| Wednesday, 18th September 2019, 1:31 pm

500 രൂപയും ഒരു ദിനവും മാറ്റിവെക്കാം;ദ്വീപ് കാഴ്ചകളിലേക്ക് കപ്പല്‍ കയറാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട പുറംലോകവുമായി വേറിട്ടുനില്‍ക്കുന്ന ദ്വീപ് കാഴ്ചകളെ ഒരിക്കലെങ്കിലും മനസില്‍ താലോലിക്കാത്തവര്‍ ആരുണ്ട്.? എന്നാല്‍ ദ്വീപ് യാത്രകള്‍ക്കായി ആലോചിക്കുമ്പോള്‍ മാലിയും ലക്ഷദ്വീപുമൊക്കെയാണ് മനസില്‍ വരിക. ആ സുന്ദര ഭൂമികയിലേക്ക് എത്തണമെങ്കില്‍ ആദ്യമൊന്ന് കീശയിലേക്ക് കൂടി നോക്കേണ്ടി വരും.

എളുപ്പം പോകാനും ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരു ദ്വീപ് യാത്ര സംഘടിപ്പിക്കാനും ആഗ്രഹമുള്ളവര്‍ക്ക് മുമ്പില്‍ നല്ലൊരു ഓപ്ഷനാണ് ഉഡുപ്പി… കര്‍ണാടകയിലേക്ക് ട്രെയിന്‍ കയറി ഉഡുപ്പിയിലിറങ്ങാം. ഉഡുപ്പില്‍ മല്‍പെ എന്ന സ്ഥലത്താണ് മനോഹരിയായ സെന്റ് മേരീസ് എന്ന ദ്വീപ് സുന്ദരിയുള്ളത്.

ഉഡുപ്പിയിലേക്ക് യാത്ര ഫിക്‌സ് ചെയ്താല്‍ രണ്ടുണ്ട് കാര്യം. തുരങ്കപ്പാത ട്രെയിന്‍യാത്രയും കൂടെ ലഭിക്കും. കോഴിക്കോട് നിന്നാണ് നിങ്ങള്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നതെങ്കില്‍ ഉഡുപ്പിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഏകദേശം 120 രൂപയാണ് . ഉഡുപ്പിയിലിറങ്ങി ബസ് സ്റ്റേഷനിലെത്തണം.ഇവിടെ നിന്ന് മല്‍പേയിലേക്ക് ബസ് കയറാം.മിനിമം പത്ത് രൂപ ടിക്കറ്റിന്.

പിന്നീട് മല്‍പെ ഹാര്‍ബറില്‍ എത്തണം. ഇവിടെ നിന്ന് വെറും ഇരുപത് മിനിറ്റ് ബോട്ട് യാത്ര അല്‍പ്പം സാഹസികത നിറഞ്ഞതാണ് .പാട്ടും നൃത്തവും കടലിന്റെ ആര്‍ത്തിരമ്പലുമൊക്കെയായി നല്ലൊരു കടല്‍യാത്രയും നിങ്ങള്‍ക്ക് അനുഭവിക്കാം.

മടക്കയാത്ര ഉള്‍പ്പെടെ 250രൂപയാണ് ടിക്കറ്റിന്. ഏറ്റവും കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് സെന്റ് മേരീസ് ദ്വീപിലേക്ക് … തെങ്ങിന്‍ തോപ്പുകളും ശില്‍പ്പങ്ങള്‍ക്ക് സമാനമായ കരിങ്കല്‍ കൂട്ടങ്ങളും തെളിഞ്ഞ ജലാശയങ്ങളും ഈ അത്ഭുതദ്വീപ് നിങ്ങളുടെ മനം കവരും.

നാല് ദ്വീപുകളുടെ ഒരു സമന്വയമാണ് സെന്റ്‌മേരീസ് ദ്വീപ്. 1498ല്‍ വാസ്‌കോ ഡി ഗാമ കണ്ടെത്തിയതാണ് ഈ ദ്വീപെന്നും പറയപ്പെടുന്നു. സെപ്തംബര്‍ മുതല്‍ മെയ് മാസം വരെയാണ് സെന്റ് മേരീസ് ഐലന്റ് യാത്രയ്ക്ക് നല്ലത്.

വൈകീട്ട് നാലുമണിയോടെ തിരിച്ചുപോരാം. ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും സെന്റ് മേരീസ് ഐലന്റ് നല്ലൊരു ചോയ്‌സായിരിക്കും.

We use cookies to give you the best possible experience. Learn more