ന്യൂദല്‍ഹി: വിവാദമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര നിയമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പിലാക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തോടെയുള്ള ഈ ബില്ലുകളെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ ബില്ലുകള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ്. ഒരിക്കലും സംസ്ഥാന നിയമസഭകളുടെ കാലാവധി ലോക്സഭയുടെ കാലാവധിക്ക് അനുസൃതമാക്കി മാറ്റാനാവില്ല. അതിനാല്‍ തന്നെ ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തം മനസില്‍ വെച്ചുകൊണ്ട്, ഈ ബില്ലുകള്‍ പിന്‍വലിക്കേണ്ടതുണ്ട്,’ കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പ്രതികരിച്ചു.
ഭൂരിപക്ഷ പിന്തുണയോടെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി മേഘ്‌വാള്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജെ.പി.സിക്ക് വിടുന്നതിനെ അനുകൂലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജെ.പി.സിക്ക് വിടാനുള്ള പ്രമേയം ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
രാജ്യത്തുടനീളമുള്ള ഏകീകൃത തെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന ബില്ലുകള്‍ കുറച്ച് കാലമായി ഭരണകക്ഷിയായ എന്‍.ഡി.എയുടെ പ്രധാന അജണ്ടയാണ്.
ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിന് വേണ്ടിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വഴി കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് കേന്ദ്രം പദ്ധതി ഇടുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെപ്പറ്റി പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ സമിതിയും അനുകൂല പ്രതികരണമാണ് നല്‍കിയത്.
തെരഞ്ഞെടുപ്പുകള്‍ വിവിധ ഘട്ടങ്ങളിലായി നടത്തുമ്പോള്‍ ഏകദേശം 45000 കോടിയുടെ ചെലവ് കേന്ദ്രസര്‍ക്കാരിന് വരുന്നുണ്ടെന്നും ഈ ചെലവ് കുറയ്ക്കാന്‍ ഒറ്റ തെരഞ്ഞൈടുപ്പ് വഴി സാധിക്കും എന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കഴിയുമെന്നും കേന്ദ്രം അവകാശപ്പെടുന്നുണ്ട്.
ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചാലും 362 എം.പിമാരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ പാസാക്കി എടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ എന്‍.ഡി.എയ്ക്ക് നിലവില്‍ 297 അംഗങ്ങളാണ് നിയമസഭയില്‍ ഉള്ളത്. അതിനാല്‍ തന്നെ കേന്ദ്രത്തിന് ഈ ബില്‍ പാസാക്കി എടുക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയുടേയും തൃണമൂലിന്റെയുമൊക്ക പിന്തുണ വേണ്ടി വരും. അതിനാല്‍ ഇവരുടെ തീരുമാനവും നിര്‍ണായകമാകും. എന്നാല്‍ നിലവില്‍ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളെല്ലാം ഇതിനെതിരാണ്.
Content Highlight: One country one election; Law Minister introduces Bill in Lok Sabha; Opposition says it’s against the Constitution