| Saturday, 21st September 2019, 10:18 am

ഓണം ബമ്പര്‍ ഒരുമിച്ചടിച്ചു, പക്ഷേ തുക ആറ് പേര്‍ക്ക് പങ്കിടാന്‍ സാധിക്കില്ല; ബദല്‍ മാര്‍ഗം കണ്ടെത്തി ഭാഗ്യക്കുറി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഇക്കുറി ഓണം ബമ്പര്‍ ഒരുമിച്ചടിച്ചത് ആറു ഭാഗ്യവാന്‍മാര്‍ക്കാണ്. അതും കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് അടിച്ചത്. എന്നാല്‍ സമ്മാനത്തുക കൈപറ്റാന്‍ ഒരുമിച്ചാവില്ലെന്നതാണ് നടപടിക്രമം. സമ്മാനത്തുകയായ 12 കോടി രൂപ ആറു പേര്‍ക്ക് വീതിച്ച് നല്‍കാനാണ് ഭാഗ്യക്കുറി വകുപ്പില്‍ തടസ്സം നേരിടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുക എല്ലാവര്‍ക്കും നല്‍കുന്നതിന് നടപടിക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഭാഗ്യക്കുറി വകുപ്പ്. മുന്‍പ് രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണ് ഭാഗ്യക്കുറി വകുപ്പിന്റെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നിരിക്കുന്നത്.

ആറു പേരുടെയും അക്കൗണ്ടിലേക്ക് തുക കൈമാറാന്‍ ലോട്ടറി വകുപ്പിനാവില്ല. അതിനാല്‍ ആറുപേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കേണ്ടി വരും.

ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി.ജെ റോണിയെയാണ് പണം കൈപറ്റാനായി സംഘം ഏല്‍പ്പിച്ചിട്ടുള്ളത്. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം എല്ലാവരും തുല്ല്യമായി വീതിച്ചെടുക്കാനാണ് തീരുമാനം.

ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ തന്നെയാണ് റോണിക്ക് അക്കൗണ്ടുള്ളത്. അതിനാല്‍ ഇപ്പോഴെടുത്ത തീരുമാനം എളുപ്പമാവുകയും ചെയ്തു.

ആദ്യമായാണ് ലോട്ടറി വകുപ്പിന്റെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നത്. എന്നാല്‍ തുക വീതിച്ചു നല്‍കേണ്ട കാര്യങ്ങളും മറ്റും വിജയികള്‍ തന്നെയാണ് ഏറ്റെടുക്കേണ്ടത്. ഈ കാര്യങ്ങളില്‍ വകുപ്പിന് ഇടപെടാന്‍ ആവില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more