ്യ ആല്‍ബമായ അപ്പ് ഓള്‍ നൈറ്റ് പുറത്തിറക്കിയത്. അത് ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലറായിരുന്നു.

പിന്നാലെ 2012ല്‍ ടേക്ക് മി ഹോം, 2013ല്‍ മിഡ്നൈറ്റ് മെമ്മറീസ്, 2014ല്‍ ഫോര്‍, 2015ല്‍ മെയ്ഡ് ഇന്‍ ദ എ.എം തുടങ്ങി വണ്‍ ഡയറക്ഷന്റേതായി അഞ്ച് ആല്‍ബങ്ങള്‍ പുറത്തിറങ്ങി. ഇവ നിരവധി രാജ്യങ്ങളില്‍ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി. നിരവധി ഹിറ്റ് സിംഗിള്‍സും വണ്‍ ഡയറക്ഷന്റേതായി പുറത്തിറങ്ങി.

യു.എസ്. ബില്‍ബോര്‍ഡ് 200 ചരിത്രത്തില്‍ ആദ്യത്തെ നാല് ആല്‍ബങ്ങള്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ബാന്‍ഡായി വണ്‍ ഡയറക്ഷന്‍ മാറി. അവരുടെ മൂന്നാമത്തെ ആല്‍ബമായ മിഡ്നൈറ്റ് മെമ്മറീസ് 2013ല്‍ ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്‍ബമായി മാറിയിരുന്നു.

Content Highlight: One Direction Star Liam Payne Found Dead