ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ അവതരണത്തില്‍ നിന്ന് വിട്ടുനിന്നത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള ബി.ജെ.പി എം.പിമാര്‍.
ത്രീലൈന്‍ വിപ്പ് നല്‍കിയിട്ടും 20 ബി.ജെപി എം.പിമാരാണ് ബില്‍ അവതരണത്തില്‍ നിന്ന് വിട്ടുനിന്നത്. ഇതോടെ ബി.ജെ.പി എം.പിമാര്‍ അതൃപ്തി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വോട്ടെടുപ്പിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതില്‍ ബി.ജെ.പി നേതൃത്വം എം.പിമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
ജ്യോതിരാദിത്യ സിന്ധ്യ, ശന്തനു താക്കൂര്‍, ജഗതാംബിക പാല്‍, ഡി.വൈ. രാഘവേന്ദ്ര, വിജയ് ഭാഗേല്‍, ഉദയ്രാജ് ബോസ്‌ലെ, ജഗന്നാഥ് സര്‍ക്കാര്‍, ജയന്ത്കുമാര്‍ റോയ്, വി. സോമണ്ണ, ചിന്താമണി മഹാരാജ് തുടങ്ങിയ എം.പിമാരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
വോട്ടെടുപ്പില്‍ മുഴുവന്‍ എം.പിമാരും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് നേതൃത്വം പ്രതിനിധികളെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ബി.ജെ.പി പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
ലോക്‌സഭയില്‍ ഇന്നലെ (ചൊവ്വാഴ്ച) 467 എം.പിമാര്‍ മാത്രമാണ് ഹാജരായിരുന്നത്. കേന്ദ്ര നിയമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
269 എം.പിമാര്‍ മാത്രമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ചത്. എന്‍.ഡി.എ സഖ്യത്തിന് ലോക്‌സഭയില്‍ 293 എം.പിമാരാണ് ഉള്ളത്. പ്രതിപക്ഷ സഖ്യത്തിന് 234 സീറ്റുകളും ലോക്‌സഭയിലുണ്ട്.
എന്നാല്‍ 198 എം.പിമാരാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്. കൂടാതെ എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു ബില്ലിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തില്ല.
ബില്‍ പാസാക്കണമെങ്കില്‍ 300 എം.പിമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടാകണം. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ബില്‍ പാസാകുകയുള്ളു. നിലവില്‍ പ്രതിപക്ഷത്തെ മുഴുവന്‍ പാര്‍ട്ടികളും ബില്ലിന് എതിരാണ്.
വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടുനല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ളതാണ് ബില്‍. ഭരണഘടന ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
Content Highlight: One country one election; MPs including Gadkari, abstained from voting, displeased with the BJP