| Wednesday, 18th September 2024, 2:56 pm

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; രാംനാഥ്‌ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. മുന്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2029ലെ മുഴുവന്‍ തെരഞ്ഞെടുപ്പുകളും ഇതുപ്രകാരം ഒരുമിച്ചാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ നീക്കം.

ബില്ലിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രായോഗികമല്ലാത്ത നീക്കമാണ് കേന്ദ്ര മന്ത്രിസഭ നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി. പദ്ധതിയെ കുറിച്ച് പഠിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഈ സമിതി 2024 മാര്‍ച്ചില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കുകയും ചെയ്തു. ഇതിന്റെ ആദ്യഘട്ടമായി രാജ്യത്താകെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താമെന്ന ശുപാര്‍ശയും സമിതി മുന്നോട്ട് വെച്ചിരുന്നു. അവിശ്വാസ പ്രമേയങ്ങള്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏകീകൃത കമ്മീഷന്‍ രൂപീകരിക്കുന്നതിനെ കുറിച്ചും ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാന നിയമസഭകളുടെ അംഗീകാരമില്ലാതെ തന്നെ സുപ്രധാനമായ ചില ബില്ലുകള്‍ കേന്ദ്ര സര്‍ക്കാറിന് പാസാക്കിയെടുക്കാമെന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

Content Highlight: ‘One Country One Election’; The Union Cabinet approved the Ramnath Govind report

We use cookies to give you the best possible experience. Learn more