| Wednesday, 25th September 2013, 4:14 pm

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ 7 കോടിയുടെ കുറവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവന്തപുരം:കേരളത്തില്‍ മദ്യവില്‍പ്പന കൂടുന്ന കാലമാണ് ഓണക്കാലം. എന്നാല്‍ ഇത്തവണത്തെ ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തെക്കാളും 7 കോടിയുടെ കുറവുണ്ടായി.

അതായത് കഴിഞ്ഞ വര്‍ഷത്തെക്കാളും രണ്ട് ശതമാനം കുറവ്.  ഈ സാമ്പത്തിക വര്‍ഷത്തിലെ ആകെ മദ്യവില്‍പ്പനയിലും 5 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഉത്രാട ദിവസത്തെ മദ്യവില്‍പ്പനയില്‍ മാത്രം 9 ശതമാനം കുറവുണ്ടായി.

അത്തം മുതല്‍ അവിട്ടം വരെ 326 കോടി രൂപയുടെ മദ്യമാണ് ഇത്തവണ സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 333 കോടിയായിരുന്നു.

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷാപ്പുകള്‍ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ മാത്രമാണിത്. ബാറുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നില്ല.

കേരളീയര്‍ ഓരോ ദിവസവും കുടിച്ചു തീര്‍ക്കുന്നത് രണ്ട് ലക്ഷം ലിറ്റര്‍ മദ്യമാണ്. ഇതില്‍ ഒന്നരലക്ഷത്തിലധികം ലിറ്റര്‍ വിദേശമദ്യവും ബാക്കി ബിയറുമാണ്.

ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞു.കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ കോര്‍പ്പറേഷന്‍ വില്‍പ്പനയില്‍ 60 ലക്ഷം കുപ്പി കുറഞ്ഞതായാണ് കണക്ക്.

We use cookies to give you the best possible experience. Learn more