കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ മലയാളിക്ക് ഇന്ന് ഉത്രാടപാച്ചില്‍. നിയന്ത്രണങ്ങള്‍ക്കിടയിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ ഇന്ന് ജനങ്ങള്‍ കുറെശ്ശേ നിരത്തിലറങ്ങിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പരിമിതമായി മാത്രമേ കച്ചവട കേന്ദ്രങ്ങളില്‍ ആളുകള്‍ എത്തിയിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊതു സ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണ സദ്യയുടെയും മറ്റു പരിപാടികളുടെയും പേരില്‍ കൂട്ടം കൂടി നില്‍ക്കാനും അനുവദിക്കില്ല.
എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഒമ്പത് മണിവരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചു വേണം ഉള്ളില്‍ കയറ്റേണ്ടത്.
കടകളില്‍ പ്രവേശിക്കാന്‍ പറ്റുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഓണക്കാലത്ത്് ഒഴിവാക്കണം. ഒപ്പം കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം തുടരുമെന്നും ഡി.ജി.പി വ്യക്തമാക്കി.
മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിക്കുന്നതാണ് ഉചിതമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.