| Sunday, 26th May 2019, 4:26 pm

നെഹ്‌റുവിന്റെയും ശാസ്ത്രിയുടെയും മണ്ഡലങ്ങളില്‍പ്പോലും കെട്ടിവെച്ച കാശ് കിട്ടാതെ കോണ്‍ഗ്രസ്; പ്രചാരണം നടത്തിയത് തോല്‍വി ഉറപ്പിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന, പ്രമുഖര്‍ മത്സരിച്ചു വിജയിച്ച മണ്ഡലങ്ങളില്‍ ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവെച്ച കാശുപോലും ലഭിച്ചില്ല. അലഹബാദ്, ഫുല്‍പുര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന്റെ ഈ ദയനീയപ്രകടനമുണ്ടായത്. ഒരുകാലത്ത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രതിനിധീകരിച്ച മണ്ഡലമാണ് ഫുല്‍പുര്‍. ലാല്‍ ബഹാദൂര്‍ ശാസ്ത്രി മത്സരിച്ചു വിജയിച്ച മണ്ഡലമായിരുന്നു അലഹബാദ്.

അലഹബാദിലും ഫുല്‍പുരിലും കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിച്ചത് പാര്‍ട്ടിയിലെ ശക്തരെയല്ല എന്നതാണു ശ്രദ്ധേയം. അലഹബാദില്‍ മത്സരരംഗത്തിറക്കിയത് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പു മാത്രം ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യോഗേഷ് ശുക്ലയെ. ഫുല്‍പുരിലാവട്ടെ, ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാദളിന്റെ വിമതനേതാവ് പങ്കജ് നിരഞ്ജനെയും. ശുക്ലയ്ക്ക് ലഭിച്ചത് വെറും 3.59 ശതമാനം വോട്ടാണ്. പങ്കജിനാകട്ടെ, 3.35 ശതമാനവും.

25,000 രൂപയാണ് ഒരു സ്ഥാനാര്‍ഥി മത്സരിക്കാനായി കെട്ടിവെയ്‌ക്കേണ്ടത്. മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒരു ശതമാനമെങ്കിലും വോട്ട് നേടിയാല്‍ മാത്രമേ ആ പണം കിട്ടൂ. ഇരുവര്‍ക്കും അതു കിട്ടിയുമില്ല.

ഇരുമണ്ഡലങ്ങളിലും തോല്‍വി ഉറപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഉത്തര്‍പ്രദേശില്‍ സജീവ പ്രചാരണത്തിലുണ്ടായിരുന്ന രാഹുലോ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയോ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളായിരുന്ന ഇരുമണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിയിട്ടില്ല. മേയ് 12-നാണ് ഇരുമണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇരുമണ്ഡലങ്ങളും നിലനില്‍ക്കുന്ന പ്രയാഗ്‌രാജ് ജില്ലാ പ്രസിഡന്റും സിറ്റി യൂണിറ്റ് പ്രസിഡന്റും രാജിസന്നദ്ധത് അറിയിച്ചിരുന്നു. ‘അലഹബാദില്‍ കോണ്‍ഗ്രസ് ആസ്വദിച്ചിരുന്ന സ്വാധീനം ഇപ്പോള്‍ ജനഹൃദയങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ മാറ്റത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഒരിക്കല്‍ക്കൂടി ഞങ്ങള്‍ പാര്‍ട്ടിയെ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കും.’- പ്രയാഗ്‌രാജ് യൂണിറ്റ് പ്രസിഡന്റ് ഹസീബ് അഹമ്മദ് പറഞ്ഞു.

രണ്ടുവട്ടം ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രതിനിധീകരിച്ച മണ്ഡലമാണ് അലഹബാദ്. 1957 മുതല്‍ 1967 വരെ. പിന്നീട് 1980-ല്‍ വി.പി സിങ്ങും 1984-ല്‍ അമിതാഭ് ബച്ചനും കോണ്‍ഗ്രസിനുവേണ്ടി സീറ്റ് നേടി. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ഹേമാവതി നന്ദന്‍ ബഹുഗുണയെയാണ് ബച്ചന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ 25 വര്‍ഷം പിന്നിടുമ്പോള്‍, ഹേമാവതിയുടെ മകളും സംസ്ഥാന മന്ത്രിയുമായ റീത്ത ബഹുഗുണ ജോഷി മണ്ഡലം ബി.ജെ.പിക്കുവേണ്ടി നേടി.

ഫുല്‍പുര്‍ ആദ്യമായി പ്രതിനിധീകരിച്ച വ്യക്തി നെഹ്‌റുവാണ്, 1951-ല്‍. നെഹ്‌റുവിനുശേഷം അദ്ദേഹത്തിന്റെ സഹോദരി വിജയ് ലക്ഷ്മി പണ്ഡിറ്റ് രണ്ടുതവണ ഫുല്‍പുരില്‍ നിന്നു ലോക്‌സഭയിലെത്തി. ഇത്തവണ കേശരി ദേവ് പട്ടേലാണ് ബി.ജെ.പിക്കുവേണ്ടി സീറ്റ് നേടിയത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ആകെ നേടാനായത് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയാണ്. ബാക്കി 79 മണ്ഡലങ്ങളിലും തോല്‍വിയായിരുന്നു ഫലം. അതില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയും ഉള്‍പ്പെടും.

We use cookies to give you the best possible experience. Learn more