ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരല്ല: രാംനാഥ് കോവിന്ദ്
national news
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരല്ല: രാംനാഥ് കോവിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2024, 11:07 pm

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരല്ലെന്ന് രാംനാഥ് കോവിന്ദ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയം നടപ്പിലാക്കാന്‍  വിവിധ ഭരണഘടനാ ഭേദഗതികള്‍ നടത്തുന്നത് ഇംപ്ലിമെന്റേഷന്‍ കമ്മറ്റി പരിശോധിക്കുമെന്നും പാര്‍ലമെന്റ് അന്തിമ തീരുമാനമെടുക്കുമെന്നും മുന്‍ രാഷ്ട്രപതി വ്യക്തമാക്കി.

പ്രസ്തുത ആശയത്തെ ഭരണഘടനാ ശില്‍പികള്‍ മനസിലാക്കിയതാണെന്നും അതുകൊണ്ടുതന്നെ ഇത് ഭരണഘടനാ വിരുദ്ധമാകില്ലെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്ത് പ്രാവര്‍ത്തികമാക്കാനായി കാര്യങ്ങള്‍ പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ രാംനാഥ് കോവിന്ദ് അടങ്ങുന്ന പനലിലായിരുന്നു ചുമതല നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ആശയം നടപ്പിലാക്കാന്‍ കഴിയുമെന്ന് കാണിച്ച് റിപ്പോര്‍ട്ടും പുറത്ത് വിട്ടിരുന്നു.

1967വരെ നടന്ന നാല് ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഓരുമിച്ചായിരുന്നു നടത്തിയിരുന്നതെന്നും പിന്നെ എങ്ങനെയാണ് ഒരുമിച്ച് നടക്കുന്ന വോട്ടെടുപ്പികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഈ ആശയത്തെ പിന്തുണച്ചിട്ടുണ്ടെന്നും അത് ഫെഡറലിസത്തെ കൂടുതല്‍ ശക്തിരപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ്, വ്യാപാരം, വാണിജ്യം എന്നിവ എളുപ്പമാക്കുന്നതിന് ഇടയ്ക്കിടെ തെരഞ്ഞെടുപ്പുകള്‍ നല്ലതല്ലെന്നും കോവിന്ദ് അഭിപ്രായപ്പെട്ടു.

Content Highlight: one country one election not against constitution and fedaralism: RAMNAD KOVIND