ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗ് നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്
national news
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗ് നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2024, 8:45 am

കോഴിക്കോട്: എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ 2015ല്‍ തന്നെ മുസ്‌ലിം ലീഗ് സ്വാഗതം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. കൈരളി ന്യൂസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

2015ലെ ഇ.എം.എസ്. നാച്ചിയപ്പന്‍ അധ്യക്ഷനായ പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്ക് മുന്‍പാകെ സര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുസ്‌ലിം ലീഗ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ സ്വാഗതം ചെയ്തിട്ടുള്ളത്. സമയവും അധ്വാനവും ലാഭിക്കാന്‍ സാധിക്കും എന്നായിരുന്നു അന്ന് മുസ്‌ലിം ലീഗിന്റെ നിലപാട്. മുസ്‌ലിം ലീഗ് പദ്ധതിയെ സ്വാഗതം ചെയ്തു എന്നാണ് സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സമിതിക്ക് മുന്‍പാകെ മുസ്‌ലിം ലീഗ് അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് 2015ല്‍ തന്നെ മുസ്‌ലിം ലീഗ് പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുള്ളത്.

അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയില്‍ മുസ്‌ലിം ലീഗ് എതിര്‍പ്പറിയിച്ചിരുന്നതായി മുസ്‌ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് തയ്യാറാക്കിയിട്ടുള്ളത് തട്ടിക്കൂട്ടി റിപ്പോര്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായം രേഖപ്പെടുത്താന്‍ രാംനാഥ് കോവിന്ദ് ആരെയെങ്കിലും വിളിക്കുകയോ സമയം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോ കമ്മീഷനിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഇത് സംബന്ധിച്ച എതിര്‍പ്പ് മുസ്‌ലിം ലീഗ് അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട പാര്‍ട്ടികള്‍ ഈ വിഷയം ഗൗരവമായെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: One country one election; Reportedly welcomed by the Muslim League