നിരോധിത സംഘടനയില്‍ അംഗമായാല്‍ ഒരാള്‍ പ്രതിയാകില്ല: ജസ്റ്റിസ് ജെ.ബി കോശി
Daily News
നിരോധിത സംഘടനയില്‍ അംഗമായാല്‍ ഒരാള്‍ പ്രതിയാകില്ല: ജസ്റ്റിസ് ജെ.ബി കോശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2015, 3:35 pm

J.B-Koshyതിരുവനന്തപുരം: നിരോധിത സംഘടനയില്‍ അംഗമായതിന് ഒരാളെ പ്രതിയാക്കാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി. മാവോയിസ്‌റ് നേതാവ് മുരളി കണ്ണമ്പിള്ളിയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരോധിത  സംഘടനയില്‍ അംഗമായതിനോ ഒരു പ്ര്‌ത്യേക പ്രത്യയശാസ്ത്രം പിന്തുടര്‍ന്നാലോ ഒരാളെ പ്രതിയായി കണക്കാക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

2012ല്‍ ഉല്‍ഫയുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇന്ദ്രദാസ് എന്നയാളെ വിട്ടയച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്  ജസ്റ്റിസിന്റെ പ്രസ്താവന. 2012 ല്‍ മാവേലിക്കരയില്‍ മാവോയിസ്റ്റ് യോഗം ചേര്‍ന്നതിന് അറസ്റ്റിലായവര്‍ക്ക് ഈ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി ജാമ്യം നല്‍കിയത്.

ക്രിമിനല്‍ കേസുകളിലൊന്നും പ്രതിയല്ലാത്ത മുരളിയെ കേരള പോലീസിന് അയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കഴിയില്ലെന്നും അറസ്റ്റ് നിയമപമല്ലെന്നും സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.  മുരളിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. മുരളിയെ പഴയ കേസുകളില്‍ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

പൂനെയിലെ  മാവേല്‍ മലേഗാവിലെ ഫ്‌ലാറ്റില്‍  നിന്നാണ് പൂനെ എ.ടി.എസ് മുരളി കണ്ണമ്പിള്ളിയെ അറസ്റ്റു ചെയ്തത്. ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ഗണപതിക്ക് ശേഷമുള്ള സമുന്നതനായ നേതാവായാണ് മുരളി കണ്ണമ്പള്ളി അറിയപ്പെടുന്നത്. അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ്ിന്റെ മുഖപത്രമായ “എ വേള്‍ഡ് ടു വിന്‍” എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി.

1976ലെ കായണ്ണ പോലീസ് സ്‌റ്റേഷന്‍  ആക്രമണ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നു ആരോപണമുണ്ടായിരുന്നു.എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്നു.

40 വര്‍ഷമായി  ഒളിവില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പോലീസിന്റെ പക്കല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇല്ലാത്തതാണ് ഒളിവില്‍ കഴിയാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത്.