|

ഗോള്‍ഡ് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെ; ഓണത്തിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്രാവശ്യത്തെ ഓണം തിയേറ്ററുകളില്‍ കളറാവും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഓണത്തിന് റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജിന്റെ ഗോള്‍ഡ് മുതല്‍ സിജു വില്‍സന്റെ പത്തൊന്‍പതാം നൂറ്റാണ്ടും ബിജു മേനോന്റെ ഒരു തെക്കന്‍തല്ല് കേസുമെല്ലാം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.

കൂട്ടത്തില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലെത്തുന്ന ഗോള്‍ഡാണ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു.

ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായെത്തുന്ന പാല്‍തു ജാന്‍വറും ഓണത്തിനെത്തും. നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

മൃഗ ഡോക്റ്ററായാണ് ബേസില്‍ സിനിമയില്‍ വേഷമിടുന്നത്. ബേസില്‍ ജോസഫിനോടൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ബിഗ് ബജറ്റ് വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടാണ് പ്രതീക്ഷയര്‍പ്പിക്കാവുന്ന മറ്റൊരു ഓണം റിലീസ് ചിത്രം. സിജു വില്‍സനാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വില്‍സന്‍ എത്തുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും സിനിമയെത്തുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തില്‍ ജാതി വ്യവസ്ഥയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളും സമരങ്ങളുമാണ് സിനിമയുടെ കഥ നടക്കുന്ന പശ്ചാത്തലം.

ജി.ആര്‍. ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ്’ എന്ന കഥയെ ആസ്പതമാക്കി നവാഗത സംവിധായകന്‍ ശ്രീജിത്ത് എന്‍. ഒരുക്കുന്ന ഒരു തെക്കന്‍ തല്ല് കേസ് സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്യും. കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ ആണ് സിനിമയുടെ തിരകഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോനാണ് സിനിമയിലെ കേന്ദ്രകഥാപാത്രമായ അമ്മിണി പിള്ളയെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോനെ കൂടാതെ പദ്മപ്രിയ, റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

Content Highlight: ONAM MOVIE RELEASES IN MALAYALAM