| Sunday, 9th February 2025, 1:09 pm

'ൻ്റെപ്പൂപ്പാക്ക് ഒരാനണ്ടാർന്നു' എന്ന് ഊറ്റം കൊണ്ടതുകൊണ്ട് ഒരു കാര്യവുമില്ല, ഒരു കാലത്ത് ആനയായിരുന്ന കോൺഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണ്: കെ. ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് എം.എൽ.എ കെ. ടി. ജലീല്‍. ദൽഹി ബി.ജെ.പിയുടെ കൈക്കുമ്പിളില്‍ വെച്ചുകൊടുത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ. ടി. ജലീല്‍ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയണമെന്നും കെ. ടി. ജലീല്‍ പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം അറിയിച്ചത്.

കോൺഗ്രസിന് ഇപ്പോഴും യാഥാർത്ഥ്യ ബോധമില്ല. സ്വന്തം ശക്തിയെ കുറിച്ച് യാതൊരു ബോദ്ധ്യവുമില്ല. ‘ൻ്റെപ്പൂപ്പാക്ക് ഒരാനണ്ടാർന്നു’ എന്ന് ഊറ്റം കൊണ്ടത് കൊണ്ട് ഒരു കാര്യവുമില്ല. ഒരു കാലത്ത് ആനയായിരുന്ന കോൺഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുൽഗാന്ധി തിരിച്ചറിയണം

കെ. ടി. ജലീല്‍

‘ഒരു പതിറ്റാണ്ടിലധികം തുടർച്ചയായി കോൺഗ്രസ് ഭരിച്ച സംസ്ഥാനമാണ് ദൽഹി. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഴുപത് സീറ്റുകളിൽ മൽസരിച്ച കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയത് കേവലം ഒരു സീറ്റിൽ മാത്രം. ദൽഹി ബി.ജെ.പിയുടെ കൈക്കുമ്പിളിൽ വെച്ചു കൊടുത്തതിൻ്റെ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമാണ്. പോൾ ചെയ്ത വോട്ടിൽ പകുതി വോട്ട് ബി.ജെ.പി ഭരിക്കുന്ന ഒരിടത്തും അവർക്ക് കിട്ടിയിട്ടില്ല. പ്രതിപക്ഷ നിരയിലെ അനൈക്യം കൊണ്ടു മാത്രമാണ് ഹിന്ദുത്വ ശക്തികൾ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരത്തിൽ ഇരിക്കുന്നത്.

കോൺഗ്രസിന് ഇപ്പോഴും യാഥാർത്ഥ്യ ബോധമില്ല. സ്വന്തം ശക്തിയെ കുറിച്ച് യാതൊരു ബോദ്ധ്യവുമില്ല. ‘ൻ്റെപ്പൂപ്പാക്ക് ഒരാനണ്ടാർന്നു’ എന്ന് ഊറ്റം കൊണ്ടത് കൊണ്ട് ഒരു കാര്യവുമില്ല. ഒരു കാലത്ത് ആനയായിരുന്ന കോൺഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുൽഗാന്ധി തിരിച്ചറിയണം,’ അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മും സി.പി.ഐയും ദൽഹിയിൽ മത്സരിക്കാന്‍ പാടില്ലായിരുന്നുവെന്നും കെ. ടി. ജലീല്‍ അഭിപ്രായപ്പെട്ടു. സ്വന്തം ദൗര്‍ബല്യം മാലോകര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല. ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി ഇരു പാര്‍ട്ടികളുടേതെന്നും അദ്ദേഹം വിമർശിച്ചു.

എന്തൊക്കെ കുറവുകൾ ചൂണ്ടിക്കാണിക്കാമെങ്കിലും ആം ആദ്മിക്ക് ദൽഹിയിൽ വേരോട്ടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. 1977ൽ തോറ്റ ഇന്ദിരാഗാന്ധി പൂർവ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജ്‌രിവാൾ ദൽഹിയിലും തിരിച്ചു വരും.

കുറഞ്ഞ ചെലവിൽ ദൽഹി ഭരിച്ച മനുഷ്യനെയാണ് അവർ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ചത്. പാവപ്പെട്ടവർക്ക് വെള്ളവും വെളിച്ചവും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും സൗജന്യമായി ഉറപ്പു വരുത്തിയ സർക്കാരിനെയാണ് ദൽഹിക്കാർ നിഷ്കരുണം വലിച്ചെറിഞ്ഞത്. കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

ദൽഹി ജനത അരവിന്ദ് കെജ്‌രിവാൾ എന്ന ഭരണകർത്താവിനോട് കാണിച്ച നന്ദികേടിന് മനമുരുകി പശ്ചാതപിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Once an elephant, Congress is now just a horse: K. T. Jalil

We use cookies to give you the best possible experience. Learn more