| Saturday, 25th August 2018, 8:52 am

കേരളത്തിന് ഇന്ന് അതിജീവനത്തിന്റെ തിരുവോണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളീയര്‍ക്ക് ഇന്ന് അതിജീവനത്തിന്റെ തിരുവോണം. പ്രളയം എല്ലാം തകര്‍ത്തെറിഞ്ഞ ജനങ്ങളുടെ അതിജീവനമാണ് ഈ വര്‍ഷത്തെ ഓണക്കാലം. പതിവ് ആഘോഷങ്ങളോടെയല്ല ഇക്കുറി കേരളം ഓണത്തെ വരവേറ്റത്.

പ്രളയവും മഴയും വരുത്തിയ കനത്ത നാശനഷ്ടങ്ങളാണ് ഓണത്തിന്റെ ആഘോഷങ്ങളെ മലയാളികളില്‍നിന്ന് അകറ്റിയത്. അതേസമയം കളികളും പാട്ടുകളുമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണത്തെ വരവേല്‍ക്കുകയാണ്. പല ക്യാമ്പുകളിലും പൂക്കളം തീര്‍ത്തു. ഓണസദ്യയും തയ്യാറാവുന്നുണ്ട്.

പല ക്യാമ്പുകളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉത്രാടം മുതലേ ഓണപ്പരിപാടികള്‍ നടക്കുന്നുണ്ട്. കേരളത്തിലെ വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, ആളുകള്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് കരുതി വെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്.

വിവിധഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് ഓണവിപണികളും സജീവമായിരുന്നില്ല. അതേസമയം, പ്രളയബാധിതര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവണം ഇത്തവണത്തെ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മലയാളികള്‍ ഒന്നിച്ചുനിന്നാണ് ദുരന്തം നേരിടുന്നത്. കഷ്ടപ്പാടുകളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ഈ ഒരുമ ലോകത്തിനു മറ്റൊരു മാത്രുകയാവനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലേയ്ക്ക് ആളുകള്‍ തിരിച്ചുപോകുന്നുണ്ടെങ്കിലും ഇനിയും എട്ടര ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.

We use cookies to give you the best possible experience. Learn more