തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീഷണി വര്‍ധിച്ച പശ്ചാത്തലത്തില്‍ ഓണഘോഷങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.
കടകമ്പോളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകളില്‍ ആള്‍കൂട്ടം പാടില്ല. പ്രദര്‍ശനങ്ങളും മേളകളും അനുവദിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ഓണത്തിന് മുമ്പായി കലക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ അടിയന്തരയോഗം വിളിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. നേരത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
പൂക്കളമൊരുക്കാന്‍ അതാത് പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണമെന്നും പുറത്ത് നിന്ന് എത്തിക്കുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവില്‍ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
കൂടുതല്‍ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക