| Tuesday, 21st May 2024, 12:56 pm

ബിഹാറില്‍ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി-ആര്‍.ജെ.ഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ബി.ജെ.പി-ആര്‍.ജെ.ഡി സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു.

ബിഹാറിലെ സരണിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ആയിരുന്നു സരണില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ആര്‍.ജെ.ഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകളുമായ രോഹിണി ആചാര്യ ആണ് സരണിലെ സ്ഥാനാര്‍ത്ഥി.

തിങ്കളാഴ്ച വൈകിട്ട് വോട്ടെടുപ്പിനിടെ ഒരു ബൂത്തില്‍ രോഹിണി ആചാര്യ എത്തി വോട്ടര്‍മാരുമായി സംസാരിച്ചതിന്റെ പേരില്‍ സ്ഥലത്ത് ബി.ജെ.പി പ്രവര്‍ത്തകരും ആര്‍.ജെ.ഡി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ തര്‍ക്കം ചൊവ്വാഴ്ച രാവിലെയും തുടരുകയായിരുന്നു.

വാക്ക് തര്‍ക്കത്തിനിടെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.

സംഘര്‍ഷ സാധ്യത തുടരുന്നതിനാല്‍ സരണില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചതായും സരണ്‍ എസ്.പി അറിയിച്ചു.

തിങ്കളാഴ്ച വോട്ടെടുപ്പിനിടെ രോഹിണി ആചാര്യ ബൂത്ത് കയ്യേറാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘര്‍ഷങ്ങളുടെ തുടക്കം. രോഹിണി ആചാര്യ വോട്ടര്‍മാരോട് മോശമായി പെരുമാറിയെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. സരണിലെ ബി.ജെ.പിയുടെ സിറ്റിങ് എം.പി രാജീവ് പ്രതാപ് റൂഡിക്കെതിരെയാണ് രോഹിണി ആചാര്യ മത്സരിക്കുന്നത്.

Content Highlight: One dead in post-poll violence in Bihar’s Saran

We use cookies to give you the best possible experience. Learn more