നുണപ്രചരണത്തിന്റെ ഭാഗമാകുന്ന ശശി തരൂര്‍ ആരുടെ പക്ഷത്ത്?
Notification
നുണപ്രചരണത്തിന്റെ ഭാഗമാകുന്ന ശശി തരൂര്‍ ആരുടെ പക്ഷത്ത്?
പ്രമോദ് പുഴങ്കര
Wednesday, 27th January 2021, 9:25 am

ജനകീയ സമരങ്ങള്‍ പോരാളികളെ മാത്രമല്ല വഞ്ചകരേയും വെളിപ്പെടുത്തുന്നു എന്നതാണ് ചരിത്രപാഠം. കര്‍ഷക സമരവും അത് തെറ്റിക്കുന്നില്ല. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മാസങ്ങളായി നടക്കുന്ന കര്‍ഷക സമരം കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പ്രവേശിക്കുകയും ചെങ്കോട്ടയില്‍ സമര പതാക ഉയര്‍ത്തുകയും ചെയ്തതിനോട് ശശി തരൂരിന്റെ പ്രതികരണം അതാണ് വെളിപ്പെടുത്തുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയെ അപമാനിച്ചു എന്നതാണ് തരൂരിന്റെ സങ്കടം. അതാകട്ടെ നുണ പ്രചാരണവും. കര്‍ഷകരും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബഹുജനങ്ങളും ഭരണകൂടത്തിന്റെ എല്ലാവിധ അടിച്ചമര്‍ത്തലുകളെയും നേരിട്ടുകൊണ്ട് ഈ റിപ്പബ്ലിക്കിനെ, അതിന്റെ ജനാധിപത്യ കാതലിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍, നിയമലംഘനത്തെക്കുറിച്ചുള്ള ആകുലതയാണ് തരൂരിന് മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങള്‍ക്കും.

ബൂര്‍ഷ്വാസിയുടെ ഒരു വിഭാഗത്തിന്റെ ഐക്യദാര്‍ഢ്യം ജനങ്ങള്‍ തങ്ങളുടെ വര്‍ഗ്ഗബോധം ആര്‍ജിക്കുന്ന ഘട്ടമെത്തുമ്പോള്‍ അലിഞ്ഞുതീരുമെന്നും ഒരു മടിയുമില്ലാതെ അവര്‍ തങ്ങളുടെ അതേ വര്‍ഗ്ഗതാത്പര്യങ്ങളുള്ള ഭരണകൂടത്തിനൊപ്പം കൂട്ടുചേരുമെന്നുമുള്ളത് ഒരു പുത്തന്‍ കാര്യമല്ല.

ശശി തരൂരിന്റെ ട്വീറ്റ്‌

തിരംഗയെക്കുറിച്ചുള്ള തരൂരിന്റെ ഗദ്ഗദം അതുമാത്രമാണ് കാണിക്കുന്നത്. ബഹുസ്വരതയുടെ പ്രതീകമാകേണ്ട ഇന്ത്യന്‍ ഭരണ സംവിധാനത്തെ മതവര്‍ഗീയ അജണ്ടയില്‍ കുളിപ്പിച്ചെടുക്കുമ്പോള്‍, ബാബരി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വ വര്‍ഗീയതയുടെ ഭീകരവാദികള്‍ അവിടെ രാമക്ഷേത്രം പണിയാന്‍ ശിലാന്യാസം നടത്തിയപ്പോള്‍ തങ്ങളെ ക്ഷണിച്ചില്ലെന്ന് വിലപിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എം.പിക്ക് ഈ തിരംഗ പ്രേമം ഇന്ന് വന്നില്ലെങ്കിലേ അത്ഭുതമുള്ളു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ ദല്‍ഹിയില്‍ നടത്തിയ വര്‍ഗീയ കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അത്തരത്തിലൊരു ആക്രമണം നടത്താനുള്ള സാദ്ധ്യതകള്‍ ഇപ്പോള്‍ ലഭിക്കാത്തതുകൊണ്ടാണ് സമരക്കാരുടെ അക്രമം എന്ന നുണപ്രചാരണത്തിനു സര്‍ക്കാര്‍ മുതിരുന്നത്.

ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് തടവിലാക്കപ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത അനേകം മനുഷ്യരുടെ നാടാണ് ഇന്ത്യ. അതേ ഇന്ത്യയില്‍ ത്രിവര്‍ണ പതാകയുടെ മറവില്‍ ജനകീയ കര്‍ഷക സമരത്തെ അക്രമം എന്ന് മുദ്ര കുത്തുന്ന അഹിംസാ പാര്‍ട്ടിയുടെ തട്ടിപ്പ് ജനങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളു.

റിപ്പബ്ലിക് ടി.വി അടക്കമുള്ള സംഘപരിവാര്‍ ജിഹ്വകള്‍ ഇന്ന് നല്‍കിയ ചര്‍ച്ച തലക്കെട്ട് തിരംഗയുടെ മാഹാത്മ്യമാണ്. ശശി തരൂരിനും അതേ ആശങ്കയുണ്ടായതില്‍ വര്‍ണ്യത്തിലാശങ്ക പോലും വേണ്ടതില്ലാത്ത വിധത്തില്‍ കാര്യം വ്യക്തമാണ്. അടിമുടി ഹിംസാത്മകമായ ഒരു ഭരണകൂടം എതിര്‍വശത്ത് നില്‍ക്കുമ്പോള്‍ സ്വന്തം രാജ്യത്ത് ഒരു പ്രതിഷേധ പ്രകടനം നടത്തിയാല്‍ വെടിവെപ്പും മര്‍ദനവും നേരിടേണ്ടിവരുന്ന ഒരവസ്ഥയില്‍ ചെങ്കോട്ടയില്‍ സമരപതാക ഉയര്‍ത്തുന്നതിനേക്കാള്‍ സമാധാനപരമായ പ്രതിഷേധമെന്തുണ്ട്?

നിരന്തരമായ അക്രമത്തിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന ഈ ഫാഷിസ്റ്റ് ഭരണകൂടം ഒരു പകല്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ തീക്ഷ്ണമായ ചെറുത്തുനില്‍പ്പിനെ അക്രമമെന്നു വിശേഷിപ്പിച്ചു സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു കൂട്ടുനില്‍ക്കുന്ന തരൂരിനെപ്പോലുള്ള അഞ്ചാംപത്തികളെ തിരിച്ചറിയണം. ചെങ്കോട്ടയില്‍ നിന്നും പാര്‍ലമെന്റിലേക്കുള്ള ദൂരം എത്രയോ ചെറുതാണെന്ന ഭയം മോദിക്കുണ്ടാകും, അത് പങ്കിടുന്ന തരൂരിനെപ്പോലുള്ളവരുടെ വര്‍ഗ താത്പര്യം ഒന്നുതന്നെയാണ്. ജനങ്ങളുടെ കലാപം വര്‍ഗസമരത്തിന്റെ വിരുദ്ധപക്ഷങ്ങളെ തുറന്നുകാട്ടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: On whose side is Shashi Tharoor being a part of propaganda

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍