മാരുതി പ്ലാന്റില്‍ ദളിത് തൊഴിലാളിക്ക് നേരെ അധിക്ഷേപം : സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
India
മാരുതി പ്ലാന്റില്‍ ദളിത് തൊഴിലാളിക്ക് നേരെ അധിക്ഷേപം : സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2012, 8:25 am

ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റില്‍ തൊഴിലാളികളും മാനേജ്‌മെന്റ് തല ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
90 പേര്‍ക്കു പരിക്കേറ്റു. പ്ലാന്റിലെ ദളിത് തൊഴിലാളിയെ സൂപ്പര്‍വൈസര്‍ ആക്ഷേപിച്ചതാണ് സംഘര്‍ഷത്തിന് കാരണമായിരിക്കുന്നത്.[]

തുടര്‍ന്ന് മാനേജ്‌മെന്റ് തൊഴിലാളിയെ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ പ്രതിഷേധം ശക്തമായി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കുമെന്നു തൊഴിലാളികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ മാനേജ്‌മെന്റ് ഇത് ചെവിക്കൊണ്ടില്ല.

തുടര്‍ന്ന് തൊഴിലാളികള്‍ വൈകുന്നേരത്തോടെ കൂട്ടമായി എത്തി പ്ലാന്റില്‍ തീയിടുകയും പ്ലാന്റിന് പുറത്തുണ്ടായിരുന്ന അന്‍പതോളം കാറുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. തീ ആളിപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

അക്രമത്തില്‍ പരിക്കേറ്റ നാല്‍പ്പതോളം പേര്‍ ആശുപത്രിയിലാണ്. പ്രശ്‌നം അവസാനിക്കുന്നതുവരെ കമ്പനി അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മാരുതിയുടെ സ്വിഫ്റ്റ് കാറാണ്  പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്.

അതേസമയം നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.