| Saturday, 21st January 2023, 5:05 pm

ഒരു ദിവസം മെസിയെ ഞങ്ങൾ സൗദിയിലെത്തിക്കുക തന്നെ ചെയ്യും; സൗദി ഫുട്ബോൾ ഫെഡറേഷൻ

സ്പോര്‍ട്സ് ഡെസ്‌ക്

റൊണാൾഡോയെ സൗദി അറേബ്യൻ പ്രോ ലീഗിലേക്കെത്തിച്ചതിന് പിന്നാലെ യൂറോപ്പിലെ ടോപ്പ് ഡിവിഷൻ ലീഗുകൾ കളിക്കുന്ന നിരവധി താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി.

സെർജിയോ റാമോസ്, കെയ്ലർ നവാസ്, ലൂക്കാ മോഡ്രിച്ച് മുതലായ താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ സൗദി ശ്രമിക്കുന്നതായി നേരത്തെ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ സൗദിയിലേക്ക് ചേക്കെറുന്നതിനെക്കുറിച്ച് ഇവരൊന്നും തന്നെ പ്രതികരിച്ചിട്ടില്ല.

ഈ താരങ്ങളെക്കാളൊക്കെയുപരിയായി മെസി പ്രോ ലീഗിലേക്കെത്തും എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളായിരുന്നു ഫുട്ബോൾ ആരാധകർ കൂടുതൽ ശ്രദ്ധിച്ചത്.

പ്രോ ലീഗിലെ മറ്റൊരു മികച്ച ക്ലബ്ബായ അൽ ഹിലാലായിരുന്നു മെസിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
എന്നാൽ താരം സൗദിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.

ഇപ്പോൾ മെസി സൗദിയിൽ കളിക്കുമോ എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി ഫുട്ബോൾ ഫെഡറേഷൻ ഇബ്രാഹിം അൽ കാസിം.

മെസിയുമായി നിലവിൽ സൗദിയിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്ന് സ്ഥിരീകരിച്ച അദ്ദേഹം എന്നാൽ മെസിയെ ഒരിക്കൽ സൗദി പ്രോ ലീഗിൽ എത്തിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും മാധ്യമങ്ങളെ അറിയിച്ചു.

“ഇപ്പോൾ മെസി സൗദിയിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോസിറ്റീവ് വാർത്തകൾ നിങ്ങളോട് പറയാൻ എനിക്ക് കഴിയില്ല. അത് തുറന്ന് പറയുന്നതിൽ സൗദി ഫെഡറേഷന് ഒരു മടിയുമില്ല. എന്നാൽ ഒരു ദിവസം മെസി സൗദിയുടെ ആഭ്യന്തര ലീഗിൽ കളിക്കുമെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു

“സൗദിയിൽ ഫുട്ബോൾ വളർത്തുക എന്നത് മാത്രമാണ് സൗദി ഫെഡറേഷന്റെ ഒരേയോരു ലക്ഷ്യം. മെസിയും റൊണാൾഡോയും ഒരു ലീഗിൽ കളിക്കുന്നത് കാണാൻ ഞങ്ങൾക്ക് തീർച്ചയായും ആഗ്രഹവുമുണ്ട്. പക്ഷെ നിർഭാഗ്യവശാൽ ആ സ്വപ്നം സഫലമാകുന്നതിനെ പറ്റി കൂടുതലൊന്നും പറയാൻ ഞങ്ങൾക്ക് കഴിയില്ല,’അൽ കാസിം കൂട്ടിച്ചേർത്തു.

സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇബ്രാഹിം അൽ കാസിമിന്റെ പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ 2024വരെ മെസിയെ പി.എസ്.ജിയിൽ പിടിച്ചു നിർത്താൻ ഫ്രഞ്ച് ക്ലബ്ബിന്റെ മാനേജ്മെന്റ് താൽപര്യപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ക്ലബ്ബിന് പ്രഥമ ചാമ്പ്യൻസ് ലീഗ് നേടാൻ മെസിയുടെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് ക്ലബ്ബിന്റെ വാദം.

Content Highlights:One day we will bring Messi to Saudi; Saudi Football Federation

We use cookies to give you the best possible experience. Learn more