ന്യൂദല്‍ഹി: രാജ്യത്തെ ഡയറി സഹകരണ സംഘങ്ങളെ സമ്പൂര്‍ണമായി തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജയറാം രമേശ്. കര്‍ണാടകയില്‍ പ്രാദേശിക പാലുല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനിയെ തഴഞ്ഞ് അമൂല്‍ ഔട്ട്‌ലറ്റുകള്‍ കൂടുതലായി തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ജയറാം രമേശിന്റെ പ്രതികരണം.
അമൂലും നന്ദിനിയും രാജ്യത്തെ ധവള വിപ്ലവത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കിയ ജയറാം രമേശ് ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയതെന്നും അവകാശപ്പെട്ടു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് മേലുള്ള സംസ്ഥാനങ്ങളുടെ അധികാരപരിധി വ്യക്തമാക്കിയ, ഭരണഘടനയുടെ നിര്‍ദേശങ്ങളെ മാനിക്കാതെ അവയ്ക്ക് മേല്‍ പൂര്‍ണമായ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നന്ദിനി, അമൂല്‍, മദര്‍ ഡയറി, വിജയ, ആവിന്‍ തുടങ്ങിയ സഹകരണ സംഘങ്ങള്‍ ക്ഷീരകര്‍ഷകരുടെ ജീവിതത്തെ ശാക്തീകരിക്കാനും അഭിവൃദ്ധിപ്പെടുത്താനും സഹായിച്ചിട്ടുണ്ടെന്നും, നന്ദിനിയുടെ സംഭരണ വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ പതിനാലായിരത്തോളം സഹകരണ സംഘങ്ങളുടെ ഒരു കൂട്ടായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
‘സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 24 ലക്ഷത്തോളം കര്‍ഷകര്‍ പ്രതിദിനം 17 കോടിയോളം രൂപ സമ്പാദിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് സഹായകരമായ സഹകരണ സംഘങ്ങളെ ഏകീകരിച്ച് തങ്ങള്‍ക്ക് കീഴില്‍ കൊണ്ടു വരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ ജയറാം രമേശ് പറഞ്ഞു.
സഹകരണ സംഘങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള തീരുമാനം അമിത് ഷായുടേതാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഈ തീരുമാനമെടുത്തത് ബെംഗളൂരുവില്‍ നിന്നോ ചെന്നൈയില്‍ നിന്നോ ഭുവനേശ്വറില്‍ നിന്നോ പൂനെയില്‍ നിന്നോ അല്ല, ദല്‍ഹിയില്‍ നിന്നാണ്. സഹകരണ വകുപ്പ് മന്ത്രി അമിത് ഷായാണ് തീരുമാനത്തിന് പിന്നില്‍. ഇത് ക്ഷീരകര്‍ഷകരുടെ ജീവിതത്തെ അസ്ഥിരപ്പെടുത്തും. അവരുടെ ഉപജീവനത്തിനും വരുമാനത്തിനും ഭീഷണിയാണിത്,’ രമേശ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം കാര്യങ്ങള്‍ നേരത്തെയും കണ്ടിട്ടുള്ളതാണെന്നും ജയറാം രമേശ് പറഞ്ഞു. വളരെ ലാഭകരമായിരുന്ന വിജയ ബാങ്ക്, നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ഓഫ് ബറോഡയുമായും കോര്‍പ്പറേഷന്‍ ബാങ്ക് യൂണിയന്‍ ബാങ്കുമായും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എസ്.ബി.ഐയുമായും ലയിപ്പിച്ചത് സമാനമായ നീക്കങ്ങളായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രീകൃതമായ ഒരു നിയന്ത്രണ സംവിധാനം ഒരുക്കാനുള്ള ബി.ജെ.പിയുടെയും അമിത് ഷായുടെയും നീക്കങ്ങളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്നും ‘ഒരു രാജ്യം ഒരു പാല്‍’ എന്ന രീതിയില്‍ ബി.ജെ.പി ഉയര്‍ത്താവുന്ന മുദ്രാവാക്യത്തെ തങ്ങള്‍ അംഗീകരിക്കില്ലെന്നും രമേശ് പറഞ്ഞു.
നന്ദിനിയെ തഴഞ്ഞ് കൊണ്ട് അമൂല്‍ പാലുല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് കൂടുതലായി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ‘സേവ് നന്ദിനി, ഗോ ബാക്ക് അമൂല്‍’ എന്ന ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
കര്‍ണാടക മാര്‍ക്കറ്റില്‍ അമൂലിന്റെ കടന്നുവരവ് സംസ്ഥാനത്തെ കര്‍ഷകരെയും പാല്‍ ഉല്‍പാദകരെയും ഒരു പോലെ ആശങ്കയിലാക്കുന്നുണ്ടെന്ന് കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ഡയറക്ടര്‍ ആനന്ദ കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നന്ദിനിക്ക് മതിയായ ബ്രാന്‍ഡിങ്ങോ, പ്രൊമോഷനോ നല്‍കാതെ കമ്പനിയെ മനപൂര്‍വ്വം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: ‘One country, one milk’ slogan will not be allowed; Jairam Ramesh on Nandini-Amul dispute