| Sunday, 18th September 2016, 11:30 am

ഓണത്തെ വാമനജയന്തിയാക്കി; ഗുരുവിനെ ഹിന്ദുസന്യാസിയും: ബി.ജെ.പി നിലപാടിനെതിരെ എന്‍.ഡി.എയില്‍ അഭിപ്രായ വ്യത്യാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓണം വാമന ജയന്തിയെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു പ്രതികരിച്ചു


തിരുവനന്തപുരം: ഓണം വാമനജയന്തിയാണെന്നും ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയുമാണെന്ന ബി.ജെ.പി നിലപാടിനെതിരെ എന്‍.ഡി.എയില്‍ അഭിപ്രായ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്.

സമത്വമുണ്ടായിരുന്നെന്ന് ഓര്‍മിപ്പിക്കുന്ന മഹാബലിയുടെ കാലത്തിനുവേണ്ടിയാണ് തങ്ങള്‍ നിലനില്‍ക്കുന്നതെന്ന് ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി കൂടിയായ ടി.വി. ബാബു പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഓണം വാമന ജയന്തിയെന്ന് ബി.ജെ.പിയിലെ എല്ലാ നേതാക്കളും പറഞ്ഞില്ല. ചിലര്‍ മാത്രമാണ് പറഞ്ഞത്. ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയെന്ന ബി.ജെ.പി സംസ്ഥാന സമിതിയുടെ ഫേസ്ബുക് പോസ്റ്റ് തങ്ങള്‍ തമ്മിലെ ആശയ സംഘര്‍ഷമാണ്.

പുലയരെ വിറ്റ ജന്മികളെക്കാള്‍ സ്വാതന്ത്ര്യം അവരെ വാങ്ങിയ പറങ്കികള്‍ നല്‍കിയിരുന്നു. ഭക്ഷണം കൂലിയായി നല്‍കിയാണ് പറങ്കികള്‍ ജോലി എടുപ്പിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓണം വാമന ജയന്തിയെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു പ്രതികരിച്ചു.

ഓണം ഉള്‍പ്പെടെയുള്ളവയില്‍ നിലവിലെ വിശ്വാസം അങ്ങനെതന്നെ നിലനില്‍ക്കണമെന്നാണ് തങ്ങളുടെ നിലപാട്. ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നനിലയിലാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം എസ്.എന്‍.ഡി.പി യോഗ നേതൃത്വവും ബി.ജെ.പിയെ പിന്തുണച്ചിട്ടില്ല. ഗുരുവിനെ ഹിന്ദു സന്യാസിയായി മാത്രം കാണുന്നതിനെതിരെ ശ്രീനാരായണ ധര്‍മ സംഘം പരസ്യമായി രംഗത്തുവന്നിരുന്നു.

ഏകലോക സിദ്ധാന്തത്തെയാണ് ശ്രീനാരായണ ഗുരു വിഭാവനം ചെയ്തതെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more