രുചിക്കൊപ്പം ആരോഗ്യവും പ്രധാനം ചെയ്യുന്ന വിഭവമാണ് അവൽപ്പായസം.ധാരാളം ഫൈബർ അടങ്ങിയ അവൽ കഴിക്കുന്നതിലൂടെ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി ക്യാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് രക്ഷ നേടാം.ഇത്തവണ ഓണത്തിന് അവൽപ്പായസം തയാറാക്കാം.
ചേരുവകൾ
അവൽ -1 കപ്പ്
നെയ്യ് -2 ടേബിൾ സ്പൂണ്
ശർക്കര – 400 ഗ്രാം
തേങ്ങ ചിരകിയത് – ഒരെണ്ണം
ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂണ്
കശുവണ്ടിപ്പരിപ്പ് -ആവശ്യത്തിന്
ഉണക്കമുന്തിരി -ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ഒരു പാനിൽ ഒന്നര കപ്പ് വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് വെള്ളം ചൂടാകുമ്പോൾ ശർക്കര അതിലേക്കിട്ട് അലിയിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ചുവയ്ക്കുക. ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഓരോ കപ്പ് വീതം) വെവ്വേറെ പാത്രങ്ങളിലാക്കി വയ്ക്കുക. ഒരു വലിയ പാൻ അടുപ്പത്തു വച്ച് അതിൽ രണ്ട് ടേബിൾ സ്പൂണ് നെയ്യൊഴിച്ച് കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തു കോരി മാറ്റിവയ്ക്കുക. അതേ പാനിൽതന്നെ അവൽ ചേർത്ത് നെയ്യിൽ വറുക്കുക. വെളുത്ത അവലാണെങ്കിൽ അത് ചുവക്കുന്നതുവരെ വറുക്കുക. ഇതിലേക്ക് മൂന്നാം പാൽ ചേർത്ത് തിളപ്പിക്കുക. ഇത് തിളച്ച് വറ്റിവരുമ്പോൾ ശർക്കരപ്പാനി ചേർത്ത് തുടരെ ഇളക്കി നന്നായി വറ്റിച്ചെടുക്കണം. രണ്ടാം പാൽ ചേർത്ത് ഇളക്കി തീ അൽപം കുറച്ചുവച്ച് വേവിക്കുക. അതും വറ്റിവരുമ്പോൾ ഒന്നാംപാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറാം. അവൽ പായസം തയാർ.