| Thursday, 15th February 2018, 11:24 pm

ചോരയുണങ്ങാത്ത ഒഞ്ചിയത്ത് കലിയടങ്ങാത്ത കമ്മ്യൂണിസ്റ്റ് പോര്

നയീമ രഹ്ന

ഒരിടവേളയ്ക്കു ശേഷം ഒഞ്ചിയം വാര്‍ത്തകളില്‍ നിറയുകയാണ്. ഏകീകൃത കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപെട്ട കൊലപാതകം നടന്ന മണ്ണാണ്. ടി.പി.ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തിന്റെ അലയൊലികളിന്നും അവസാനിച്ചിട്ടില്ലാത്ത ഒഞ്ചിയത്ത് ആര്‍.എം.പി.ഐയും സി.പി.ഐ.എമ്മും തമ്മിലുള്ള കമ്മ്യൂണിസ്റ്റ് ആശയ-കായിക പോരാട്ടം തുടരുകയാണ്.

ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ടോടെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ആരംഭിച്ച അക്രമപരമ്പരകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇത്ര വ്യാപകമായ അക്രമങ്ങള്‍ അടുത്ത കാലത്തൊന്നും നടന്നിട്ടില്ലെന്നാണ് ഇരുപക്ഷവും പറയുന്നത്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസ് കാവലില്‍ ഒഞ്ചിയം മേഖലയില്‍ മാസങ്ങളായി സി.പി.ഐ.എം ക്രിമിനല്‍ സംഘങ്ങള്‍ തുടര്‍ച്ചയായി അക്രമമഴിച്ചുവിടുകയാണെന്നും നിഷ്‌ക്രിയത്വം പാലിക്കുന്ന പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് ആര്‍.എം.പി.ഐ ആരോപിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ അക്രമം അഴിച്ചു വിടുന്നത് ആര്‍.എം.പി.ഐയാണെന്നാണ് സി.പി.ഐ.എമ്മിന്റെ മറുവാദം.

പാര്‍ട്ടി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വിപിന്‍ ലാലിനെ ഞായറാഴ്ച രാത്രി എട്ടു മണിയോടെ എളങ്ങോളിയില്‍ വെച്ച് മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്നും ആര്‍.എം.പി.ഐ പറയുന്നു. പിന്നീട് എളങ്ങോളിയില്‍ത്തന്നെയുള്ള കുനിയില്‍ പ്രീത, ഒ.കെ ചന്ദ്രന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആര്‍.എം.പി.ഐയുടെ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ക്കുകയുണ്ടായി. ആയുധങ്ങളുമായെത്തിയ സംഘം വടികൊണ്ട് ഓഫിസ് ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ ഓഫീസിലുണ്ടായിരുന്ന ആര്‍.എം.പി.ഐ ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറി കെ.കെ.ജയന്‍, പ്രവര്‍ത്തകരായ എ.കെ.ഗോപാലന്‍, ഞാറ്റോത്ത് വിപിന്‍ലാല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ പുലര്‍ച്ചെയോടെ ആര്‍.എം.പി.ഐ നേതാവ് കുളങ്ങരത്ത് ചന്ദ്രന്റെ വീടിന് നേരെ ബോംബേറുണ്ടായി. മറ്റൊരു നേതാവ് സിബിയുടെ വീട് അടിച്ചു തകര്‍ക്കുകയുമുണ്ടായി. ഓര്‍ക്കാട്ടേരി കെ.എസ്.ഇ.ബി റോഡില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തീവെച്ച് നശിപ്പിക്കുകയുമുണ്ടായി.

“ഈ അക്രമം കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായതല്ല. തങ്ങള്‍ക്കെതിരെ നിരന്തരരമായി അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസിന്റെ കണ്‍മുന്നില്‍ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. പാര്‍ട്ടി ഓഫീസില്‍ കയറിവരെ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ പാര്‍ട്ടി ഓഫീസില്‍ കയറിയാണ് വേണു അടക്കമുള്ള പ്രവര്‍ത്തകരെ ആക്രമിച്ചത്.” ആര്‍.എം.പി.ഐ നേതാവും ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജയരാജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആയുധങ്ങള്‍ കൈവശം വെച്ച് നടക്കുന്ന പലരെയും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയും പകരം നിരപരാധികളായ പലരെയും പിടിച്ചുകൊണ്ടു പോവുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫെബ്രുവരി നാലിന് ഓര്‍ക്കാട്ടേരി ചന്തയില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ സംഘടിച്ചെത്തിയ ആര്‍.എം.പി.ഐക്കാരാണ് ആക്രമണത്തിന് തുടക്കം കുറിച്ചതെന്ന് സി.പി.ഐ.എം ആരോപിക്കുന്നു. കേട്ടാലറക്കുന്ന ഭാഷയില്‍ ചന്തയിലെത്തിയ പലരെയും തെറി വിളിക്കുകയായിരുന്നുവെന്നും സമാധാനപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ചന്തയെ അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ആര്‍.എം.പി.ഐക്കാര്‍ നടത്തിയതെന്നും സി.പി.ഐ.എം ആരോപിക്കുന്നു. ഈ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ വൈക്കിലശ്ശേരി മേഖല ട്രഷറര്‍ കുഞ്ഞിപ്പറമ്പത്ത് സിബില്‍ ബാബു, ഓര്‍ക്കാട്ടേരി ഒടിക്കുനി മിഥുന്‍, കാര്‍ത്തികപ്പള്ളി എളങ്ങോളി അര്‍ജുന്‍ എന്നിവര്‍ക്ക് പരിക്കേറ്റുവെന്നാണ് സി.പി.ഐ.എം നേതാക്കള്‍ പറയുന്നത്.

ഇതിന്റെ തുടര്‍ച്ചയെന്നോണം ഞായറാഴ്ച രാത്രിയുണ്ടായ അക്രമത്തിന് തുടക്കമിട്ടതും ആര്‍.എം.പി.ഐയാണെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം. ആര്‍.എം.പി.ഐ നടത്തിയ വ്യാപകമായ അക്രമത്തില്‍ നിഷാന്ത്, സനൂപ് എന്നിവരുള്‍പ്പെടെ 11 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റിറ്റുള്ളത്. ആര്‍.എം.പി.ഐയുടെ ഓര്‍ക്കാട്ടേരിയിലെ ഓഫീസില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ഏരിയ സെക്രട്ടറി കൊളങ്ങരത്ത് ചന്ദ്രന്‍, ഏരിയ കമ്മിറ്റി മെമ്പര്‍ സദാശിവന്‍ എന്നിവരുള്‍പ്പെടെയുള്ള 18 പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും സി.പി.ഐ.എം പറയുന്നു.

“”കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ തങ്ങള്‍ ആത്മസംയമനം പാലിച്ചതുകൊണ്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും സമാധാനത്തിനായി തങ്ങള്‍ ശ്രമിച്ചിച്ചുകൊണ്ടിരിക്കുന്തോറും അവര്‍ കൂടുതല്‍ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും” സി.പി.ഐ.എം നേതാവും ഒഞ്ചിയം മുന്‍ ഏരിയ സെക്രട്ടറിയുമായ ഇ.എം ദയാനന്ദന്‍ പറയുന്നു.

ഒഞ്ചിയത്തെ ഈ സംഘര്‍ഷങ്ങളൊന്നും തന്നെ പുതിയതോ ഒറ്റപ്പെട്ട സംഭവങ്ങളോ അല്ല എന്നതാണ് വസ്തുത. ആര്‍.എം.പി.ഐ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ ഇവിടെ ഇരുപക്ഷത്തു നിന്നുമുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാണ്.

ആര്‍.എം.പി.ഐയുടെ പിറവിയും ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവും

പ്രാദേശിക തലത്തില്‍ സി.പി.ഐ.എമ്മുമായുണ്ടായ ആശയപരമായ ഭിന്നതകളാണ് ആര്‍.എം.പി എന്ന പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിനും ചന്ദ്രശേഖരന്റെ കൊലപാതകത്തിലും കലാശിച്ചത്. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനദാതളിനു വിട്ടു നല്‍കിയ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്തതാണ് സി.പി.ഐ.എം ഔദ്യോഗിക പക്ഷം ടി.പി ചന്ദ്രശേഖരനുമായി ഇടയാന്‍ കാരണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തു നിന്നും എന്‍.വേണുവിനെ നീക്കം ചെയ്തതായിരുന്നു പ്രധാന കാരണം.

ഏറാമല പഞ്ചായത്തില്‍ വര്‍ഷങ്ങളോളം പഞ്ചായത്ത് ഭരണം കൈയാളിയിരുന്നത് എം.പി.വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ ആയിരുന്നു. തുടര്‍ന്ന് കടുത്ത മത്സരം നടത്തിയാണ് ടി.പിയും അനുയായികളും ഇവിടെ വിജയം നേടുന്നത്. തുടര്‍ന്ന് എന്‍.വേണു ഇവിടെ പ്രസിഡന്റാവുകയും ചെയ്തു. എന്നാല്‍ അല്‍പ ദിവസത്തിനകം വേണുവിനെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്തതോടെ ചന്ദ്രശേഖരനും കൂട്ടരും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

ടി.പി ചന്ദ്രശേഖരന്‍

തീരുമാനം നടപ്പാക്കാനെത്തിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ തടഞ്ഞുവെക്കുകയും പ്രദേശത്തെ നൂറോളം വരുന്ന അണികള്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനം തിരുത്താന്‍ തയ്യാറാവാത്ത ഔദ്യോഗിക പക്ഷം വിമതര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി.

തുടര്‍ന്നാണ് 2009 ല്‍ ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയൊരു പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതോടൊപ്പം എസ്.എഫ്.ഐ, ഡി.വൈ.ഫെ്.ഐ, സി.ഐ.ടിയു തുടങ്ങിയവയുടെ സമാന്തര സംഘടനകളുണ്ടാക്കി. ക്രമേണ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ പോരടിക്കുന്നവരുടെ നേതാവായി ചന്ദ്രശേഖരന്‍ മാറി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടായി സിപി.ഐ.എമ്മിന്റെ കോട്ടയായിരുന്നു വടകര മണ്ഡലം. ഇവിടേക്കാണ് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി.പി മത്സരത്തിനിറങ്ങിയത്. എസ്.ജെ.ഡി, യു.ഡി.എഫിലേക്ക് പോവുകയും ചെയ്തതോടെ വടകര സീറ്റ് സി.പി.ഐ.എമ്മിന് നഷ്ടമായി. പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സി.പി.ഐ.എമ്മില്‍ നിന്ന് ആര്‍.എം.പി പിടിച്ചെടുത്തത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. ഇതോടെ ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എമ്മിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു.

2012 മെയ് 4 നാലിന് രാത്രിയോടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ മരണം വന്‍ ആഘാതമാണ് പ്രദേശത്തിന് സമ്മാനിച്ചത്. ഒഞ്ചിയത്തെ നിരവധി കമ്മ്യൂണിസ്റ്റ് കുടുംബങ്ങളാണ് ഇതോടെ ആര്‍.എം.പി.ഐയില്‍ അണിനിരന്നത്.

സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്ന ഒഞ്ചിയം

2009 ല്‍ ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി.ഐ രൂപീകരിച്ചതോടെ പരസ്പര സംഘട്ടനങ്ങളുടെ ദിവസങ്ങളായിരുന്നു ഒഞ്ചിയത്ത് പിന്നീട്. ആര്‍.എം.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം എന്നതിനപ്പുറം വ്യത്യസ്തമായ ഒരു രാഷ്ട്രീയ നിലപാട് സ്വകരിച്ചതിന്റെ പേരില്‍ ഒരു നാട് തന്നെ സംഘര്‍ഷഭൂമിയായി മാറുന്ന കാഴ്ചയാണ് ഒഞ്ചിയം മേഖലയില്‍ പിന്നീട് കാണാനായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായി നിരവധി സംഭവങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്.

ഒഞ്ചിയത്തിന്റെ വിവിധ മേഖലകളിലും അഴിയൂര്‍, ഏറാമല, ചോറോട് എന്നീ പഞ്ചായത്തുകളിലും 2009 മുതല്‍ ഇതുവരെ നടന്ന അക്രമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നഷ്ടങ്ങളുടെ കണക്ക് എടുക്കുയാണെങ്കില്‍ അത്രയധികമുണ്ടാകും. ഇരു പാര്‍ട്ടികളിലെയും നിരവധി പേരാണ് ആക്രമണത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളോളം അതിന്റെ ആഘാതത്തില്‍ ഇപ്പോഴും ജീവിക്കുന്നത്.

നിരവധി പേരുടെ ജീവിതോപാധി കൂടിയായ ഓട്ടോറിക്ഷ അടക്കമുള്ള നിരവധി വാഹനങ്ങള്‍, വീടുകള്‍, കടകള്‍ എന്നിവ തകരുകയുണ്ടായി. വായനശാലകള്‍ പോലെയുള്ള പൊതുമുതലുകള്‍ നശിപ്പിച്ചതിന്റെ കണക്ക് എടുത്ത് നോക്കിയാലും തീരില്ല. ഇരു വിഭാഗവും നടത്തുന്ന സംഘര്‍ഷങ്ങളുടെയും ആക്രമണങ്ങളുടെയും ഫലമായി മേഖലയില്‍ ഇതുവരെ നടത്തിയത് നിരവധി ഹര്‍ത്താലുകള്‍. ഹര്‍ത്താല്‍ ദിനത്തില്‍ നടത്തുന്ന അക്രമങ്ങള്‍ വേറെയും.

ഇത് കേവലം രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രം പ്രശ്നമല്ല. ആഴത്തിലുള്ള കുടിപ്പകയാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. പാര്‍ട്ടി പ്രശ്നത്തിന്റെ പേരില്‍ സാമൂഹ്യ ഭ്രഷ്ട് വരെ കല്‍പ്പിക്കപ്പെട്ട ഒരുപാട് യുവാക്കള്‍ ഒഞ്ചിയത്തുണ്ട്. വിവാഹം പോലുള്ള കാര്യങ്ങള്‍ പോലും ഇവിടെ പാര്‍ട്ടി പകപോക്കലിന് വിധേയമാക്കുന്നു. ഊരു വിലക്കുകള്‍ പോലെയുള്ള സംഭവങ്ങളും ഇവിടെ നടക്കുന്നു. വര്‍ഷങ്ങളോളം ഇടതു പക്ഷത്തില്‍ പ്രവര്‍ത്തിച്ച ഒരു കുടുബത്തിലെ തന്നെ വിവിധ അംഗങ്ങള്‍ ഇരു പാര്‍ട്ടിയിലായതോടെ പല കുടുംബ ബന്ധങ്ങളില്‍ വരെയും വിള്ളലുകളുണ്ടായി.

ആര്‍.എം.പി.ഐയുടെ ആരോപണം

2009 ല്‍ ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി.ഐ രൂപീകരിച്ച് വെറും ഒന്നര വര്‍ഷത്തിനിടെ തങ്ങള്‍ക്കെതിരെ നടന്നത് ആറു വധശ്രമങ്ങളെന്ന് ആര്‍.എം.പി.ഐ വ്യക്തമാക്കുന്നു. മാര്‍ച്ച് 19 നാണ് മുന്‍ ഡിവൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും അന്നത്തെ റവല്യൂഷണറി യൂത്തിന്റെ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന കെ.കെ ജയന് നേരെ പട്ടാപ്പകല്‍ വധശ്രമം ഉണ്ടാകുന്നത്. തുരുത്തിമുക്കില്‍ വെച്ച് തോണിയില്‍ എത്തിയ ക്വട്ടേഷന്‍ സംഘം ഭീകരമായ ആക്രമണത്തിനിരയാക്കുകയായിരുന്നു. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ജയന്‍ 8 വര്‍ഷത്തിനു ശേഷവും ഇപ്പോഴും ആക്രമണത്തിന്റെ പരിക്കില്‍ നിന്നും മോചിതനായിട്ടില്ലെന്ന് ആര്‍.എം.പി.ഐക്കാര്‍ പറയുന്നു.

ഇതേ വര്‍ഷം തന്നെ ജനുവരി 31 ന് ആര്‍.എം.പി.ഐ നേതാക്കള്‍ക്കെതിരെ നടത്തിയ ബോംബേറില്‍ വഴിയാത്രക്കാരായ ഒരു സ്ത്രീക്കും രണ്ടു വയസ്സുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി.

“”ആര്‍.എം.പി.ഐ രൂപീകരിക്കുന്നതിന് മുമ്പു തന്നെ യുവജനങ്ങളാണ് അവിടെ പുറത്തിറങ്ങിയത്. 2008 മുതല്‍ത്തന്നെ അവിടെ പ്രശ്നങ്ങള്‍ തുടങ്ങുന്നുണ്ട്. 2008 ആഗസ്തില്‍ ഡി.വൈ.എഫ്.ഐയിലെ കുറച്ചു പ്രവര്‍ത്തകര്‍ ചേര്‍ന്ന് റവല്യൂഷണറി ഡി.വൈ.എഫ്.ഐ എന്ന പേരില്‍ ആദ്യം പ്രവര്‍ത്തിക്കുകയുണ്ടായി. പിന്നീട് ആണ് റവല്യൂഷണറി യൂത്ത് എന്ന പേരിലാവുന്നത്.” മാധ്യമപ്രവര്‍ത്തകനായ സുരേഷ് വട്ടക്കണ്ടിയില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഈ സമയത്തു തന്നെ സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്ന് ആക്രമമങ്ങളുണ്ടാകുന്നുണ്ട്. 2008 ലാണ് റവലൂഷ്യണറി യൂത്തിന്റെ പ്രവര്‍ത്തകനായിരുന്ന കുളങ്ങര സിനീഷിനു നേരെ ആക്രമണമുണ്ടാകുന്നത്. കാലിന് മാരകമായി പരിക്കേറ്റ് രണ്ടുവര്‍ഷത്തോളം അയാള്‍ക്ക് രണ്ടു വര്‍ത്തോളം നടക്കാനായിരുന്നില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

2009 നവംബര്‍ 6 വെള്ളിയാഴ്ചയാണ് പി.ജയരാജന് നേരെ ആക്രണം നടന്നത്. തൊഴില്‍ സ്ഥാപനത്തില്‍ വെച്ച് ഏകദേശം 16 ഓളം വെട്ടുകളാണ് പി.ജയരാജന് ഏല്‍ക്കുന്നത്. ഇതിനു ശേഷമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ മുയിപ്രയിലുള്ള എന്‍.പി ദാമോദരന്‍ എന്നയാളുടെ തലക്ക് അടിയേല്‍ക്കുന്നത്. ഇതിനൊക്കെയും മുമ്പാണ് അഴിയൂരിലെ പ്രവര്‍ത്തകനായ അബ്ദുല്‍ ഖാദറിനു നേരെ ആക്രമണമുണ്ടാകുന്നത്.

അഴിയൂരിലെ ഒരു സ്‌കൂളില്‍വെച്ച് ടി.പി ചന്ദ്രശേഖരന്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഒരുപാട് കാലം സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്‍ ഖാദറിന്റെ താടിയെല്ലിന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുന്നത്. കുന്നുമ്മക്കരയിലെ ആര്‍.എം.പി.ഐ ബ്രാഞ്ച് സെക്രട്ടറിയായ ബാലന്‍ എന്നയാള്‍ക്ക് സ്വന്തം വീട്ടില്‍ വെച്ച് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് വെട്ടേല്‍ക്കുന്നത്.

2012 ഫെബ്രുവരി 19 ന് വടകരയില്‍ സി.പി.ഐ.എം-ആര്‍.എം.പി.ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും പത്തോളം ബൈക്കുകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ തകരുകയുമുണ്ടായി. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയാസമ്മേളനത്തിനുള്ള പതാകയാത്ര സെമിനാര്‍ നടന്ന വേദിക്ക് മുന്നിലൂടെ കടന്നുപോകവേയായിരുന്നു സംഘര്‍ഷം.

ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയാണ് പതാകയാത്രയില്‍ പങ്കെടുത്ത വാഹനങ്ങള്‍ കടന്നുപോയതെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. ഇതിന്റെ തുടര്‍ച്ചയെന്നോണം ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് പഞ്ചായത്തുകളിലും അനിഷ്ടസംഭവങ്ങളുണ്ടായി. പുന്നേരിത്താഴ്, മലോല്‍മുക്ക്, ഏരഞ്ഞോളി എന്നിവിടങ്ങളിലെ ആര്‍.എം.പി.ഐയുടെ ഓഫീസുകളും കുന്നുമ്മക്കര, മലോല്‍മുക്ക്, എന്നിവിടങ്ങളിലെ സി.പി.ഐ.എം ഓഫീസുകളും ആക്രമിക്കുകയുണ്ടായി.

ദിവസങ്ങള്‍ക്കു ശേഷം ഡി.വൈ.എഫ്.ഐ നടത്തിയ ബൈക്ക് റാലിക്കിടെയുണ്ടായ തര്‍ക്കം അക്രമത്തിലേക്കു നീങ്ങിയതോടെ കുന്നുമ്മക്കരയിലെ ടി.പി സ്മാരക വായനശാല, ഓര്‍ക്കാട്ടേരിയിലെ ലീഗ് ഓഫീസ്, തോട്ടുങ്ങലിലെ ബി.ജെ.പിയുടെ കൊടിതോരണങ്ങള്‍ എന്നിവ നശിപ്പിക്കുകയുണ്ടായി. ഇതിനു പുറമേ നിരവധി വീടുകളും സ്തൂപങ്ങളും ആക്രമണത്തില്‍ തകര്‍ക്കുകയുണ്ടായി.

2013 ഏപ്രിലില്‍ വിഷുവിന്റെ തലേന്നാണ് വള്ളിക്കാട് ടി.പി കൊല ചെയ്യപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച സ്മാരക സ്തൂപം അക്രമികള്‍ തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകരെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാര്‍ച്ച് 20 നാണ് ആര്‍.എം.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം നടക്കുന്നതറിഞ്ഞെത്തിയ പൊലീസ് സംഘം സഞ്ചരിച്ച കാറിന് നേരെ വള്ളിക്കാട് വെച്ച് അക്രമമുണ്ടാവുന്നത്. ഈ കേസില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

2016 മെയ് 14 ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിനത്തില്‍ വടകരയില്‍ വെച്ച് ആര്‍.എം.പി.ഐ സ്ഥാനാര്‍ഥിയും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമയെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. വീടുകള്‍ കയറിയുള്ള പ്രചാരണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. ആര്‍.എം.പി.ഐ പ്രവര്‍ത്തകന്‍ മനോജനെയാണ് ആദ്യം മര്‍ദിച്ചത്. പിന്നീടാണ് രമയുടെ കൈ പിടിച്ച് ഒടിക്കാന്‍ ശ്രമിച്ചതും മര്‍ദ്ദിച്ചതും. ഈ ആക്രമണത്തില്‍ മറ്റു രണ്ടു പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

മെയ് 19 ന് നടന്ന തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെയും വ്യാപക ആക്രമണമുണ്ടായി. വള്ളിക്കാട്ടെ ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി സ്തൂപത്തിന് മുകളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയും കെ.കെ രമയുടെ വടകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്, കക്കാട് ടി.പി സ്മാരക വായനശാല, തട്ടോളിക്കരയിലെ ആര്‍.എം.പി.ഐ ഓഫീസ് എന്നിവ ആക്രമിക്കുകയുമുണ്ടായി. നിരവധി വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ഓര്‍ക്കാട്ടേരി കെ.എസ്.ഇ.ബി റോഡിലെ രക്തസാക്ഷി കുടീരം തകര്‍ക്കുകയുമുണ്ടായി. വടകരയില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകന്റെ വര്‍ക് ഷോപ്പ് അടിച്ചു തകര്‍ക്കുകയും ഓര്‍ക്കാട്ടേരി മണപ്പുറം, കുറിഞ്ഞാലിയോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകരെ വീട്ടില്‍ കയറി ആക്രമിക്കുകയും നിരവധി വീടുകള്‍ക്ക് കല്ലെറിയുകയുമുണ്ടായി.

മെയ് 20ന് ഒഞ്ചിയത്തെ ആര്‍.എം.പി.ഐ പ്രവര്‍ത്തകന്‍ ചെറിയപുരമീത്തല്‍ മനോജന്റെ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ മനോജനും ഭാര്യ നിര്‍മലയക്കും വിമല എന്ന സ്ത്രീയ്ക്കും പരിക്കേല്‍ക്കുകയുണ്ടായി. 2017 ഏപ്രിലില്‍ ഓര്‍ക്കാട്ടേരിയില്‍ വെച്ച് ആര്‍.എം.പി.ഐ പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിക്കുകയുണ്ടായി. ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ ദിനത്തിനു മുന്നോടിയായി വടകര മേഖലയില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.

ഏപ്രിലില്‍ തന്നെയാണ് കണ്ണൂക്കരയിലുള്ള ആര്‍.എം.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ക്കുന്നത്. ടി.വിയും മറ്റു ഫര്‍ണീച്ചറുകളും നശിപ്പിക്കുകയുണ്ടായി. ഇതേ ദിവസം തന്നെ ടി.പി ചന്ദ്രശേഖരന്‍ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ഒഞ്ചിയം മേഖലയില്‍ സ്ഥാപിച്ച ഫ്ളെക്സുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയുണ്ടായി.

ടി.പി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഒഞ്ചിയം, ഏറാമല പ്രദേശങ്ങളില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. വെള്ളികുളങ്ങര,ഏറാമല,ഓര്‍ക്കാട്ടേരി, ഒഞ്ചിയം തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയുണ്ടായി. ഈ ദിവസങ്ങളില്‍ നടന്ന ആക്രമണത്തില്‍ നിരവധി ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും പ്രദേശത്തെ ആര്‍.എംപി.ഐയുടെ ഫ്ളക്സ്, കൊടി തോരണങ്ങള്‍, ഓഫീസ് തുടങ്ങിയവയെല്ലാം തകര്‍ക്കുകയുമുണ്ടായി.

രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരിയിലും പരിസരത്തും ഉയര്‍ത്തിയ ആര്‍.എംപി.ഐയുടെ പ്രചാരണ ബോര്‍ഡുകളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ഓര്‍ക്കാട്ടേരിയിലും പരിസരത്തും ഉയര്‍ത്തിയ ആര്‍.എം.പി.ഐയുടെ മുഴുവന്‍ പ്രചാരണ ബോര്‍ഡുകളും ഫ്ളക്സ്ബോര്‍ഡുകളും നശിപ്പിക്കുകയുണ്ടായി. മലോല്‍മുക്കില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എം.പി.ഐയുടെ ചോറോട് ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണമുണ്ടായി.

കുന്നുമ്മക്കര പാലയാട്ടുകുനി വിഷ്ണു കുക്കു, ഗണേശന്‍ എന്നിവരെ ബൈക്ക് തടഞ്ഞ് ഒരു സംഘം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. കുന്നുമ്മക്കര ഇളമ്പങ്കോട് വച്ചായിരുന്നു ആക്രമിച്ചത്. ആറുപേരടങ്ങുന്ന സംഘം വാഹനം തടഞ്ഞ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. വിഷ്ണുവിന്റെ ഇരു കാലുകള്‍ക്കും മാരകമായി പരിക്കേല്‍ക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിനായിരുന്നു അക്രമത്തിനിരയാക്കിയതെന്നാണ് ആര്‍.എം.പി.ഐയുടെ ആരോപണം. ഈ സംഭവത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

2017 ഒക്ടോബറിലാണ് ഒഞ്ചിയത്തെ ആര്‍.എം.പി.ഐ പ്രവര്‍ത്തകരായ രജീഷ്, സിജേഷ് എന്നിവരെ ഇരുമ്പുപൈപ്പും വടിയുമായി ആക്രമിക്കുന്നത്. ഒഞ്ചിയം കുന്നുമ്മല്‍ക്കരയിലാണ് സംഭവം. ചിട്ടിയുമായി ബന്ധപ്പെട്ട് ഒഞ്ചിയം ബാങ്കിനു സമീപം പോയി തിരിച്ചുവരുമ്പോള്‍ കുന്നുമ്മക്കരയില്‍ വെച്ചാണ് ആക്രമണം നടന്നത്. ഇരുമ്പുപൈപ്പും മറ്റു മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്നാണ് രജീഷ് പറയുന്നത്. ഈ ആക്രമണത്തില്‍ രജീഷിന്റെ കാലിനും കൈക്കും തലക്കും പരിക്കേറ്റിരുന്നു.

സി.പി.ഐ.എമ്മിന്റെ ആരോപണം

ആര്‍.എം.പി.ഐ രൂപീകരിച്ച 2009 മുതല്‍ 2012 വരെ രണ്ടു വര്‍ഷത്തിനിടെ മാത്രം പാര്‍ട്ടിക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഇവിടെ നടന്നതെന്ന് സി.പി.ഐ.എമ്മും ആരോപിക്കുന്നു. 2009 മെയിലാണ് ഒഞ്ചിയത്തെ ബ്രാഞ്ച് സെക്രട്ടറി ടി.കെ.മോഹനനെ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 2010 ല്‍ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിലും ബോംബാക്രമണമുണ്ടായി. കണ്ണൂക്കരയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയും ബോംബാക്രമണമുണ്ടായി. കണ്ണൂക്കരയിലെ പാര്‍ട്ടി അംഗത്തിന്റെ വീടിനു നേരെയും ബോംബേറുണ്ടായി. ഈ സമയത്തു തന്നെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള ബാങ്ക്, വായനശാല എന്നിവയ്ക്കു നേരെയും ആക്രമണങ്ങള്‍ നടന്നതായി ഇവര്‍ ആരോപിക്കുന്നു.

നാദാപുരം റോഡിലെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം തീവെച്ചു നശിപ്പിക്കുകയും ഓര്‍ക്കാട്ടേരി ഏരിയയില്‍ പാര്‍ട്ടിയുടെ 12 സ്തൂപങ്ങള്‍ തകര്‍ക്കുകയും കൊടികളും മറ്റും വ്യാപകമായി നശിപ്പിക്കുകയുമുണ്ടായി. എളങ്ങോളി കേളു ഏട്ടന്‍ സ്മാരകത്തിനെതിരെ നിരവധി തവണ ആക്രമണമുണ്ടായി. മുയിപ്രയിലെ വായനശാലക്കെതിരെ ആക്രമണം നടത്തുകയും പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്റെയും ഒഞ്ചിയത്തെയും ഓര്‍ക്കാട്ടേരിയിലെയും ഏരിയകമ്മിററി അംഗങ്ങളുടെ വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. മുയിപ്രയിലെ പുത്തലത്ത് കിണറ്റില്‍ മലം കലര്‍ത്തി കുടിവെള്ള സ്രോതസ്സ് വരെ നശിപ്പിക്കുകയുണ്ടായി ഇവര്‍ പറയുന്നു.

ഒഞ്ചിയം മനക്കല്‍ താഴക്കുനി ബ്രാഞ്ച് മെമ്പര്‍മാരായ ടി.എം നാണു, മനക്കല്‍ കുമാരന്‍, തയ്യില്‍ ബ്രാഞ്ചിലെ ചെറുവങ്ങാട്ട് കുനി വത്സന്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിക്കുകയുണ്ടായി. നിരവധി ബ്രാഞ്ച് മെമ്പര്‍മാരുടെ കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ മാസ്റ്റര്‍, അന്നത്തെ ഏരിയാ സെക്രട്ടറി ഇ.എം ദയാനന്ദന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.രാജന്‍ എന്നിവരെ കുന്നുമ്മക്കര ഏരിയക്കമ്മിറ്റി ഓഫീസില്‍ കയറി ആക്രമിക്കുകയുണ്ടായി. ഇതിനു പുറമെ നിരവധി സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയുമുണ്ടായി.

2012 മെയ് നാലിന് ഒഞ്ചിയം പുന്നോറത്ത് സജീവന്റെ വീട് ആക്രമിക്കുകയും വീടിന്റെ ജനാലുകളും വാതിലുകളും ചെടിച്ചട്ടികളും അക്രമി സംഘം അടിച്ചുതകര്‍ക്കുകയുണ്ടായി. ഈ കേസില്‍ നാല് ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ 2014 ല്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

2016 മെയിലാണ് സി.പി.ഐ.എം തയ്യില്‍ ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ ഒഞ്ചിയം വില്ലേജ് കമ്മിറ്റി അംഗവുമായിരുന്ന തയ്യില്‍ മീത്തല്‍ ശ്രീതുല്‍ സുരേന്ദ്രന് ബൈക്കില്‍ സഞ്ചരിക്കവെ മര്‍ദ്ദനമേല്‍ക്കുന്നത്. തയ്യില്‍ ഭാഗത്തെ തന്നെ വടക്കെ ചെറുവങ്ങാട്ട് കുനിയില്‍ ഗോപാലന്റെ വീടിന്റെ മതിലും തകര്‍ക്കുകയുണ്ടായി. ശില്‍പി പ്രഭകുമാര്‍ ഒഞ്ചിയത്തിന്റെ വീടിന് നേരെയും കല്ലെറിയുകയുണ്ടായി. ഈ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മകളുടെ കാലിന് പരിക്കേറ്റിരുന്നു. ഒഞ്ചിയം പാലത്തിന് സമീപത്തെ കസ്തൂരിക്കുനി വിനോദന്റെ പലചരക്ക് കടയും തീവെച്ചു നശിപ്പിക്കുകയുണ്ടായി. പ്രദേശത്തെ എല്‍.ഡി.എ.ഫ് കൊടിതോരണങ്ങളും പ്രചാരണ ബോര്‍ഡുകളും സംഘാടക സമിതി ഓഫീസും തീവെച്ച് നശിപ്പിച്ചിക്കുകയുണ്ടായി. ഈ സംഭവത്തില്‍ മൂന്ന് ആര്‍.എം.പി.ഐക്കാരെ അന്ന് റിമാന്‍ഡ് ചെയ്തിരുന്നു.

2017 ജനുവരിയിലാണ് സി.പി.ഐ.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഓര്‍ക്കാട്ടേരി മേഖലാ പ്രസിഡന്റുമായ ഒ.നാണുവിന്റെ മുയിപ്രയിലെ വാഴത്തോട്ടം വെട്ടി നശിപ്പിക്കുന്നത്. ഇതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിലും പ്രദേശത്തെ നിരവധി കൃഷിത്തോട്ടങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഏറാമല പയ്യത്തൂരില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുന്നത്. ബന്ധുവിന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ബൈജു, നിധിന്‍രാജ് എന്നിവരെ ആയുധങ്ങളുമായെത്തിയ അക്രമി സംഘം മേക്കോത്ത് സ്‌കൂളിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. നവംബറില്‍ ഒഞ്ചിയം തയ്യില്‍ ഭാഗത്തു നിന്നും ഉഗ്രശേഷിയുള്ള മൂന്ന് ബോംബുകളാണ് പൊലിസ് റെയ്ഡില്‍ പിടിച്ചെടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് തട്ടോളിക്കരയില്‍ വെച്ച് ആയുധശേഖരങ്ങളും പിടിച്ചെടുത്തിരുന്നു.

പരസ്പരം പഴിചാരി ഇരുവിഭാഗവും

ഒഞ്ചിയം മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പരസ്പരം പഴിചാരുന്ന സമീപനമാണ് ഇരു വിഭാഗത്തില്‍ നിന്നുമുണ്ടാവുന്നത്. ഏകപക്ഷീയമായ ആക്രമണങ്ങളാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും തങ്ങള്‍ സംയമനം പാലിക്കുന്നത് കൊണ്ടാണ് ഒഞ്ചിയം ഒരു കലാപ ഭൂമിയായി മാറാത്തതെന്നും ഇരുവിഭാഗവും പറയുന്നു.

“തീര്‍ത്തും ഏകപക്ഷീയമായ ആക്രമണങ്ങളാണ് ഒഞ്ചിയത്ത് നടക്കുന്നത്. മാത്രമല്ല പൊലീസിന്റെ പൂര്‍ണ്ണമായ പിന്തുണയും അക്രമികള്‍ക്കുണ്ട്”-ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അധികാരത്തിന്റെ ധാര്‍ഷ്ഠ്യം ഉപയോഗിച്ചുകൊണ്ട് എതിരാളികളെ അവസാനിപ്പിക്കാനുള്ള നീക്കമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കെ.കെ രമ

പൊലീസിന്റെ ഭാഗത്തു നിന്നും തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പോലും അക്രമികളെ അറസ്റ്റു ചെയ്യുന്നതിനു പകരം ആക്രമണത്തിനിരയായ തങ്ങളുടെ പ്രവര്‍ത്തകരെ പിടിച്ചു കൊണ്ടുപോകുന്ന സമീപനമാണ് പോലീസിന്റെഭാഗത്തു നിന്നും ഉണ്ടായതെന്നും രമ കൂട്ടിച്ചേര്‍ത്തു.

പൊലീസും സിപി.ഐ.എമ്മും ചേര്‍ന്ന് നടത്തിയ ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസം വേണു അടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തുകൊണ്ടു പോയത് പോലും. അല്ലാതെ ആര്‍.എം.പി.ഐയുടെ ഓഫീസില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ തന്നെ ആയുധം കൊണ്ടുവെച്ചതിനല്ല. സിപി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ മാത്രം മറുപടി നല്‍കനാണ് ആര്‍.എം.പി.ഐ എന്നും ശ്രമിച്ചിട്ടുള്ളതെന്നും, ഏറ്റവും വലിയൊരാളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടു പോലും ആത്മസംയമനം പാലിച്ചുകൊണ്ടാണ് ഇതുവരെ മുന്നോട്ട് പോയതെന്നും കെ.കെ.രമ പറയുന്നു.

“2008 മുതല്‍ ഒഞ്ചിയത്ത് ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഈ ജനുവരിയില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകന്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതു മുതലാണ് ഒരിടവേളയ്ക്കു ശേഷം പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്. ഇതിനു ശേഷം മറ്റൊരു സി.പി.ഐ.എം പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയുമുണ്ടായി.”- സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് ഡൂള്‍ന്യുസിനോട് പറഞ്ഞു.

ഈ രണ്ടു കേസുകളിലും സി.പി.ഐ.എം യാതൊരുവിധ തിരിച്ചടികള്‍ക്കും പോയിട്ടില്ല. ഞായറാഴ്ചയുണ്ടായ സംഭവത്തിന് തുടക്കം കുറിച്ചത് എളങ്ങോളിയില്‍ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍ പോയ സി.പി.ഐ.എം പ്രവര്‍ത്തകനെ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതു മൂലമാണ്. തിരിച്ച് വീട്ടിലെത്തിയ ഇദ്ദേഹത്തെ വീട്ടില്‍ നിന്നിറക്കി മര്‍ദ്ദിക്കുകയുമുണ്ടായി. ഇതോടെ ഇരു പാര്‍ട്ടികളില്‍ ആളുകള്‍ സംഘടിച്ചെത്തുകയായിരുന്നു.

ടി.പി ബിനീഷ്

പിന്നീട് ഓര്‍ക്കാട്ടേരി ചന്തയില്‍ വെച്ചും സംഘര്‍ഷമുണ്ടായി. ഇതിനു ശേഷമാണ് ഞായറാഴ്ചത്തെ അക്രമ പരമ്പര അരങ്ങേറുന്നത്. ആര്‍.എം.പി.ഐയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നതിനെ അക്രമത്തിലൂടെ തടയിടാനാണ് ആര്‍.എം.പി.ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യാതൊരുവിധ അക്രമ രാഷ്ട്രീയത്തെയും സി.പി.ഐ.എം പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ ആര്‍.എം.പി.ഐയുടെ ഭാഗത്തു നിന്നും നിരന്തരം പ്രകോപനമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ബിനീഷ് ആരോപിക്കുന്നു.

നയീമ രഹ്ന

We use cookies to give you the best possible experience. Learn more