ചിങ്ങം പിറന്നു…ഓണമാകുന്നതോടെ മലയാളക്കരയാകെ സെറ്റ് സാരിയിൽ അഴക് തീർക്കുന്ന പെൺകൊടികളെക്കാണാം.ഓണ സ്പെഷ്യൽ സെറ്റ് സാരികളുമായി വിപണി തയാർ.
പുളിയിലക്കര മുതൽ എട്ടുവിരൽ വീതിയുള്ള കസവുമുണ്ടുകളോടൊപ്പം കരയും കസവും കലർന്ന മുണ്ടുകൾ ഇപ്പോഴുമുണ്ട്.സ്വർണ്ണക്കസവുകൾക്കൊപ്പം പെയിന്റിംഗും പ്രിന്റുമൊക്കെ വിപണിയിൽ ഇടം പിടിച്ചു കഴിഞ്ഞു.ഏറെനാളായി വിപണിയിൽ തരംഗം സൃഷ്ടിക്കുന്നത് “കലംകാരി’ ഡിസൈനുകളാണ്.അവ ഇത്തവണയും എത്തിയിട്ടുണ്ട്.സാധാരണ കരകൾക്കു പകരം സെറ്റിൽ കലംകാരി ഡിസൈനിലുള്ള തുണി തുന്നിച്ചേർത്തിരിക്കും.ഇവയ്ക്കൊപ്പം മാച്ചിങ് ബ്ലൗസ് പീസും ലഭ്യമാണ്. “ഇക്കത്’എന്ന പാച്ച് വർക്ക് മുണ്ടും സാരികളും മാച്ചിങ് ബ്ലൗസിനൊപ്പം കടകളിൽ ലഭ്യമാണ്.
സ്വർണ്ണക്കസവിനെക്കാൾ കൂടുതൽ ആവശ്യക്കാരുള്ളത്ത് വെള്ളിക്കസവ് തേടിയാണ്.സാരിയുടെ മുന്താണിയിൽ ശ്രീകൃഷ്ണൻ,ഗണപതി തുടങ്ങിയ രൂപങ്ങൾ പ്രിന്റ് ചെയ്തവയ്ക്കും ഡിമാന്റ് ഏറെയാണ്.ചില ഡിസൈനിംങ് ഷോപ്പുകളിൽ ഉപഭോക്താവിന് ഇഷ്ടമുള്ള ചിത്രം സെറ്റ് സാരിയിൽ വരച്ച് ലഭിക്കാനുള്ള സൗകര്യവുമുണ്ട്.മ്യൂറൽ പെയിന്റിങിനോടാണ് യുവതലമുറയ്ക്ക് കൂടുതൽ പ്രിയം.
നോർത്ത് ഇന്ത്യൻ വസ്ത്രങ്ങളായ ചോളി,ലാച്ച എന്നിവയോട് കിടപിടിയ്ക്കുന്ന തരത്തിലുള്ള സെറ്റ് മുണ്ടുകൊണ്ടുള്ള ചോളിയും ലാച്ചയും ലഭ്യമാണ്.ഏത് പ്രായക്കാർക്കും അവർക്ക് മനസിനും ശരീരത്തിനും ഇണങ്ങുന്ന തരത്തിൽ സെറ്റ് മുണ്ടിൽ ഡിസൈനിംഗിന്റെ മാന്ത്രികത തീർക്കുന്ന ധാരാളം ഡിസൈനർമാരും രംഗത്തെത്തിയിട്ടുണ്ട്.